ഉമ്മാന്‍റെ കോന്തലയില്‍ തൂങ്ങി നടന്നിരുന്ന കാലത്ത് , ഒരു ദിവസം തൊട്ടടുത്ത വീട്ടിലെ പ്രായം ചെന്ന സ്ത്രീ വന്നു സംസാരിച്ചത് ഇന്നും ഓര്‍മ്മയില്‍ മാറാല കെട്ടാതെ കിടക്കുന്നു....ഒരു കത്ത് പാട്ടും അതിലെ വികാരനിര്‍ഭരമായ വരികള്‍ അവരെ കരയിപ്പിച്ചതുമായിരുന്നു വിഷയം.
ജമീലിനെ പരിചയപ്പെടുന്നത് നല്ല മഴയുള്ള ഒരു ദിവസമായിരുന്നു.ഉച്ച കഴിഞ്ഞു ചന്തക്കുന്നിലുള്ള അദേഹത്തിന്‍റെ വീട്ടില്‍ എത്തി.വന്ന ഉദ്ദേശം അറിയിച്ചു.ഒരു നിറഞ്ഞ ചിരിയോടെ അകത്തേക്ക് ക്ഷണിച്ചു.വീട്ടുകാര്‍ ബന്ധു വീട്ടില്‍ പോയതിനാല്‍ ജമീല്‍ തനിച്ചായിരുന്നു അവിടെ.
പൂമുഖത്തെ തിണ്ണയില്‍ ഹാര്‍മോണിയവുമായി ജമീല്‍ ഇരുന്നു.ഞാന്‍ കസേരയിലും.തലയ്ക്കു മഹൂദിന്‍റെ ഗസലും,ഗസലിന് തുണയായി മഴയും.എത്ര നല്ല നിമിഷങ്ങളായിരുന്നു അത്....
സ്വാതന്ത്ര്യ സമര സേനാനിയും, അലോപ്പതി ഡോക്ടറും,ഗായകനും,ചിന്തകനുമായ മൗലാനാ സയ്യിദ് മുഹമ്മദ് ജലാലുദീന്‍ ശത്താരിയുടെ ആറു മക്കളില്‍ മൂന്നാമനായിരുന്നു എസ് എ ജമീല്‍.തഞ്ചാവൂര്‍ക്കാരിയായ ആയിഷാ ബീവിയാണ് ഉമ്മ.ജന്മനാ തന്നെ ഒരു പാട് കഴിവുകള്‍ കിട്ടിയിരുന്നു ജമീലിന്.വീട്ടിലെ ചവിട്ടു ഹാര്‍മോണിയത്തില്‍ നിന്നും ഉപ്പാന്‍റെ ഗസലും ഖവാലിയും പാടിപഠിച്ചു.പിന്നീട് സ്വന്തമായി ഒരു രീതി തന്നെ ജമീല്‍ നെയ്തെടുത്തു എന്ന് പറയുന്നതാവും കൂടുതല്‍ ശരി.
ഡോക്ടര്‍ ഉസ്മാന്‍, ഇ.കെ അയമു എന്നിവരുടെ സൗഹൃദം നാടകത്തിലും സിനിമയിലും എത്തിച്ചു. ‘ഇജ്ജ് നല്ലൊരു മന്സനാകാന്‍ നോക്ക് ‘ എന്നതായിരുന്നു ആദ്യത്തെ നാടകം. ലൈലാ മജ്നു, പുതിയ ആകാശം പുതിയ ഭൂമി, മുടിയനായ പുത്രന്‍ എന്നിവയില്‍ പാടി. ലൈലാ മജ്നു എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. പ്രാഥമിക വിദ്യാഭ്യാസവും,ജീവിതാനുഭവങ്ങളും, വായനയും മാത്രമായിരുന്നു കൈമുതല്‍.
ഉറുദു,ഇംഗ്ലീഷ്,അറബി,ഹിന്ദി എന്നീ ഭാഷകള്‍ അറിയുന്നതിനാല്‍ ഗാനങ്ങള്‍ എഴുതാന്‍ എളുപ്പം കഴിഞ്ഞിരുന്നു.എന്നാല്‍ ഒരിക്കലും മറ്റുള്ളവര്‍ക്ക് വേണ്ടി എഴുതി പണം വാങ്ങിയിരുന്നില്ല.ഏറ്റവും ഇഷ്ടമുള്ള ഗായകന്‍ തലത്ത് മഹ്മൂദ്’ തന്നെയായിരുന്നു.
അദേഹത്തിന്‍റെ ഗാനങ്ങളില്‍ എല്ലാ ഭാവങ്ങളും ഉള്ളതോടൊപ്പം സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ ലളിതവുമായിരുന്നു.മറ്റുള്ളവരില്‍ നിന്നും വേറിട്ട് ചിന്തിച്ചിരുന്ന ജമീല്‍ തീര്‍ത്തും ഒരു മനുഷ്യ സ്നേഹി കൂടിയായിരുന്നു. പരന്ന വായനയും ആഴത്തിലുള്ള ചിന്തയും ആ രചനകളില്‍ തെളിഞ്ഞു കാണാം.
“ഈ ദുനിയാവെന്ന മസ്ജിദില്‍ ഇന്നിതാ.....
ഈദ് നമസ്കാരം തുടങ്ങീ............
..............................................
പലകോടി മരങ്ങളും മലകളും മൗനമായ്.......
സ്വഫ് സ്വഫ്ഫായ് നിന്നു നമസ്കരിച്ചു.....
എന്ന വരികളില്‍ അമൂര്‍ത്തമായ പരാഗപ്രവേശം(PERSONIFICATION) പ്രതിഫലിക്കുന്നുണ്ട്.
മതത്തിന്‍റെ പേരില്‍ ചൂഷണത്തിന് വിധേയമാകുകയും, അന്ധവിശ്വാസത്തിന്‍റെ ചങ്ങലകളില്‍ കുടുങ്ങിപ്പോവുകയും ചെയ്ത ഒരു സമൂഹത്തിന്‍റെ നേര്‍ക്കുള്ള തുറക്കുന്ന ഒരു ചോദ്യമാണ്...
“നിങ്ങള്‍ക്കൊരല്ലാഹു പോരേ....
നിങ്ങള്‍ക്കൊരല്ലാഹു മാത്രമതു പോരേ?.........”
ഏകദൈവ വിശ്വാസ (തൗഹീദ്) ത്തെ വാഴ്ത്തുന്ന കവി
“നാഥാ നിന്‍ കാരുണ്യം നദികളായ് തീരുന്നു.
നാടു നീളെ വൃക്ഷലദാദികളായ് തീരുന്നു.
മണ്ണായ ഞാന്‍ മണ്ണില്‍ മനുഷ്യനായ് പിറക്കുമ്പോള്‍..
മാതാവിന്‍ മാറിലമ്മിഞ്ഞ പാലായ് ചുരത്തുന്നു..
നാഥാ............ജഗന്നാഥാ..........”
എന്നാ ഗാനം കേള്‍ക്കുമ്പോള്‍ സര്‍വ്വവും ദൈവത്തില്‍ സമര്‍പ്പിച്ച്, ഈമാനും (വിശ്വാസം) ശുദ്ധ സംഗീതവും ഒരു മാലയില്‍ കോര്‍ത്ത് ആസ്വാദകര്‍ക്ക് നല്‍കുന്ന ജമീലിനെയാണ് നമ്മള്‍ കാണുന്നത്. ഒരു യാഥാസ്ഥിതിക ചുറ്റുപാടില്‍ നിന്നും വന്ന്, മലപ്പുറം ജില്ലയുടെ അറ്റത്തു നിന്നും തിരി തെളിയിച്ച്, സ്വപ്രയത്നം കൊണ്ട് മാത്രമാണ് ഗാനരചയിതാവ്, ഗായകന്‍, ചിത്രകാരന്‍, നടന്‍, പ്രാസംഗികന്‍, സൈക്കോ തെറാപ്പിസ്റ്റ് എന്നീ കഴിവുകള്‍ ഉണ്ടാക്കിയെടുക്കാനായത്.
ഗവര്‍മെന്‍റ് 2003’- ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് നല്‍കി ആദരിച്ചു.
ജമീല്‍ എന്നോട് തുടര്‍ന്നു.........
സുഹൃത്തായ എം പി അബ്ദുല്‍ വഹാബിന്‍റെ ക്ഷണം സ്വീകരിച്ചാണ് അബൂദാബി പ്രോഗ്രാമിനായ് കപ്പല്‍ കയറുന്നത്. എന്തെങ്കിലും ഒരു പ്രത്യേകത പ്രേക്ഷകര്‍ക്ക് നല്‍കണം എന്ന വിചാരം ഉണ്ടായിരുന്നു ഉള്ളില്‍.ആ സമയത്താണ് ഭാവന വന്നത്!!. ഏറനാട്ടിലെ സാധാരണക്കാരില്‍ സാധാരണക്കാരിയായ പെണ്‍കുട്ടി, ഒരു കുട്ടിയുള്ള അവളുടെ എല്ലാ വികാരങ്ങളും സ്വപ്നങ്ങളും ചേര്‍ത്ത് എഴുതി, “ഏഴാം കടലിന്നക്കരെയുള്ള മാരന്........” ഒരു ദുബായ് കത്ത് രൂപത്തില്‍.........ഭര്‍ത്താവിന്‍റെ സാമീപ്യം കൊതിച്ച് ഉരുകിത്തീരുന്ന അവളുടെ വരികള്‍ ഇന്നും ഏതു ഗള്‍ഫുകാരന്‍റെയും ഉള്ളില്‍ തീ കോരിയിടുന്നു, അണയാത്ത തീ...........
ഇരട്ടക്കുഴല്‍ തോക്കില്‍ നിന്നും ഉയര്‍ന്ന വെടിയുണ്ട അവന്‍റെ നെഞ്ചു പിളര്‍ത്തിയാലും അവന്‍ ആ പാട്ട് ഇഷ്ടപ്പെട്ടു, നെഞ്ചിലേറ്റി. അച്ചടിച്ച പുസ്തകങ്ങളേക്കാളും പ്രതി,വിറ്റ കാസറ്റിനെക്കാളും ആസ്വാദകരെ സൃഷ്ടിച്ചു......നീറ്റലോടെ......പാട്ട് ഇറങ്ങിക്കഴിഞ്ഞപ്പോള്‍ അതിന്‍റെ മറുപടിക്കായ് ആളുകള്‍ അന്വേഷിക്കാന്‍ തുടങ്ങി.......നിര്‍ബന്ധിച്ചു......മറ്റൊരു കത്തു പാട്ടും കൂടി ജന്മമെടുത്തു. കത്തിനു മറുപടി......ആദ്യത്തെ കത്തിന്‍റെ പിറവി കപ്പലില്‍ ആയിരുന്നുവെങ്കില്‍, മറുപടി സ്വന്തം വീട്ടില്‍ ഇരുന്നാണ് ജമീല്‍ പടച്ചത്.
കത്തു പാട്ടുകള്‍ പലരും എഴുതി...പാടി, എന്നാല്‍ എസ്.എ ജമീലിന്‍റെ ദുബായ് കത്ത് ജീവനോടെ നമ്മുടെ ഇടയില്‍ കരുത്തോടെ നിലനില്‍ക്കുന്നു.
കഴിഞ്ഞ വര്‍ഷം ജമീലിന്‍റെ സഹോദരന്‍ ഷാജി ജിദ്ദയില്‍ മകളെ സന്ദര്‍ശിച്ചപ്പോള്‍ ജിദ്ദ മലയാളികള്‍ ഒരു സ്വീകരണം നല്‍കി. ആ സ്വീകരണത്തില്‍ അധികവും ആളുകള്‍ ആവശ്യപ്പെട്ടത് കത്ത് പാട്ടായിരുന്നു.അടുത്ത വര്‍ഷം ഇക്കാക്കയുമായി ട്രൂപ്പിന്‍റെ കൂടെ വന്ന് ഒരു പരിപാടി നടത്താം എന്ന് ഷാജി ഞങ്ങള്‍ക്ക് വാക്ക് തന്നിരുന്നു. മലബാറിന്‍റെ, നിലമ്പൂരിന്‍റെ ശബ്ദവും ചിന്തയും വിശ്വത്തോളം എത്തിച്ച എസ്.എ ജമീലിന്‍റെ വരവിനായ് ഞങ്ങള്‍ കാത്തിരുന്നു.
പ്രിയപ്പെട്ട ജമീല്‍,,,,, നിങ്ങള്‍ ദേഹം കൊണ്ടേ ഞങ്ങളില്‍ നിന്നും അകന്നിട്ടുള്ളൂ......അങ്ങയുടെ ഓര്‍മ്മകളും ഗാനങ്ങളും ഇവിടെ അമരത്വമായ് നിലനില്‍ക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ