കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഏപ്രിൽ 18, തിങ്കളാഴ്‌ച

മീശ വടിച്ചാല്‍?

കോഴിക്കോട്ട്‌ പോയാല്‍ കുറച്ചു ഹലുവ വാങ്ങല്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ്.
സാധനങ്ങള്‍ വാങ്ങി പാളയം ബസ്‌സ്റ്റാന്‍ഡില്‍ എന്‍റെ ബസ്സിന്‍റെ ഊഴവും കാത്തു നില്‍ക്കുന്നു ഈയുള്ളവന്‍.
ഒരു കിളവന്‍ കാക്ക വന്നു വയനാട്ടില്‍ ചെന്ന് വില പറയാൻ വേണ്ടി കുരുമുളക് വള്ളിയിലേക്ക് നോക്കുന്ന പോലെ എന്നെ അടി മുതൽ മുടി വരെ ഒന്ന്  നോക്കി.......പിന്നെ അടുത്ത് വന്നു ചോദിച്ചു...
“പാളയത്ത് എനിക്കൊരു റൂമുണ്ട്.വിശ്രമിച്ചു പോയാല്‍ പോരെ?”
എനിക്ക് ഉള്ളില്‍ ചിരി വന്നു.
ജോസ്‌ പ്രകാശിന്‍റെയും,ബാലന്‍ കെ നായരുടെയും പോലെയുള്ള  ഒരു വില്ലന്‍ നോട്ടം നോക്കിയപ്പോള്‍ അയാള്‍ ആള്‍ക്കൂട്ടത്തില്‍ മുങ്ങി...
പിന്നെ ഞാന്‍ മീശ വടിക്കാറേ  ഇല്ല.പ്രത്യേകിച്ചും കോഴിക്കോട്ട് പോകുമ്പോൾ...

2011 ഏപ്രിൽ 13, ബുധനാഴ്‌ച

മാഹിക്കാരി..

കോഴിക്കോട് ടൌൺ, നരച്ച ഒരു പകൽ ഉച്ചയോടടുക്കുന്നു..,സൂര്യദേവനെ
യ്യുന്ന അസ്ത്രങ്ങൾ റോഡിൽ വീണു തിളച്ച് തുടങ്ങി,ചൂട് ശക്തി പ്രാപിക്കുകയാണു..ഞാൻ തൊട്ടടുത്ത് കണ്ട ഒരു ബുക്ക് സ്റ്റാളിലേക്ക് കയറി..,എണ്ണിച്ചുട്ട അപ്പങ്ങൾ കണക്കെ ആഴ്ചയിലൊരിക്കൽ വീണു കിട്ടുന്ന അവധി ആഘോഷിക്കാൻ ഇത്തിരി പുസ്തകങ്ങൾ കൂട്ടിനായി കരുതുക എന്നത് ഇപ്പോൾ ഒരു പതിവായിരിക്കുന്നു..,  വിശപ്പാണെങ്കിലോ ഒരു ആനയെകിട്ടിയാൽ ഇപ്പോൾ തന്നെ അകത്താക്കും എന്ന രീതിയിലും, ഇതും  കൂടി കഴിഞ്ഞിട്ടാകാം എന്ന് കരുതി തിരക്കിട്ട് ഞാൻ പുസ്തകങ്ങൾ ചികയുകയാണ്..

അപ്പോഴാണു  ഞാനത് ശ്രദ്ധിച്ചത്.., ഒരു പുള്ളിക്കുടയും  ചൂടി മഞ്ഞയും റോസും കലർന്ന മിഡിയും ടോപ്പും ധരിച്ച് ഒരു വിദേശ വനിത ബുക്ക് സ്റ്റാളിലേക്ക് കടന്ന് വരുന്നു..,അവർ മറ്റാരെയും ശ്രദ്ധിക്കാതെ എന്റെ അടുത്ത് കൂടേ കടന്ന് പോയി കുറച്ചപ്പുറത്ത് നിന്ന് ഏതൊക്കെയോ പുസ്തകങ്ങൾ സാവധാനം തിരയുകയാണ്.., എനിക്കെന്തോ ഒരു കൌതുകം തോന്നി, ഞാൻ അവരെയൊന്നാകെയൊന്ന് വീക്ഷിച്ചു.,ഏകദേശം എഴുപതിനോടടുത്ത പ്രായം.., ഗോതമ്പുമണിയുടെ നിറം, മുഖത്തെ ചുളിവുകൾ തെളിഞ്ഞാലും ഒരു കുലീനതയുണ്ട്, ചെറുതായി ചായം തേച്ച് പിടിപ്പിച്ച ചുണ്ടുകൾ..,മെലിഞ്ഞ ശരീരം .,  ഇടയ്ക്കെപ്പോഴോ ഞങ്ങളുടേ കണ്ണുകൾ തമ്മിലുടക്കി, അവർ എന്നെ നോക്കി പുഞ്ചിരിച്ചു., ഹ്രദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള ഒരു പുഞ്ചിരി ഞാനും അവർക്ക് സമ്മാനിച്ചു..

.,ആ പുഞ്ചിരി പിന്നീട് ഒരു പരിചയപ്പെടലിലേക്ക് വഴി മാറി.,ആൻ  അതാണവരുടേ പേര്.,അവർക്ക് എഴുപത് വയസ്സായെന്ന് പറഞ്ഞപ്പോൾ സത്യത്തിൽ ഞാൻ അമ്പരന്നു.., ഈ എഴുപതിലും ഇത്ര സുന്ദരിയായ ഇവർ നല്ല പ്രായത്തിൽ എത്ര പേരുടെ മനം കവർന്നിട്ടുണ്ടാവും..,ഞാൻ മനസ്സിൽ ചോദിച്ചു.,

മദാമ്മ കൈ പിടിച്ച് കുലുക്കിയപ്പോൾ അവരുടേ ആരോഗ്യം ഞാൻ അളന്നു..,കുശല സംഭാഷണങ്ങൾക്ക് ശേഷം ഞാൻ ഒന്ന് രണ്ട് പുസ്തകങ്ങൾ സെലക്റ്റ് ചെയ്ത് പണമടക്കാൻ  കൌണ്ടറിലേക്ക് പോയി.., അവരും  ഏതോ ഒരു ഇംഗ്ലീഷ് വാരികയും  കയ്യിൽ പിടിച്ച് കൌണ്ടറിലെത്തി.., പണം ഞാൻ കൊടുത്തോളാം എന്ന് പറഞ്ഞപ്പോൾ ഒരു പുഞ്ചിരിയോടേ അവർ അത് നിരസിച്ചു..,
ഞങ്ങൾ ഒന്നിച്ച് പുറത്തിറങ്ങി.,
വിരോധമില്ലെങ്കിൽ നമുക്ക് ഇത്തിരി നേരം സംസാരിച്ച് കൊണ്ടിരിക്കാം..എന്റെ ഓഫർ അവരെ അത്ഭുതപ്പെടുത്തി.എന്ന് അവരുടെ മുഖഭാവത്തിൽ  നിന്നും എനിക്ക് മനസ്സിലായി .തിരക്ക് പിടിച്ച ഈ നഗരത്തിൽ പരസ്പരം ഒന്ന് ഉരിയാടാനോ എന്തിനധികം ഒന്ന് ചിരിക്കാനോ കഴിയാതെ ഒഴുക്കിനൊപ്പം ഒഴുകി ഒഴുകി എവിടെങ്ങെളിലെക്കെയൊ എത്തിച്ചേർന്ന് അടിഞ്ഞ് കൂടുന്ന എത്രയോ അപരിചിത മുഖങ്ങൾക്കിടയിൽ എന്നിലെന്തെങ്കിലും പ്രത്യേകത അവർക്ക് തോന്നിക്കാണണം... എന്റെ ക്ഷണം അവർ സന്തോഷത്തോടേ സ്വീകരിച്ചു, ഒരു പക്ഷേ ഞാൻ അങ്ങനെയൊന്ന് ചോദിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചിരിക്കുകയായിരുന്നോ ...അവർ .. നടന്ന് നടന്ന് ഞങ്ങൾ മാനാഞ്ചിറയിലെത്തി..,അവിടെ ഒരു ചാഞ്ഞ മരത്തിന്റെ തണലിൽ കൈവരി ഒരു വശം പൊട്ടിപ്പോയ ഒരു ചാരു ബഞ്ചിൽ ഞങ്ങൾ ഇരുന്നു..

ഒരു പാട് കാലം മുമ്പ് നഷ്ടപ്പെട്ട ഒരു സുഹ്രത്തിനെ തിരിച്ച് കിട്ടിയ സന്തോഷത്തോടെ യെന്നവണ്ണം അവർ വാതോരാതെ സംസാരിക്കുന്നുണ്ട്,. .ഫ്രഞ്ച് കലർന്ന ഇംഗ്ലീഷ് കേൾക്കാൻ നല്ല ഇമ്പം, .മാഹിയിൽ നിന്നാണവർ വരുന്നത്,   കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് വില്ല്യം ഡിസൂസ അവരെ തനിച്ചാക്കി  മറ്റൊരു ലോകത്തേക്ക് പറന്ന് പോയി, പ്രിയന്റെ ശവകുടീരത്തിനരികെ തന്നെ   അന്തിയുറങ്ങണമെന്ന ആശയിൽ ജന്മ നാടിനെ ഉപേക്ഷിച്ച് അവർ ഇന്ത്യയിൽ തങ്ങുന്നു..
മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ മരണം കാത്ത് കിടക്കുന്നു
, മക്കൾ ഇല്ല..,ആകെ ഉള്ളത് ഒരു പട്ടിയും പൂച്ചയും മാത്രം..., ഫ്രഞ്ച് പൌരത്വം ഉള്ളതിനാൽ മാസാമാസം മുടങ്ങാതെ പെൻഷൻ കിട്ടുന്നുണ്ട്,.
എല്ലാമാസവും  പെൻഷൻ കിട്ടുന്നതിനു പിറ്റേ ദിവസം കോഴിക്കോട് വരും ..ഒന്നും വാങ്ങിയില്ലെങ്കിലും മിഠായിത്തെരുവിലെ ഓരോ കടയും കയറിയിറങ്ങും .,
മിഠായിത്തെരുവിനു ജീവനുണ്ട്  എന്നാണവരുടെ ഭാഷ്യം....ആ ജീവനെ തൊട്ടറിഞ്ഞ് മനസ്സിലേക്കാവാഹിക്കാൻ  ഇതിലൂടെ അവർ നടക്കുന്നു..ഏറേ നേരം..
പരസ്പരം സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല,
അവർ എന്നെ ലഞ്ചിനു ക്ഷണിച്ചു.., ബോംബെ ഹോട്ടലിൽ, ഇതിനിടക്കെപ്പോഴോ വിശപ്പ് ഞാൻ മറന്നിരുന്നു..,എങ്കിലും സ്നേഹത്തോടെയുള്ള അവരുടെ ക്ഷണം എനിക്ക് നിരസിക്കാനായില്ല..,ചൂടുള്ള  ഓരോ മട്ടൻ ബിരിയാണി. പിന്നെ കടുപ്പത്തിലൊരു സുലൈമാനിയും..,
അത് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ “ എന്നാൽ നമുക്ക് പിരിയാം.പിന്നീട് എവിടെ വെച്ചെങ്കിലും കാണാം...എന്ന് പറയാൻ വേണ്ടി ഞാൻ തുനിഞ്ഞതാണു., പക്ഷേ വാക്കുകൾ തൊണ്ടയിലെവിടെയോ തടഞ്ഞത് പോലെ..,
തിരക്കില്ലെങ്കിൽ നമുക്ക് അല്പനേരം കടൽത്തീരത്ത് പോയി ഇരിക്കാം...അവർ എന്നോട് ചോദിച്ചു., ഞാൻ എതിരൊന്നും പറഞ്ഞില്ല ,ഇത്രയും നേരത്തെ സംസാരത്തിനിടക്ക് എനിക്ക് അവർ ആരൊക്കെയോ ആയി മാറിയിരുന്നു.., അവർ ഒരു ഓട്ടോക്ക് കൈ കാണിച്ചു., പരസ്പർം ഒന്നും ഉരിയാടാതെ ഏതാനും മിനുട്ടുകൾ, വിശാലമായ ബീച്ചിനു ഓരം പറ്റി ഓട്ടോ നിന്നു, ഞങ്ങൾ പുറത്തിറങ്ങി.,
കുഴഞ്ഞ് കിടക്കുന്ന മണൽത്തരികൾ ചവിട്ടിയമർത്തി നടകുന്നതിനിടയിൽ അവർ വീണ്ടും സംസാരിക്കാൻ തുടങ്ങി.,
ആംഗലേയ ഭാഷയിലെ മുടിചൂടാമന്നന്മാരെപ്പറ്റിയാണു സംസാരം..ഞാൻ നല്ലൊരു കേൾവിക്കാരനായി.., ചിലപ്പോൾ പതിഞ്ഞും മറ്റ് ചിലപ്പോൾ ആർത്തട്ടഹസിച്ചും വരുന്ന തിരമാലകളെപ്പോലേയാണെന്ന് അവർ സംസാരിക്കുന്നതെന്ന് എനിക്ക് തോന്നി.., ഇടക്ക് പതിഞ്ഞ ശബ്ദത്തിൽ  റോബർട്ട് ഫ്രോസ്റ്റിന്റെ ഒന്ന് രണ്ട് കവിതകൾ മനോഹരമായി അവർ എന്നെ പാടിക്കേൾപ്പിച്ചു..,
വെയിൽ ചായാൻ തുടങ്ങിയപ്പോൾ തൊട്ടടുത്ത   കടയിൽ പോയി ചായയും മധുരപലഹാരങ്ങളും കഴിച്ചു, ഇത്തവണയും പണം കൊടുക്കാൻ അവർ എന്നെ സമ്മതിച്ചില്ലെങ്കിലും ഞാൻ നിർബന്ധപൂർവ്വം പണം കൊടുത്തു..,
പിന്നെയും ഞങ്ങൾ നടത്തം തുടർന്നു..,
പിന്നീട് സംസാരം അവരെക്കുറിച്ച് തന്നെയായിരുന്നു.,
ആനിനു ഒരു ടൈം ടേബിൾ ക്രമമുണ്ട്,എന്നും അതിരാവിലെ തന്നെ എണീറ്റ് ജോഗിംഗ് ചെയ്യും.., അത് കഴിഞ്ഞ് കുളിച്ച് ഫ്രഷായി വന്ന്  ലഘുവായ ബ്രേക്ക് ഫാസ്റ്റിനു ശേഷം  നല്ല തട്ട് പൊളിപ്പൻ ഫാസ്റ്റ് സോങ്ങ്സിന്റെ അകമ്പടിയോടെ പൂക്കൾ കൊണ്ട് ഫ്ലവർ വേഴ്സ് അലങ്കരിക്കും..  ആ ദിവസം മൊത്തം ഒരു ഊർജ്ജം കിട്ടാൻ ഈ രീതി ഗുണകരമാണെന്നാണു ഇവരുടെ പക്ഷം..,, തീർന്നില്ല,
ലഞ്ചിനു മേമ്പൊടിയായും സംഗീതം വേണം . അത് അല്പം ക്ലാസ്സിക്ക് ടച്ചുള്ളതായാൽ നല്ലത്.., സംഗീതത്തിനു നമ്മുടെ ഉപബോധമനസ്സിനെ ഉദ്ദീപിപ്പിക്കാനുള്ള  കഴിവുണ്ടത്രേ...അവരുടെ വാക്കുകൾ എനിക്കെന്തോ അത്ര വിശ്വാസകരമായി തോന്നിയില്ല. എങ്കിലും ഞാനവരെ തിരുത്താൻ പോയില്ല..,സന്ധ്യാസമയം റോസാപ്പൂക്കളും മെഴുകുതിരിയും വില്ല്യമിന്റെ കല്ലറയിൽ അർപ്പിച്ച് മടങ്ങും.., അത് കഴിഞ്ഞ് നീണ്ട പ്രാർത്ഥനകൾ  ., പച്ചക്കറിയും പഴങ്ങളൂം മാത്രമുള്ള ഡിന്നറിനു ശേഷം ഒരു സ്വൽ‌പ്പം.., ഒരു പെഗ്ഗ് മാത്രം..,ആ ശീലം വില്ല്യമാണവരെ പഠിപ്പിച്ചത്, വില്ല്യമിനെക്കുറിച്ച് പറഞ്ഞപ്പോൾ അവരുടെ മുഖം നാണത്താൽ തുടുത്തിരുന്നുവോ...
പിന്നീട് വാസനയുള്ള മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തിൽ ഇമ്പമാർന്ന സംഗീതം ആസ്വദിച്ച് കുറെ നേരം കിടക്കും...,അപ്പോൾ ഒരു മാലാഖയെപ്പോലെ  വില്ല്യം അനുരാഗ വിവശനായി അവരുടെ അരികിലെത്തുമത്രേ..,എന്നിട്ടവർ ഒന്നിച്ച് സംഗീതം ആസ്വദിക്കും , ന്രത്തം ചെയ്യും., തളരുമ്പോൾ മെത്തയിൽ കിടത്തി താരാട്ട് പാടിയുറക്കും...എന്നിട്ട്  ഏതോ ഒരു ലോകത്തേക്ക് മടങ്ങും.., അകലെ ചക്രവാളത്തിൽ ചാഞ്ഞ് തുടങ്ങിയ സിന്ദൂരപ്പൊട്ടിലേക്ക്  കണ്ണ് നട്ട് അവർ പറഞ്ഞ് നിർത്തി..,
പിന്നെ ഏതാനും നിമിഷം നിശ്ശബ്ദയായി അവർ വിതുമ്പി., മൌനം ഞങ്ങൾക്കിടയിൽ വളർന്ന് പന്തലിക്കുന്നതിനു മുമ്പേ ഞാൻ പറഞ്ഞു.,
എന്നാൽ നമുക്ക് മടങ്ങാം..
അസ്തമന സൂര്യൻ കടലിൽ‌പ്പോയി ഒളിക്കാനുള്ള തയ്യാറെടുപ്പിലാണു..,
ഞങ്ങൾ തിരികെ നടന്നു.., കുറച്ചപ്പുറത്തുള്ള ബസ് സ്റ്റോപ്പിലേക്ക്.
.
മാഹിയിലേക്കുള്ള ബസ്സ് കാത്ത് ഞങ്ങൾ  നിന്നു..,വില്ല്യമിന്റെ കല്ലറയിൽ അർപ്പിക്കണം എന്ന് പറഞ്ഞ്  ഞാൻ ഒരു ബൊക്ക ചുമന്ന റോസാപ്പൂ അവർക്ക് നൽകി..,നിറഞ്ഞ കണ്ണുകളോടെ എന്നെ അണച്ച് പിടിച്ച് എന്റെ നെറ്റിയിൽ ഒരു മുത്തം തന്നു., ..
ബസ്സ് എത്തിച്ചേർന്നു., നിറകണ്ണുകൾ തുടച്ച് അവർ ബസ്സിലേക്ക് കയറി.., തിരിഞ്ഞ് നിന്ന് ,അവർകൈ വീശി ..,തിരികെ ഞാനും... ബസ്സ് അകന്നു പോയി..,തിരക്കിലെവിടെയോ അതലിഞ്ഞ് പോകുന്നത് വരെ ഞാൻ ഇമവെട്ടാതെ നോക്കി നിന്നു.., ., തിരിച്ച് നടക്കുമ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു.., ഇവർ എനിക്ക് ആരാണു..,ഞങ്ങൾക്കിടയിൽ ഒരു സൌഹ്രദം ഉടലെടുക്കാൻ എന്താണു നിമിത്തം
ഇവർ ആരാണു
.,എനിക്കെപ്പോഴും താങ്ങും തണലുമായി നിന്ന് എന്നെ ജീവനു തുല്യം സ്നേഹിച്ച എന്റെ അമ്മയായിരുന്നോ.? എന്റെ മാത്രം സ്വന്തമെന്ന് ഞാനും അവളും പറയുന്ന എന്റെ ഭാര്യയായിരുന്നോ..? അതോ ഇണങ്ങാനും പിണങ്ങാനും കുസ്രതിത്തരങ്ങൾ ഒപ്പിക്കാനും എല്ലാഴ്പ്പോഴും എനിക്കുണ്ടായിരുന്ന എന്റെ സഹോദരിയായിരുന്നോ,,?  അതോ പൊട്ടിച്ചിരിക്കുന്ന പാദസരങ്ങൾ കിലുക്കി ചെറുപ്പകാലം തൊട്ടേ എന്റെ സ്വപനങ്ങളിൽ രാജകുമാരിയായി വിലസിയ  ബാല്യകാല കളിക്കൂട്ടുകാരിയായിരുന്നോ..?ഉത്തരം കിട്ടാതെ ഒത്തിരിയൊത്തിരി  ചോദ്യങ്ങൾ അന്തരംഗത്തിൽ കിടന്ന് പിടയ്ക്കുന്നു..
എന്തൊക്കെയായാലും ജീവിതയാത്രയുടെ കുത്തൊഴുക്കിൽ എല്ലാവരാലും ഒറ്റപ്പെട്ട് പോയി വ്യത്യസ്തങ്ങളായ തുരുത്തുകളിൽ ഉരുകിത്തീരുന്ന ജീവിതങ്ങൾക്കൊന്നിനെങ്കിലും പ്രചോദനവും പ്രത്യാശയും പിന്തുണയും കാഴ്ചവെക്കാൻ ഇന്നത്തെ ദിവസം ഈ ചെറിയ ജന്മം കൊണ്ട് സാധ്യമായല്ലോ എന്ന സംത്രപ്തിയോടേ ഞാൻ നടന്നു..,
പക്ഷേ പെട്ടെന്നാണ് ഞാനതോർത്തത്,.
ഞങ്ങൾ തമ്മിൽ ഇത്ര നേരം സംസാരിച്ചിരുന്നിട്ടും പരസ്പരം ബന്ധപ്പെടാനുള്ള ഒരു ഫോണനമ്പറോ വിലാസമോ കൈമാറിയിരുന്നില്ല,
എനിക്ക് വല്ലാത്ത ഒരു നഷ്ടബോധം തോന്നി..,
അപ്രതീക്ഷിതമായി വീണു കിട്ടിയ  ഒരു സൌഹ്രദം പൊടുന്നനെ നഷ്ടമായല്ലോ എന്നാ‍ലോചിച്ചപ്പോൾ മനസ്സിനകത്തൊരു വിങ്ങൽ..
 എല്ലാ നേട്ടങ്ങളൂം എല്ലാക്കാലവും നിലനിൽക്കണമെന്ന മനുഷ്യന്റെ ആശകൾ എത്രമാത്രം ബുദ്ധിശൂന്യമാണ്.. ദൈവം ചിലത് നിശ്ചയിക്കുന്നു, അതിനനുസ്രതമായി ജീവിതം ആടിത്തീർക്കുന്ന കേവലം കളിപ്പാവകളാണു നമ്മൾ..
വെറും കളിപ്പാവകൾ..

2011 ഏപ്രിൽ 12, ചൊവ്വാഴ്ച

പിന്നെയും ഒഴുകുന്ന പുഴ

നൂല് പോലെ പെയ്യുന്ന മഴയ്ക്കൊപ്പം വന്ന കാറ്റില് ചായ മക്കാനിയിലെ ചിമ്മിനി വിലക്കിനനുസരിച്ചു വെളിച്ചവും ആടി ക്കളിക്കാന്‍ തുടങ്ങി.അയാള്‍ തിരിയല്പം ഉയര്ത്തി. അവസാനത്തെ കടത്തു വള്ളവും കൂടി കഴിഞ്ഞാല്‍ കടയടക്കാം. കരുത്ത് കരുവാളിച്ച ചായക്കലത്തിന്റെ അടുപ്പിലൂതി കനലുണ്ടാക്കി.
അബൂ അനക്ക്‌ ഒരു വിരുന്നുകാരനുണ്ട്. ..ഞമ്മളെ ഇസ്കൂളികു വന്ന പുത്യ മാസ്ടരാ...ഇമ്മിണി ബടക്കൂന്നാ...ഞാന് നോക്കിയിട്ട് മൂപ്പര്ക്ക് തങ്ങാന് പറ്റിയ സ്ഥലം ഇബാടതന്നാ ..തലയിലെ ചെറിയ ചുമട് ഇറക്കി വെക്കുന്നതിനിടയില്‍ രായീന്റെ സംസാരം .അവന്റെ പിറകില്‍ നിഴലായ് നില്ക്കുന്ന വെളുത്തൊരു യുവാവ്. അബുക്കാന്റെ മനസ്സൊന്നു കാളി.
പെമ്പരന്നോതീം കുട്ട്യോളും ഇന്നെ കാത്തിരിക്കുന്നുണ്ടാവും. ചാറ്റിനുള്ള മീന് ഇന്റെ കജ്ജ്മ്മല. ... മാസ്ടരെ ഇങ്ങള് ഒന്നൂണ്ടും പേടിക്കണ്ട.. സ്വന്തം പോരെന്നു കരുതി ക്കൊളീം.....ന്നാ പിന്നെ നാളെ കാണാം...
വെളുക്കെ ചിരിച്ചു, കാലന് കുട നിവര്‍ത്തി സഞ്ചി തലയിലേക്ക് എടുത്ത് വച്ച് രായിന് കാക്ക ഇരുട്ടില് വെളിച്ചത്തിന്റെ ഒരു രേഖ വരച്ചു മെല്ലെ നടന്നു മറഞ്ഞു.
" ഇമ്മിണി ദൂരത്ത്തൂന്നു വരണതല്ലേ...ആ കാല്സരായി ഒക്കെ മാറ്റി ആദ്യം ഒന്ന് കുളിക്കീം...തല നനക്കണ്ട.. തണുപ്പ് കൂടുതലാനേങ്ങില് ചായക്കലത്തിലെ വെള്ളം കൊണ്ട് ഇളം ചൂടാക്കാം.
യുവാവ് അപ്പോഴും അപരിചിതതിന്റെ വലയില്‍ നിന്നും മോചിതനായിരുന്നില്ല. ആവി പറക്കുന്ന കഞ്ഞി പാത്രത്തിന്റെ അരികില് നിന്നും ചിരട്ടത്തവി കൊണ്ട് ഊതിക്കുടിക്കുമ്പോള് പരസ്പരം തുറന്നു സംസാരിച്ചു...അവര്‍ക്കിടയിലെ അപരിചിതതിന്റെ മഞ്ഞു ഉരുകാന്‍ തുടങ്ങി.
"മാസ്ടരെ, ദൂരെ ദേശത്ത്തീന്നു ആരും ഈ ഓണം കേറ മൂലയില് ബരാറില്ല. ഒരു പാട് കാലത്തിനു ശേഷം കിട്ടണ പണിയല്ലേ ...ഇബടത്തെ മനിസ്യര് നല്ലോരാ.. ഇങ്ങള് ഇബടെ തന്നെ നിന്നോളീം".
ചുരുണ്ട ഓല പായ കുടഞ്ഞു വിരിച്ച് പഞ്ഞി തലയിണയും വിരിപ്പും വിരിക്കുമ്പോള് അയാള് പ്രായത്തതിന്റെ ക്ഷീണം അവഗണിച്ചു...
" തലയിണക്ക് താഴെ തീപ്പെട്ടി വച്ചിക്കുണ്ട് , ഇല്ലെങ്കില് തണുത്തു കത്തൂല. എന്താവശ്യം ഉണ്ടെകിലും വിളിക്കാന് മടിക്കണ്ട."
ബീഡിപ്പുക മൂന്നാല് കവിള അകത്താക്കി കുറ്റി മുറ്റത്തേക്ക് എറിഞ്ഞു. അടുക്കളയില് നഫീസു കാലത്തേക്കുള്ള ദോശയുടെ മാവ് കൂട്ടുന്ന തിരക്കിലാണ്. കോഴി കൂവുന്നത്തിനു മുന്പ് എണീറ്റാല് വിശ്രമം കിട്ടുന്നത് പാവത്തിന് കിടക്കപ്പയേല് മാത്രമാണ്.
വിളക്കു അണച്ച്ചപ്പോള്‍ നഫീസുവിന്റെ തേങ്ങല്.
പെട്ടന്നയാള് തീപ്പെട്ടിയുരച്ചു വിളക്കിനു ജീവന് നല്കി
" നെനക്കെന്താ പറ്റീത് "?
നിക്ക് ഒന്നൂല്ല, ഇങ്ങള് വെളക്കണച്ചു കെടക്കീം...
അവള്ക്കു എന്താണ് പറ്റിയതെന്ന ആകാംക്ഷ അയാളില് വളര്ന്നു. മൂക്ക് ചീറ്റി വിങ്ങിക്കരയുന്ന അവളുടെ ഉള്ളു തീരെ ഇല്ലാത്ത മുടിയിലൂടെ അയാള് വിരലോടിച്ചു. ..
ഇങ്ങള് കണ്ടോ ആ മാസ്ടരെ, നജ്മ്മളെ ബാവാനെ പറിച്ചു വച്ച പോലുണ്ട്. അവനുണ്ടായിരുന്നെങ്ങില് ഇത്രേം തന്നെ ഉണ്ടായിരുന്നീനി'
അവന് തന്നാണോ ന്നാ നിക്ക് സംശയം.
അയാളുടെ ഹൃദയത്തില് ഒരു കൊള്ളിയാന് മിന്നി. തനിക്കും അങ്ങനെ തോന്നതിരുന്നതല്ല. ഒരു നിമിഷം പകച്ചതാണ്.പിന്നെ ആരോടും പറയണ്ടാ എന്ന് കരുതി.
അനക്ക് പിരാന്താ , ഈ ഭൂമീല് ഒരാളെപ്പോലെ ഏഴ് ആള്ക്കാര്
ഉണ്ടെന്നു കേട്ടിട്ടില്ലേ..ആവശ്യ മില്ലാത്തെ ഓരോന്നും ചിന്തിച്ചു തല പുണ്ണാക്കണ്ട....ഒറങ്ങാന്‍ നോക്ക്. .
അയാള്‍ വിളക്ക് അണച്ചു.
അയാള്‍ക്കറിയാം അവള്‍ക്കു ഉറങ്ങാന്‍ കഴിയില്ലെന്ന്. ബാവ ഈ ഭൂമിയിലേക്ക് വന്ന നന്മയുടെ നിറകുടമായിരുന്നു.
അനാഥാലയത്തിലെ സമൂഹ വിവാഹത്തിന് നഫീസുവിന്റെ കൈ പിടിക്കുമ്പോള് അവകാശപ്പെടാന് ഒന്നുമില്ലായിരുന്നു.
ദൂരെ ഈ ഗ്രാമത്തില് വന്നു കുടി ഉറപ്പിച്ചു.
ആദ്യത്തെ മൂന്നു മക്കളും ഭൂമി കണ്ടില്ല...ഏറെ നാളത്തെ പ്രാര്ഥനയുടെ ഫലമാണ് ബാവ.
വീതി കൂടിയ നെറിയും വിടര്ന്ന കണ്ണുകളും ചുവന്നു വെളുത്ത നബീസുവിന്റെ നിറവും അവന്റെ പ്രത്യേകത ആയിരുന്നു. അത്രയ്കും സൌന്നര്യമുള്ള ഒറ്റ കുട്ടിയും ഈ ഗ്രാമത്തില് ഇല്ലായിരുന്നു.
മദ്രസയിലും സ്കൂളിലും അവന് തന്നെ ആയിരുന്നു മുമ്പില്. കടയിലേക്ക് മോരുണ്ടാക്കുമ്പോള് ഉണ്ടാവുന്ന വെണ്ണയും പൊരിക്കുന്ന മീനിന്റെ മുട്ടകളും അവന്റെ പ്രത്യേക അവകാശമായിരുന്നു.
"നെനക്കെന്തിനാ അബൂ മൂന്നും നാലും, ഒറ്റ മകന് പോരെ ?"
ചായക്കടയില് വരുന്നവര് പറയുന്നത് കേള്കുമ്പോള് അവരുടെ അസൂയയും അഭിനന്ണനവും കേട്ട് അറിയാതെ അഹങ്ങരിച്ചിരുന്നു.
അന്ന് മദ്രസാ വാര്ഷികവും കലാപരിപാടികളും ആയിരുന്നു...അവന് മൂന്നാം ക്ലാസ്സില് പഠിക്കുന്ന കാലം ..
കടയിലെക്കുള്ള നെയ്യപ്പം ചുടുന്നത്തിനിടയില് നബീസുവിന്റെ അടുത്ത് കലാപരിപാടികള് അവതരിപ്പിച്ചു കാണിച്ചു കൊടുക്കുന്നു. അവസാനത്തെ മിനുക്ക് പണി യിലാണെന്ന് മനസ്സിലായി.
മറ്റു കുട്ടികള് കുളിക്കാന് പോവുമ്പോള് കൂട്ടത്തില് അവനും പോവാനായി ചിണുങ്ങി നില്പ്പുണ്ടായിരുന്നു. നബീസു സമ്മതിക്കാതായപ്പോള് തന്റെ അടുക്കല് വന്നു.അവന്റെ ഏത് ആവശ്യവും താന് സമ്മതിക്കാതിരുന്നിട്ടില്ല..അന്നും അത് തെറ്റിച്ചില്ല.
തേങ്ങാപ്പാലും മഞ്ഞളും കൂട്ടി അവന്റെ ദേഹത്ത് നബീസു തേച്ചു പിടിക്കുമ്പോള് 'മതിയെന്ന് പറഞ്ഞ് കുതറുന്നുണ്ടായിരുന്നു.
" ശ്രദ്ധിക്കണേ ... ബെക്കം വരണട്ടോ" അവള് അടുക്കല് ഭാഗത്ത് നിന്നും വിളിച്ചു പറയുന്നത് കേട്ടു.
കുറച്ചു നേരം കഴിഞ്ഞ് നനഞ്ഞൊട്ടിയ തോര്ത്ത് മുണ്ടെടുത്ത് ഒരു കുട്ടി ഓടിക്കിതച്ച് വന്നു പറഞ്ഞു.
" ങ്ങളെ ബാവാനെ കാണാനില്ല ..ഞങ്ങളെല്ലാം ഒപ്പം കുളിക്കാന് ഇറങ്ങിയതാ"
ചായപ്പട്ടയും ഗ്ലാസ്സും കയ്യില് നിന്നും വീണു.
മുഴുവനും കേള്ക്കാന് നില്ക്കാതെ പുഴക്കരയിലേക്ക് ഓടി....
പിന്നെയും ചാലിയാറില് ഒരുപാട് വെള്ളം ഒഴുകി. പക്ഷെ ആ വെള്ളത്തിന് ഒന്നും പഞ്ചാര മണലില് തൂ മന്തഹാസമായ്ഉറങ്ങിക്കിടക്കുന്ന ബാവയുടെ മുഖം ഖല്ബില് നിന്നും ഒഴുക്കിക്കളയാന് സാധിച്ചില്ല. പലഹാര ചട്ടിയിലെ എണ്ണയെക്കാളും ഊക്കൊടെയാണ് അവളുടെ ഹൃദയം തിളക്കുന്നതെന്നറിയാം...അടുക്കളയിലെ പാത്രങ്ങലോടൊപ്പം അവളുടെ ദുഖങ്ങള്ക്ക് തേയ്മാനം വന്നിരുന്നതെങ്ങില് എത്ര നന്നായേനെ!!!
അയാള്‍ ഒരു ദീര്‍ഘ നിശ്വാസം വിട്ടു. അവളറിയാതെ കണ്ണീരൊപ്പി.. പിന്നെ പുതപ്പ്‌ തലയിലേക്ക് വലിച്ചിട്ട് ഭാര്യയുടെ അടുത്തേക്ക് ഒന്ന് കൂടി നീങ്ങിക്കിടന്നു

മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ചത്.

സര്‍ക്കാര്‍ ഉദ്യോഗം

യാത്ര പുറപ്പെടാറായ ബസ്സിന്റെ സൈഡ് സീറ്റില്‍ നിന്നും പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു അയാള്‍ . കാറ്റിനൊപ്പം നൃത്തം വച്ച് മെല്ലെ തുടങ്ങി തിമര്‍ത്തു പെയ്യുന്ന മഴത്തുള്ളികള് റോഡില്‍ വീണു ചിതറിഅപ്പ്രത്യശ്ശമാഅവുന്നു.
ഇറയത്ത് മഴയെ നോക്കിയിരിക്കുന്ന ചെറുപ്പം അയവിറക്കുന്നത് തന്നെ സുഖകരമായ ഒരനുഭൂതിയാണ്.
മഴ അയാളുടെ ബലഹീനതയാണ്. അതുകൊണ്ട് തന്നെയാണ് മോഹങ്ങളുടെയും ചുടു നിശ്വാസങ്ങളുടെയും ചുട്ടു പൊള്ളുന്ന നാട്ടില് നിന്നും മഴക്കാലം അവധിക്കായി തെരഞ്ഞെടുത്തത്.
" അല്ല നീയായിരുന്നോ, കുടുംബ സമേതം വന്നൂന്നറിഞ്ഞു."
പുറത്തേക്ക് നോക്കിയിരുന്ന അയാള് മുഖത്ത് പുഞ്ചിരി വരുത്തി ഒതുങ്ങിയിരുന്നു.
നീറുന്ന ഓര്മ മനസ്സിനെ വേട്ടയാടാന് തുടങ്ങി ....
അയല്‍വാസിയായ പാര്‍വതിയുമായുള്ള പ്രേമത്തിന്റെ മുന്തിരി വള്ളി കിളിര്ക്കുന്നത് ബിരുദ പഠന കാലത്താണ്. രണ്ടു വീട്ടിലും ആര്‍ക്കും എതിര്പ്പില്ലായിരുന്ന ബന്ധം.
ചേച്ചിമാര് മറ്റുള്ളവര്ക്ക് പാറുവിനെ പരിചയപ്പെടുത്തുന്നത് 'ഹരിയുടെ പെണ്ണ്' എന്നായിരുന്നു.
അത് കേള്ക്കാനും ഒരു സുഖമായിരുന്നു.
തലവരയെ വിധി എന്നും പറയും.
പരീക്ഷ കഴിഞ്ഞ ഉടനെ പുറം ലോകത്തേക്ക് പറന്നു.
പണമുണ്ടാക്കി നാട്ടില് സ്ഥിര താമസം. .. അതായിരുന്നു സ്വപ്നം
" അധികം വൈകാതെ നാട്ടില് എത്തും... സ്വന്തമാക്കും ' എന്നൊക്കെ സമാധാനിപ്പിച്ചു അവള്ക്കെഴുതി.
മറുപടി ഏറെ നാളുകള്ക്കു ശേഷവും വന്നില്ല.
നാട്ടില് നിന്നും വന്ന കത്തിലാണ് അറിഞ്ഞത്
അവള്ക്ക് ഈ ബന്ധം ഇഷ്ടമല്ല ..ഒരു സര്ക്കാര് ഉദ്യോഗസ്ഥനെ യാണ് വേണ്ടത്... ഗള്ഫുകാരന് ജീവിതവും സമ്പാദ്യവും ഉണ്ടാവില്ല...
ഇനി അവള്ക്ക് കത്തെഴുതരുതെന്ന താക്കീതോ അപേക്ഷയോ !
അതറിഞ്ഞപ്പോള് ഉണ്ടായ വികാരത്തിന് ഇന്നും പേര് കണ്ടെത്തിയിട്ടില്ല.
മോഹങ്ങള് തല്ലിക്കെടുത്തിയ വിസയെ ശപിച്ചു ...
ഗവര്മെന്റ് ഉദ്യോഗസ്ഥനെക്കാളും നന്നായി ചുറ്റുപാടുണ്ടാക്കി ജീവിച്ച് കാണിച്ചു കൊടുക്കുക എന്ന ശപഥം എടുത്തു.
തന്നെക്കാള് വിഷമമായിരുന്നു വീടുകാര്ക്ക്. ഒന്നായി കഴിഞ്ഞ കുടുംബങ്ങള് മനസ്സിന് മതില്കെട്ടി ..
" സുഖമാണോ നിനക്കും കുടുംബത്തിനും ?
ചോദ്യം കേട്ടാണ് യഥാര്ത്ഥ ലോകത്തേക്ക് എത്തിയത് .
നിന്റെ കാര്യങ്ങളൊക്കെ ഞാന് അന്വേഷിക്കാറുണ്ട്....അല്ലങ്ങിലും എല്ലാം എന്റെ തെറ്റാണ്..അവളും അമ്മയും കരഞ്ഞു കാല് പിടിച്ചതാണ്...അത് ഒരു വാശി ആയിരുന്നു.മരുമകന് ഒരു സര്ക്കാര് ഉദ്യോഗസ്തനാവണം എന്നത്. ഭാവി അവര്ക്ക് ഒരു പ്രശ്നമാവില്ല എന്നായിരുന്നു എന്റെ കണക്കു കൂട്ടല് .
വിവാഹം കഷിഞ്ഞപ്പോഴാണ് അറിയുന്നത് കണക്കു മാഷായ എന്റെ കണക്കുകളെല്ലാം പിഴച്ചു എന്ന്.
അവന്റെ സ്വഭാവം വളര മോശമായിരുന്നു.
നന്നാവും എന്ന് കരുതി... ഉപദേശിച്ചു ... പ്രാര്ഥിച്ചു
സ്ത്രീധനത്തുകയും എനിക്ക് പിരിഞ്ഞു പോന്നപ്പോള്‍ കിട്ടിയ പണവും കൂട്ടി ഒരു സ്വകാര്യ സ്കൂളിനു കൊടുത്തു.ആദ്യ ശമ്പളം വാങ്ങുന്നതിന് മുന്‍പ് തന്നെ കുട്ടികള്‍ കുറവായതിനാല്‍ ഡിവിഷന്‍ കട്ട് ചെയ്തു. പാറുവിനു ജോലിയും പോയി. പണവും നഷ്ടപ്പെട്ടു.
ജോലിയില്ലാതെ പെണ്‍കുട്ടികളെ മാത്രം പെറാന്‍ അറിയൂ എന്നാണവന്‍ അധിശ്ശേപിക്കുന്നത്.
അവളെ ഇപ്പോള്‍ ശാരീരികമായും പീഡിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്. അടി കൊണ്ട് കരുവാളിച്ച മുഖം എനിക്ക് കാണാന്‍ കഴിഞ്ഞില്ല. വീട്ടിലേയ്ക്ക് തിരിച്ചു പോരാന്‍ പറഞ്ഞെങ്കിലും സമ്മതിക്കുന്നില്ല.. രണ്ടു പെണ്‍കുട്ടികളെയുംകൊണ്ട് പണയ പ്പെടുത്തിയ വീട്ടില്‍ വന്നു നില്‍ക്കാന്‍ ധൈര്യമില്ല അവള്‍ക്ക്.
എല്ലാം ശരിയാവും എന്ന് കരുതിയാണ് ആകെയുള്ള വീട് പണയം വച്ച് ഗള്‍ഫില്‍ വിട്ടത്. ഒരു കൊല്ലമായെങ്കിലും ഇതേവരെ സ്ഥിരമായി ഒരു ജോലിയും ശരിയായിട്ടില്ല.. ഇപ്പോള്‍ ഇന്റെ മോള്‍ ചിരിക്കാനും മറന്നിരിക്കുന്നു...
ഞാന്‍ രണ്ടു അറ്റാക്ക് കഴിഞ്ഞു നില്‍ക്യാണ്. ..എപ്പോഴാ പോവ്വാ ന്നറിയില്ല..ഒന്ന് കാണണം എന്ന് ഉണ്ടായിരുന്നു... എല്ലാം ഒന്ന് ഏറ്റു പറയാന്‍ ...ഈ വൃദ്ധനെ ശപിക്കരുതേ ...
കണ്ണീര്‍ തുള്ളികള്‍ വീണു കൈത്തണ്ട നനയുമ്പോള്‍
ദൂരെ .... പാറുക്കുട്ടിയുടെ കരുവാളിച്ച മുഖത്ത് നിന്നും പെയ്തിറങ്ങുന്ന കണ്ണീര്‍ മഴ അയാള്‍ക്ക് ആസ്വദിക്കാന്‍ കഴിഞ്ഞില്ല......................



മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ചത്

ജിന്ന്

ഗ്രാമത്തിന്റ്റെ പേര് 'മുണ്ടേരി' പണ്ട് വെള്ളക്കാര് 'മൌന്റ്റ് യേറിയ ' എന്ന് വിളിച്ചതില് നിന്നും ലോപിച്ചാണ് ഇന്നത്തെ പേരയിതീര്ന്നത്. നാട്ടിലെ എല്ലാ കാര്യങ്ങള്ക്കും ഒഴിച്ച് കൂടാന് പറ്റാത്ത ആള് നല്ല കാലമൊക്കെ 'ഉലകം ചുറ്റും വാലിഭാനായി' നാട് കറങ്ങുകയായിരുന്നു വയനാട്ടില് വച്ച് ആരോ 'മൂത്താപ്പ' എന്ന ചെല്ല പേരിട്ടു. അങ്ങനെ നാട്ടാര്ക് മൂതാപ്പയായി പേരുകേട്ട കുടുംബത്തിലെ അംഗമാണ് പ്രിയതമ നബീസു . മംഗല്മം കഴിഞ്ഞിട്ടും ഊരുചുറ്റല് തുടര്‍ന്നേ പോന്നു. ഇടക്ക് വാല് നക്ഷ്ത്രതെപ്പോലെ പ്രത്യക്ഷപ്പെടും. അതിന്റെ തെളിവിനായി നബീസൂനു ഒരു കൊച്ചിനെയും സമ്മാനിക്കും.
നാട് ചുറ്റല് കൊണ്ടൊരു ഗുണമുണ്ടായി - അല്ലറ ചില്ലറ മന്ദ്രവാദം, കന്നഡ കൊത്തല്, ചെന്തമിഴ് പേശല് , കുറച്ചു വൈദ്യം എന്നിവ സമ്പാദ്യമായി കിട്ടി.
ഇപ്പോള്, പ്രായമായപ്പോള്, ചെറിയൊരു മക്കാനിയി നടത്തി ജീവിക്കുന്നു

ഈ നാട്ടിലെ എല്ലാ വാര്ത്തകളും എത്തുന്നത് രണ്ടു സ്ഥലങ്ങളിലാണ് പള്ളിപറമ്പിന്റെ മൂലക്കലുള്ള പെണ്ണുങ്ങളുടെ കുളിക്കുല്ലമായ പാറക്കുഴിയും മൂതാപ്പന്റെ മക്കാനിയും. ഈ രണ്ടടി ങ്ങളി ല്നിന്നും വാര്ത്തകള്ക്ക് ആവശ്യത്തിലേറെ മസാല പുരട്ടി നാടൊട്ടുക്ക് പറത്തി വിടും

സുബഹി ബാങ്ക് വിളിക്കുന്ന മുന്പേ അടിപ്പിലെ ചായക്കുള്ള വെള്ളം വെട്ടി തിളക്കും.
അഞ്ചു വൃദ്ധന്മാര് മാത്രമുള്ള സുബഹി നമസ്കാരം കഴിഞ്ഞാല് എല്ലാവരും മക്കാനിയില് എത്തും.- കാറി തുപ്പലും ചുമയും കൂടിയുള്ള ബാന്ഡ് മേളത്തോടെ
അപ്പോഴായിരിക്കും പഞ്ച പാണ്ഡവരെ കാത്തു നില്കുന്നുണ്ടാവും റിട്ടയേര്ഡ് മിലിട്ടറി ഭാസ്കരേട്ടന്.- കീപിംഗ് ദി പങ്ക്ജ്വാളിടി ആസ് ഇന്‍ മിലിട്ടറി.
ഭാസ്കരേട്ടന് എപ്പോഴും പറയുന്നത് ചൈനക്കാരുടെ വെടിയുണ്ട തലയ്ക്കു മുകളിലൂടെ പോയപ്പോള് മുടി കരിഞ്ഞ മണം വന്നതാണ്. അത് പറയുമ്പോള് കഷണ്ടി ത്തല തടവും. ആരോ പറഞ്ഞിരുന്നു അങ്ങേര്ക് ചപ്പാത്തി ച്ചുടലാണ് എന്ന്.
മീന്കാരന് കോയാക്ക അത്യാവശ്യം തന്നെ പൊകി യാണ് ചെറുപ്പത്തില് ഉപ്പ്പാന്റെ 'റാണി' ബെല്‍ട്ടില് നിന്നും പൈസ കട്ടെടുത്ത് പട്ടണത്തില് പോയി 'മദര് ഇന്ത്യ ' കണ്ടതാണ് ജീവിതത്തില് കാണിച്ച ഏറ്റവും വലിയ സാഹസികത.
നടി നര്ഗീസിന്റെ അഭിനയം പുക്ഴ്ത്തുമ്പോള്..
" ദുനിയാ മേ ഹം ആയെ ഹെ തോ ജീനാഹി പടെഗാ.."
എന്ന് ഉറക്കെ മൂളും

ഭൂമിക്ക് കാറ്റടിക്കും പോലെ നടക്കുന്ന അയമു കാക്ക. ജന്മനായുള്ള കാലിന്റെ ചെറുപ്പം കാണിക്കാതിരിക്കാന് മുണ്ട് മടക്കിക്കുത്തില്ല. ആരെന്തു പറഞ്ഞാലും തര്‍കിക്കാന് ഒരു പഴുത് കാണും. ഒരു അഭിപ്രായവും പറയും. --അഭിപ്രായം അളിയന് എന്ന് നാട്ടാര് ഇട്ട ചെല്ല പേരാണ്.
അത്തര് വില്‍കുന്ന കുടുകുടു മോല്ലകാക് 'ലോകമേ തറവാട്'
" മുരിങ്ങാ കായിക് വന്ന
മൂപാരു കാണിച്ചു തന്ന
മൂച്ചി പിരാന്തിലന്നു
പെറ്റു ഞാനന്നൊന്നു " കോട മഞ്ഞു കുതിര്‍ന്ന തണുപ്പില് ഏലക്കയിട്ട സുലൈമാനി ഒരു കവിള് അകത്താക്കിയാല് കോയാക്ക വിരലുകള് മേശന്മേല് താളം കൊട്ടും. പിന്നെ ഹിന്ദി ഗാനം മാപ്പിള കെസ്സിന്റെ രൂപത്തില് പാടി തുടങ്ങും... അതോടെ ഓരോരുത്തരും തങ്ങളുടെ കഥകളുടെ ഭാന്ട കെട്ടുകള് അഴിക്കാന് തുടങ്ങും. .. അവയൊക്കെ ഒന്ന് കൂടി തേച്ചു മിനുക്കാന് .... മക്കാനിയുടെ ചുമരുകള്‍ക്കു പോലും അവയൊക്കെ മനപ്പാഠം ആണെങ്കിലും...
എന്ന മോല്ലാക്കാന്റെ ഹിറ്റ് പാട്ട് അറിയാത്തവര് ഇന്നാട്ടില് വിരളം!!!
കോട മഞ്ഞു കുതിര്‍ന്ന തണുപ്പില് ഏലക്കയിട്ട സുലൈമാനി ഒരു കവിള് അകത്താക്കിയാല് കോയാക്ക വിരലുകള് മേശന്മേല് താളം കൊട്ടും. പിന്നെ ഹിന്ദി ഗാനം മാപ്പിള കെസ്സിന്റെ രൂപത്തില് പാടി തുടങ്ങും... അതോടെ ഓരോരുത്തരും തങ്ങളുടെ കഥകളുടെ ഭാന്ട കെട്ടുകള് അഴിക്കാന് തുടങ്ങും. .. അവയൊക്കെ ഒന്ന് കൂടി തേച്ചു മിനുക്കാന് .... മക്കാനിയുടെ ചുമരുകള്‍ക്കു പോലും അവയൊക്കെ മനപ്പാഠം ആണെങ്കിലും...
ചായ മക്കാനിയുടെ കൂടെ മൂത്താപ്പ ഒരു സേവനം കൂടി നടത്തുന്നുണ്ട്. മാസത്തിലൊരു ദിവസം നാട്ടിലെ രോഗികളെ വയനാടന് കാട്ടിലെ ആദിവാസികളുടെ പച്ച മരുന്ന് സേവിക്കാന് കൊണ്ട് പോവും. പോയവര്‍ക്കൊക്കെ അസുഖം ഭേദപ്പെട്ടിട്ടുണ്ട് !!!
അയമുക്ക എല്ലാവര്ക്കും ഓരോ ബീഡി സമ്മാനിച്ചു.അടുപ്പില് നിന്നും വിറകു കൊള്ളിയെടുത്ത് ബീഡിക് തീ കൊളുത്തി...
ഒന്ന് ആഞ്ഞു വലിച്ചു . ചുണ്ടില് നിന്നും ബീടിയെടുത്തു തീ പിടിച്ചു എന്ന് ഉറപ്പു വരുത്തി
പിന്നെ നാല് ചുമ.... വില്ല് പോലെ വളഞ്ഞ അയമുകാന്റെ ശബ്ദം ഒരു ഫര്ലോന്ഗ് അപ്പുറം കേള്‍കാം. --വല്യ വീട്ടിലെ കാര് സ്റ്റാര്‍ട്ട് ആക്കുന്ന പോലെ പുകയും ഒച്ചയും ഒന്നിച്ചു.
" നീയിന്നലെ സുല്താനേം കൊണ്ട് വൈദ്യരുടെ അടുത്ത പോയിട്ട് എന്തായി? " മൊല്ലാക്ക വിഷയം എടുത്തിട്ടു.
അത് കേള്‍ക്കേണ്ട ഒരു ഖിസ്സന്നെ യാണ്. അവടം എതിയപ്പളല്ലേ ഇതിന്റെ പിന്നില് ഇത്രേം ബല്യ സംഗതി ഇന്ടെന്നറിയനത്.
മൂത്താപ്പ കഥ പറയാന് ആറന്ഭിച്ചു
അകത്തു നിന്നും വാതിലിന്റെ ഞരക്കം.. സൈലെന്റ് മെമ്പര് ആണ്. നബീസുംമാന്റെകണ്ണും കയ്യും അപ്പം ചുടുന്നതിലാനെങ്ങിലും കാത് ഇപ്പുറതാണ്. അപ്പം ചുടുന്നതില് അവര് ഒരു കലാകാരിയാണ്. നിറയെ സുഷിരങ്ങളുള്ള വെള്ളപ്പം മാനം നോക്കിയാല് കാണാം--മൂത്താപ്പാന്റെ പീടികയിലെ ഉള്ളിപ്പാട പോലുള്ള അപ്പം എന്നത് നാട്ടിലെ ഒരു ചൊല്ലാണ്.
മൂത്താപ്പ കഥ തുടരുകയാണ് ....
പത്തു മുപ്പതു കൊല്ലം മുന്‍പ് ഇബടം ഒരു പാറുക്കുട്ടി എന്ന ഒരു പെണ്ണും നൊസ്സുള്ള തള്ളേം ഉണ്ടായിനീം..
സുലൈമാനി ഒരു മുറുക് കൂടി അകത്താക്കി , കഥ പറയാന് ഊര്‍ജം സംഭരിച്ചു
ഓള് ദൂരെ ദിക്കീന്നു വന്നതാ. ഇങ്ങളൊക്കെ കണ്ടിട്ടിണ്ടാവും. ഒന്ന് കണ്ടാ മറക്കൂല...റബാണ്ണ് ..ഇന്റെ ആയുസ്സില് ഇത്രേം മോന്ജ്ജുള്ള ഒരുത്തിനെ കണ്ടിട്ടില്ല.. 'ഹൂറി' ആയീന്നീ ന്നാ ഇക്ക് തംസയം.
അടുക്കളയില് നിന്നും ചുമയും മുരളനക്കവും...ഒരു സ്ത്രീയെ പുകഴ്ത്തുന്നത് മറ്റൊരു സ്ത്രീക്ക് സഹിക്കില്ല.
മൂത്താപ്പ ശബ്ദം താഴ്ത്തി അല്പം കുനിഞ്ഞു നിന്ന് മന്ത്രിക്കുന്ന പോലെ പറയാന് തുടങ്ങി ...ശ്രോധാക്കള് തലകള് നീട്ടിക്കൊടുത്തു.
ഓളെ മൊഞ്ച് കാങ്ങാനായിട്ടാ കോലോത്തെ തമ്പ്രാന് പാടത്തെ പണി കാങ്ങാന് വന്നീന്യേതു...
ഒരു വെള്ളിയാഴ്ച ദിവസം നട്ടുച്ചയ്ക്ക് ഈ പെങ്കുട്ടി പാരക്കുഴീല് ഒറ്റയ്ക്ക് കുളിക്കേനീം...ചെമ്പരത്തി പൂവും എലേം കൂട്ടി അരച്ച താളി കരക്ക് ചിരട്ടെലും..
വെള്ളതുന്ന്യോണ്ട് കച്ച കെട്ടി ഒന്ന് മുങ്ങി. .. താളി എടുക്കാന് കരയത്ത് കയറി.. അപ്പള കണ്ടത്
വല്യ ഒരു എട്ടടി മൂര്‍ഖന് പത്തീം വിടര്‍ത്തി ഓളെ മേആനീക് തന്നെ തുറിച്ചു നോക്കി നിക്കണത്!!!!
മൂത്താപ്പ കഥകളി നടനെ പ്പോലെ കണ്ണുരുട്ടി കാണിച്ചു
" ദാ...ഇങ്ങനെ "
ഒരു പെണ്ണിന്റെ നെലോളി കേട്ടാണ് പാട വരമ്പിലൂടെ പോണ സുല്‍ത്താന് പാറ ക്കുഴീന്റെ അടുത്തക്കു പാഞ്ഞു വന്നത് .
എന്താണാ കാഴ്ച !!!!
നനഞ്ഞൊട്ടിയ പാറുക്കുട്ടി ഉടുവട ഇല്ലാത്ത പരുവത്തില്...
മുമ്പില് ഓളെ പൂ മേനീം നോക്കി പാമ്പും...
മൂത്താപ്പ മുട്ടിന് കയ്യും പടവും പാമ്പിന് രൂപത്തിലാക്കി ...
അതൊന്നു ആടി കാണിച്ചപ്പോള് എല്ലാവരും തല പുറകോട്ട് എടുത്തു. ..ഒരു പാമ്പിനെ കണ്ട പോലെ.
ബീഡിയുടെയും ചായയുടെയും കാര്യങ്ങള് എല്ലാവരും മറന്നിരിക്കുന്നു. പല്ലില്ലാത്ത ഗുഹ പോലുള്ള വായകള് എല്ലാം തുറന്നിരിക്കുകയാണ്. .. തള്ളനെം മോന്തിക്ക് പാത്തും പതുങ്ങീം വരുന്ന ആളീം വെട്ടി നുറിക്കിയോനല്ലേ ...ഒനിക്ക് എന്ത് പേടി?
കജ്ജില് കിട്ടിയ വടി എടുത്ത് ആങ്ങി ഓംഗി അടിച്ചു..
കൊറേ അടിച്ചിട്ടാണ് പാമ്പ് ചത്തത്.. ഓന് ചൂടോടെ അതിന്റെ പത്തി വെട്ടി പോരെന്റെ ചോരിന്മേല് ഒട്ടിച്ചു. ..
അത്രേം തണ്ടും തടീം ഉള്ള ഓന് കൊയങ്ങി പോയീന്നു...
പിന്നെ ഉള്ള അന്തിക്ക് പാമ്പ് പാറുക്കുട്ടിന്റെ ഒരക്കം കെടുത്തി ..നൂലും മന്ത്രോം കൊണ്ടൊന്നും പെണ്ണിന് കൊറവ് ഉണ്ടായില്ല.

പെണ്ണിന് പേടിക്ക് കെടക്കാന് പോയ സുല്‍ത്താന് കുടീല് പൊറുക്കാനും തൊടങ്ങി...
ആരാണ്ട് തെകഞ്ഞില്ല ..പാറുക്കുട്ടിക്കു വസൂരി വന്നു. ചീഞ്ഞു അളിഞ്ഞ ഓളെ വായന്റെ എലയിലാ കിടതീനിയത്....
ഓളെ മോഹിചോലാരും അങ്ങട്ട് തിരിഞ്ഞു നോക്കിയില്ല ... ഇതാ മനുസംമാരെ കാര്യം. ...
എന്തൊക്കെ പറഞ്ഞാലും ഓന് നല്ലോന... .ഓളെ അങ്ങനെ കേടന്നപ്പോലും നോക്കീലോ ..
ചത്തപ്പോള് ഓളെ കുയീന്റെ മോളില് ഒരു പാലമരം
നട്ടു... കാട് മൂടി ക്കെടക്കണ ആ സ്ഥലം പാമ്പുകളുടെ ഒരു കന്നി മാസമാണ്... എല്ലാ പതിനാലാം രാവിനും പാറുക്കുട്ടി പാലപ്പൂ പൊറുക്കാന് വരും...ഇന്നാട്ടിലെ കൊറേ ആള്‍ക്കാര് അവളെ കണ്ടിട്ടും ഉണ്ടല്ലോ ...
ചൊറി മാറാത്തത് പാമ്പിന്റെ ശാപാന്നു ആദിവാസി മൂപ്പന് പറഞ്ഞത്.
വയനാട്ടില് കെടക്കണ വൈദ്യര് എങ്ങനെ ഇത് അറിഞ്ഞൂന്നാ ന്റെ പുതുമ!!!
" അത് ശരിയാ, ശവ പറമ്പിലെ സര്‍പ്പത്തെ കൊല്ലാന് പാടില്ലാത്രേ .. ചെലപ്പോള് ആത്മാക്കള് ആയിരിക്കും
ഇത് അതോല്ലാന്നു ..ജിന്ന ജിന്ന്.
"ജിന്നുകള് പാമ്പിന്റെ ശേലിലാ വര്വാ. അതീറ്റങ്ങളെ കൊല്ലരുത്. സലാം പറഞ്ഞ് ഒഴിഞ്ഞു പോവാന് പറഞ്ഞാല് മതി" കുടുകുടു മോല്ലാക്കന്റെ വിശ്വാസം പുറത്തു വന്നു.
"ജിന്ന്വാക്കും വികാരോം വിജാരോം ഉണ്ടാവണ്ടിരിക്കോ?
ഒഅലെ പൂമേനി കണ്ടിട്ട് മോഹിക്കാത്തൊരു ആരാ ഇല്ലാത്തത് ഇന്നട്ടില് ... പിന്നല്ലേ ജിന്ന് . അടുത്താഴ്ച ഒന്ന് കൂടി പോണം."
മൂത്താപ്പ കഥ പറഞ്ഞ് നിര്‍ത്തി..
ഓരോരുത്തരും അടക്കിപ്പിടിച്ച ശ്വാസം വിടുമ്പോള് ഏറെ നേരം നിശബ്ദമായ അപ്പച്ചട്ടിയില് നിന്നൊരു 'ചീ..' ശബ്ദം.....
NB : മലപ്പുറം ജില്ല,നിലമ്പൂര്‍ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്

പടച്ചവനോട് ഒരു ചോദ്യം

പുതിയ പ്രോജെച്ടിന്റെ തിരക്കുപിടിച്ച ജോലിക്കിടയിലാണ് സെല് ഫോണ്
ശബ്ദമുണ്ടാക്കിയത്


പരിചയമില്ലാത്ത നമ്പര്... നാട്ടില് നിന്നാണ്... അറ്റന്‍ഡ് ചെയ്തു.

"സര്, ഞാനാണ് അക്ബര്.. എനിക്കിപ്പോള് ഒരു മാറ്റം ആവശ്യമാണ്. സാറേ ഒരു വിസ ശരിയാക്കി തരാമോ "

ഒകെ അക്ബര് , ഞാന് അല്പം തിരക്കിലാ.. വയ്കുന്നേരം വിളിക്കൂ.... ഫോണ് കട്ട് ചെയ്തു.

കഴിഞ്ഞ ഡിസംബറില് ഡല്‍ഹി റെയില്‍വേ സ്റ്റേഷനില് വച്ചാണ് അയാളെ ഞാന് കാണുന്നത്.തിളങ്ങുന്ന കണ്ണുകളും വിഷാദ മുഖവുമുള്ള ചെറുപ്പക്കാരന്‍.
പെന്‍സില്‍ കൊണ്ട് നിമിഷങ്ങള്‍ക്കുള്ളില്‍ ആളുകളുടെ ചിത്രം വരച്ചു
കൊടുക്കുന്നു.ആകാംഷയോടെ
നോക്കി നിന്നു. ഒന്ന് ഞാനും വരപ്പിച്ചു.

ആ മരം കോച്ചും തണുപ്പില്‍ നിസാമുദീന്‍ റെയില്‍വേ സ്റ്റേഷനില്‍ തണുത്ത ഇരുമ്പ് ബഞ്ചില്‍
ഇരിക്കുമ്പോള്‍ പ്ലാസ്റ്റിക്‌ കപ്പില്‍ ചായയുമായ് അയാള്‍ എത്തി.

തണുപ്പില്‍ അതൊരു ആശ്വാസമായിരുന്നു.

റെയില്‍വേ സമയം തെറ്റിക്കുന്നതില്‍ കൃത്യത പാലിച്ചു. ഒരു മണിക്കൂര്‍ വൈകും എന്ന അറിയിപ്പുണ്ടായി.

അവിടെ വച്ചാണ് അക്ബര്‍ സംസാരിക്കാന്‍ ആരംഭിച്ചത്.

ഓര്‍മ വച്ച നാള്‍ തൊട്ടേ അനാഥാലയത്തില്‍ ആയിരുന്നു.

രാത്രിയില്‍ വിളക്ക് ണചാല്‍ ഇരുട്ടത്ത്‌ ഇഴഞ്ഞു വരുന്ന പാചകക്കാരന്‍ ജന്തു ശരീരത്തില്‍ കയറി എന്തെല്ലാമോ ചെയ്യും. ബീഡിയുടെയും വിയര്‍പ്പിന്റെയും കൂടിക്കലര്‍ന്ന
നാറ്റം ഓക്കാനം ഉണ്ടാകുമായിരുന്നു. അയാളുടെ കുതിര ശക്തി അവസാനിക്കുമ്പോള്‍
ദേഹമാസകലം സൂചികൊണ്ട് കുത്തുന്ന വേദന ആയിരിക്കും. തുണിയിലെ പശ ദേഹത്ത്
തട്ടാതിരിക്കാന്‍
ഉരിഞ്ഞു ചുരുട്ടി വയ്ക്കും. എന്നിട്ട് ഉള്ളി
തോലിന്റെ കനമുള്ള പുതപ്പു ശരീരത്തിലേക്ക് വലിച്ചിട്ടു തളര്‍ന്നുറങ്ങും.



എല്ലാം സഹിച്ചത് വിശപ്പിന്റെ കാഠിന്യം കൊണ്ട് മാത്രമായിരുന്നു.

ഭക്ഷണം വിളമ്പി തരുമ്പോള് അയാള് കഴുക കണ്ണുകള്‍ തന്നെ ഉഴിഞ്ഞു നോക്കുന്നുണ്ടാവും. എന്റെ പാത്രത്തില് കൂടുതല് വിളമ്പിത്തരും.

രാത്രിയില് ഇയാളുടെ ശല്യം എന്നാണാവോ അവസാനിക്കുന്നത്! മനസ്സില് പരാവും

ഒന്നാം ക്ലാസ്സില് പഠിക്കുമ്പോള് അവധിക്കാലം ഉമ്മാന്റെ തറവാട്ടില് പോവും. നിറയെ തെങ്ങും കമുങ്ങുമുള്ള തോട്ടമുണ്ടവിടെ...
വെറ്റില മുറുക്കി കുന്ന്നികുരുവിന്റെ ചൊമന്ന ചുണ്ടുള്ള ഉമ്മൂമ്മയുണ്ടവിടെ.

" റബ്ബേ , ഇന്റെ കുട്ടിക്ക് ഇജ്ജ് നല്ലത് കൊടുക്കണേ " ഉമ്മൂമ്മ മടിയിലിരുത്തി പ്രാര്‍ഥിക്കും

അമ്മാവന്റെ കുട്ടികളുടെ കൂടെ കളിക്കാന് ചെന്നാല് പുഴുത്ത പട്ടിയെ കാണുന്ന പോലെ അമ്മായി ഒച്ചവച്ച് ആട്ടി ഓടിക്കും

" അശ്രീകരാന്, ഓന്റെ തല കണ്ടപ്പോ തള്ള പോയില്ലേ.. പിന്നാലെ തന്തേം."

ആരും കാണാതെ തൂണിന്റെ മറവില് നിന്ന് വിങ്ങി കരഞ്ഞു സങ്കടം തീര്‍ക്കും. അനാഥത്തിന്റെ നോവ് ഏറ്റവും കൂടുതല് അനുഭവിച്ച കയ്പ്
കാലം...

രാത്രിയില് ഉമ്മൂമ്മ കഥ പറഞ്ഞു തരും.

ഒരു ദിവസം ഉമ്മാനെപ്പറ്റി ചോദിച്ചു.

" ഇന്റെ ചെറുപ്പം തന്നെ. മൊഞ്ചത്തി " ഉമ്മൂമ്മ കരയാന് തുടങ്ങും .

അതില്‍പിന്നെ ഉമ്മാനെ സ്വപ്നം കാണുമായിരുന്നു.

വസ്ത്രങ്ങള് തുണിസഞ്ചിയില് എടുത്തുവച്ചു മടക്ക യാത്രക്ക് ഒരുങ്ങുമ്പോള് ആരും കാണാതെ ഉമ്മൂമ്മ കുറച്ചു ചില്ലറ തുട്ടുകള് തരും.
മിഠായി വാങ്ങാന്... പക്ഷെ ഞാനത് തകരപ്പെട്ടിയില് സൂക്ഷ്ച്ചു വയ്ക്കും.

ഇറങ്ങുന്നത്തിനു മുന്‍പ് ഉമ്മൂമ്മ തരുന്ന മുത്തങ്ങള് കവിളില് നിന്നെടുത്തു സഞ്ചിയി വയ്കും. അനാഥാലയത്തില് എത്തിയാല് മനസ്സ് നോവുമ്പോള് അവയെടുത്ത് കവിളോട് ചേര്‍ത്ത്
വയ്കും. ... ഈ ലോകത്തിലെ എന്റെ ഏറ്റവും അമൂല്യമായവ .......

രണ്ടാം ക്ലാസ്സില് പഠിക്കുമ്പോഴാണ് ഉമ്മൂമ എന്നെ തനിച്ചാക്കി ഉമ്മച്ചിയുടെ അടുത്തേക്ക്
പോയത് . മയ്യത്തിന്റെ കൂടെ തറവാട്ടില് നിന്നും ഇറങ്ങിയതാണ് .പിന്നീട്
അങ്ങോട്ട് പോയിട്ടില്ല.
ആരും അന്വേഷിച്ചു വന്നതുമില്ല.

അതിനു ശേഷം അവധിക്കാലം അനാഥാലയത്തില് തന്നെ.

പ്രസിഡണ്ട് ഹാജിയുടെ തൊടിയിലെ പണിയെടുക്കണം ... കൂലിയായി അവരുടെ വീട്ടിലെ ബാക്കിവരുന്ന ഭക്ഷണം.

എന്റെ മറ്റു നാല് കൂട്ടുകാര് എന്നെപ്പോലെയല്ല. എന്നാല് അവര്‍ക്കും പോവാന് ഇടമില്ല!!! ഉമ്മമാരെ വേറെ വിവാഹം കഴിപ്പിച്ചു ... ഉപ്പമാര്
വേറെ വിവാഹം ചെയ്തപ്പോള് എല്ലാവര്ക്കും ഇവര് അധികപ്പറ്റായി.
---മാതാപിതാക്കള് ജീവിച്ചിരിക്കുമ്പോള്
അനാഥത്വം പേറുന്നവര്!!!!!

പത്താം തരത്തില് ഉയര്‍ന്ന മാര്‍ക്ക് വാങ്ങി. അവാര്‍ഡ് വാങ്ങുന്നതിനു പിറ്റേ ദിവസം അനാഥാലയത്തിന്റെ പടിയിരങ്ങേണ്ടതാണ്....പത്തു
കഴിഞ്ഞവര് പുറത്തു പോവണം...നിയമം അതാണ്.

മുമ്പില് ശൂന്യത മാത്രം. ഇന്നോളം അറിയാത്തൊരു ലോകത്തേക്കുള്ള കുത്തി ഒഴുക്ക്.

പഠിക്കാനുള്ള മോഹം ഉള്ളില് ആളി കത്തുന്നുണ്ടായിരുന്നു... എന്നാല് വിശപ്പിന്റെ അഗ്നിക്ക് നരകത്തിന്റെ ശക്തിയാണല്ലോ..

പല ജോലികള് ചെയ്തു. .. ഒരുപാട് നാടുകള് കണ്ടു. .. ഏറെ ജീവിതങ്ങളും.

അവസാനം തരക്കേടില്ലാത്ത ഒരു ജോലി കിട്ടിയപ്പോള് ദേശാടനം മതിയാക്കി. ജീവിതത്തെപ്പറ്റി സ്വപ്നങ്ങള് നെയ്യല് തുടങ്ങി....

സ്വന്തമായി ലേബല് ഇല്ലാത്തവര്‍ക്ക് പെണ്ണ് കിട്ടാനും ബുദ്ധിമുട്ട് തന്നെ. അങ്ങനെയാണ് ഉമ്മ മാത്രം ഉള്ള സുഹറയെ ജീവിതത്തിന്റെ
പാതിയക്കിയത്... ചെറിയൊരു ചടങ്ങ് മാത്രം...ആഡംബരങ്ങള് ഇല്ലാതെ
...ആക്ഹോഷങ്ങള് ഇല്ലാതെ..

എത്ര സുന്ദര മായിരുന്നു ആ ദിനങ്ങള്....

പക്ഷെ മാലാഖമാര്‍ക്ക് അസൂയ തോന്നിയിരിക്കാം ..

വിധി ഒരു വര്‍ഗീയ കലാപത്തിന്റെ രൂപത്തിലാണ് വന്നു പതിച്ചത്.

ജോലി സമയത്താണ് ഞാന് അറിഞ്ഞത് .... വീട്ടില് എത്തിയപ്പോള് ..

സുഹറയെ ആരൊക്കെയോ ചേര്‍ന്ന് പിച്ചിചീന്തിയിരിക്കുന്നു..

രക്തക്കളത്തില്‍കിടക്കുന്ന അവളെ കോരിയെടുത്തു ആശുപത്രിയില് എത്തിച്ചു.

ബോധം വന്നപ്പോള് പോലീസുകാരുടെ നീണ്ട ചോദ്യം ചെയ്യല്... പത്രക്കാരും ചാനലുകളും തിമര്‍ത്തു ആഖൊഷിച്ചു .

അങ്ങാടിയിലൂടെ പോവുമ്പോള് അടക്കിയ സംസാരം, പരിഹാസം.... അല്ലെങ്കില് സഹതാപം..

എല്ലാത്തിനും മുമ്പില് തളര്‍ന്നു പോയ മൂന്നു ജന്മങ്ങള്

സുഹ്റ തീരെ സംസാരിക്കാതെയായി ... ഒരു പ്രതിമ കണക്കെ ഇരിക്കും ... വികാരങ്ങളില്ലാതെ.

ഒരു ദിവസം ജോലി കഴിഞ്ഞു വന്നപ്പോള് എനികിഷ്ടപ്പെട്ട വിഭവങ്ങളെല്ലാം ഒരുക്കി വച്ചിരിക്കുന്നു!!!

സുഹ്റ പഴയ കാലത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു.

ദൈവത്തോട് നന്ദി പറഞ്ഞു.. ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് കരുതിയ ജീവിതമല്ലേ മടക്കിക്കിട്ടിയത്!

കിടക്കാന് നേരം അവള് പറഞ്ഞു

" ഇക്ക എന്നെ ത്വലാക് ചൊല്ലണം. ഇല്ലെങ്ങില് ഞാന് മരിക്കും"

ഞാന് പറഞ്ഞു മനസ്സിലാകാന് നോകി നോക്കി

കഴിഞ്ഞതെല്ലാം ഒരു ദുസ്വപ്നം കണക്കെ മറക്കണമെന്ന്.

അവളുടെ തീരുമാനം പാറ പോലെ ഉറച്ചതായിരുന്നു.

അവളുടെ ജീവനാണ് ഞാന് വില നല്‍കിയത്. മൊഴി ചൊല്ലിയാലും അവളെ ജീവനോടെ കാണാമല്ലോ. .. അത്രയും ആശ്വാസം. അങ്ങിനെ മൊഴി എന്ന
രണ്ടക്ഷരം കൊണ്ട് അവള് എനിക്ക് അന്യയായി.

പിറ്റേന്ന് ഇടി വെട്ടേറ്റ പോലെയാണ് ആ വാര്‍ത്ത കേട്ടത് . " 'ബലാല്‍സംഗത്തിന് ഇരയായ സ്ത്രീ ആത്മഹത്യ ചെയ്തു'.

മയ്യിത്ത് കാണാന് ചെന്നപ്പോള് ആള്‍ക്കാര് എതിര്‍ത്ത്.

ഞാന് അവള്‍ക്കു അന്യപുരുഷനാണ്. ഞാനവളുടെ മരണത്തിനു കാരണംപോലും'

അക്ബര് കണ്ണീര് തുടച്ചു.

പോലീസ് ചോദ്യം ചെയ്യുമ്പോഴാണ് അറിയുന്നത്, സുഹറ ഒരു ഉമ്മയവാന് പോകുവായിരുന്നെന്നു.

അന്ന് എന്റെ മനസ്സിന്റെ താളം തെറ്റിയതാണ് ..... പിന്നെ അലച്ചില് തന്നെ. ഇപ്പോള് ഇവിടെ എത്തി നില്‍ക്കുന്നു..

ഇപ്പോഴും ഞാന് നോര്‍മല് അല്ല എന്ന് എനിക്കറിയാം.

അവന്റെ ചൂടാറി തണുത്ത ചായയില് ഒരീച്ച എവിടുന്നോ വന്നു വീണു...

പരലോകത്ത് ദൈവത്തെ കാണുമ്പോള് ഒരു ചോദ്യമുണ്ട്

എന്തിനാ എനിക്കിങ്ങനെ ഒരു ജീവിതം തന്നതെന്ന് ….

നര

ഓഫീസില് പോകാന്‍ വൈകിയപ്പോള്‍ ഒരു കാക്കക്കുളിയും കഴിച്ചു കണ്ണാടിയുടെ മുമ്പില്‍ നിന്നും മുടി ചീകുംബോഴാണ് ഒറ്റയാന്‍ എന്ന രീതിയില്‍ നില്‍ക്കുന്ന വെള്ളിവര കാണുന്നത്. ബാച്ചിലര്‍ റൂമിലും ഓഫിസിലും എന്നും പതിനാറുകാരനായ് നടക്കാനുള്ള ആഗ്രഹത്തിനു വിലങ്ങു തടിയായ് ഇവന്‍ പ്രത്യക്ഷപ്പെട്ടത്.പരോളെന്ന പോലെ വീണു കിട്ടുന്ന വെള്ളിയഴാച്ചയില്‍ അധികമൊന്നും ആരും വന്നെത്താത്ത ബാലദിന്റെ ഒരു മൂലയിലുള്ള മലയാളി ബാര്‍ബര്‍ ഷോപ്പില്‍ പോയി മുടിവെട്ടുമ്പോള്‍ തൊട്ടടുത്ത ആള്‍ കേള്‍ക്കാതെ ശബ്ദം താഴ്ത്തി മുടി കറുപ്പിക്കാനുള്ള മരുന്ന് ചോതിച്ചു.
" ഡേയ് ചെയ്യുകയാണ് ഏറ്റവും നല്ലത്. അല്ലെങ്കിലും ഡേയ് ഉണ്ടാക്കുന്ന കമ്പനി സമരത്തിലായാല്‍ മിക്ക ഗള്‍ഫ് ചെറുപ്പക്കാരുടെ യഥാര്‍ത്ഥ പ്രായം അറിയും. രാത്രി സൂര്യന്‍ ഉദിച്ച്ചാല്‍പിറ്റേന്ന് ഒരുപാട് ആത്മഹത്യ നടക്കും എന്ന് പറഞ്ഞ പോലെ. ഏതായാലും ഒരു പ്രത്യേക എണ്ണയുണ്ട്. അത് വാങ്ങി തേച്ചു നോക്കൂ"
കുളി കഴിഞ്ഞ്തേക്കുന്ന കറുത്ത എണ്ണ മലയാളിക്കടകളില്‍ കിട്ടുമെന്നറിഞ്ഞപ്പോള്‍ ആശ്വാസമായി. albaik ബ്രോസ്ട്ടിന്റെ മുമ്പിലുള്ള നീണ്ട ക്യൂ വും കടന്നു തൊട്ടടുത്ത ബാക്കാലയില്‍ ചെന്ന് ചോതിച്ച്ച്ചപ്പോള്‍ വിഡ്ഢിപ്പെട്ടിയില്‍ കാണുന്ന എല്ലാ തരത്തിലുള്ള എണ്ണകളും സായാഹ്നത്തില്‍ എത്തി നില്‍ക്കുന്ന മലയാളി കാണിച്ചു തന്നു. ഇതൊന്നുമല്ല പ്രത്യേക തരം എണ്ണയാണ് എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹവും ആദ്യമായാണ്‌ അങ്ങനെ ഒരു എണ്ണയെപ്പറ്റി കേള്‍ക്കുന്നത്
അടുത്ത കടയില്‍ അന്വേഷിക്കാം എന്ന് കരുതി പുറത്തിറങ്ങാന്‍ തുടങ്ങുമ്പോള്‍
"രു മിനിട്ട് , ഒരു കാര്യം പറയാനുണ്ട്. "
കടയുടെ മൂലയിലേക്ക് മാറ്റി നിര്‍ത്തി സ്നേഹത്തോടെ കടക്കാരന്‍
" ആ എണ്ണ കിട്ടുകയാനെഞ്ഗില്‍ ഒരു കുപ്പി അധികം വാങ്ങണേ. കൂടുതല്‍ വില തരാം. ആരും അറിയണ്ട"
അപ്പോള്‍ അയാളിലെ ഭാവം നവരസങ്ങളില്‍ ഏതാണ്ന്നു അറിയില്ല.


* മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ചത് . 

സായാഹ്നം

ഇയ്യിടെയായി പകല്‍ കൊഴിഞ്ഞു വീഴുമ്പോള്‍ അയാള്‍ക്ക്‌ നിരാശയും ഭയവും കൂടി കലര്‍ന്ന ഒരു വികാരമാണ്. ഏകാന്തത വല്ലാതെ പേടിപ്പെടുത്തുന്നു. മരണത്തെ കുറിച്ചുള്ള ചിന്തയുമായി ഇരുട്ടിലേക്ക് തുറിച്ചു നോക്കി കിടക്കുമ്പോള്‍ ഇന്നലെകളുടെ പുക മഞ്ഞു മാറ്റി
ആയിശു എത്തും.

കിടന്നലുടന്‍ തൊട്ടടുത്ത കട്ടിലില്‍ ആയിശു ഉണ്ടെന്ന തോന്നലാണ്.മുറുക്കി ചോപ്പിച്ച ചുണ്ടും ചിറ്റും ഏലസ്സും അണിഞ്ഞു ചെറു പുഞ്ചിരിയുമായി അവളിരിക്കും. ചില രാത്രികളില്‍ പുലരും വരെ അവളുണ്ടാവും കൂട്ടിനു.കഞ്ഞുന്ന്യാതിഎന്‍ണ്ണ യുടെയും വിയര്‍പ്പിന്റെയും സമ്രിശ്രമായ സുഖമുള്ള അവളുടെ
മണം മുറിയിലാകെ പടരും. നേരം വെളുത്താലും ആ ഗന്ധം മുറിയില്‍ തങ്ങി നില്‍പ്പുണ്ടാവും.
അത് ആരോടും പറയില്ല. പ്രായം കൂടുമ്പോള്‍ പിച്ചും പേയും പറയുകയാണ് എന്ന് പറഞ്ഞുള്ള പരിഹാസം
കേള്‍ക്കണ്ടല്ലോ.

ഇന്നലെയുടെ ചെല്ലം തുറന്നാല്‍ ......

വളരെ ചെറുപ്പത്തില്‍ കൈ പിടിച്ചതാണ് അവളെ. മരണം വരെ ഒറ്റ ദിവസം പോലും പിരിഞ്ഞു നിന്നിട്ടില്ല.

ചെറിയ വരുമാനം കൊണ്ട് വലിയ കുടുംബത്തിന്നു ഊടും പാവും നെയ്യുമ്പോള്‍ കഷ്ടപ്പാടിന്റെ കൈപ്പുനീര്‍ തേനാക്കി മാറ്റാന്‍ അവള്‍ക്ക് സാധിച്ചിരുന്നു.

പാടത്ത് പണി എടുക്കുമ്പോള്‍ പത്ത് മണിക്കുള്ള ചൂടുള്ള കട്ടന്‍ ചായയും ആവി പറക്കുന്ന കപ്പ പുഴുക്കും എരിവുള്ള മത്തിക്കറിയും കൂട്ടി വിളമ്പി തരുമ്പോള്‍ സ്ത്രീ സഹജമായ

നാണം കാണാന്‍ നല്ല ചന്തമായിരുന്നു. ഭക്ഷണം കഴിഞ്ഞു അവളുടെ പുള്ളിത്തട്ട ത്തിന്റെ തലപ്പ്‌ കൊണ്ട് മുഖം തുടച്ച്ചാലെ ആഹാരത്തിന്റെ സംതൃപ്തി കിട്ടിയിരുന്നുള്ളു.

മക്കളും മരുമക്കളും ഉണ്ടെങ്കിലും തന്റെ വസ്ത്രങ്ങള്‍ അവള്‍ തന്നെ ആയിരുന്നു അലക്കി തേച്ചു തന്നിരുന്നത്. അതില്‍ അവള്‍ സന്തോഷം കണ്ടെത്തിയിരുന്നു...


ചെറിയ പിണക്കമുണ്ടാവുമ്പോള്‍ രണ്ടാളുംകൂടിയുള്ള ചില്ലിട്ട ഫോട്ടോ ചുമരില്‍ നിന്നെടുത്തു അലമാരയില്‍ കൊണ്ട് വയ്ക്കും. ദേഷ്യം ഇറങ്ങികഴിയുമ്പോള്‍ ഒരു ചെറിയ പുഞ്ചിരിയുമായ് മെല്ലെ കൊണ്ട് വന്നു ആണിയില്‍ തന്നെ തൂക്കും..

വാര്‍ധക്യം പെട്ടന്നവളെ ബന്ധസ്തയാക്കി ..

നമസ്കാരം കഴിഞ്ഞു സീരിയല്‍ കാണാനിരിക്കുമ്പോള്‍ അവള്‍ ഓര്‍മപ്പെടുത്തും.

" മരിച്ചു പോണം ഇന്ന വിജാരം ഇല്ലേ നിങ്ങള്ക് ? ഇപ്പൊ ചൊറിയണ ചെമ്പായാലും ഞാനുണ്ട്. ഇന്റെ കാലശേഷം ആരും ഉണ്ടാവില്ല പറഞ്ഞു തരാന്‍."

ശരിയാണ്. അവള്‍ പോയപ്പോഴാണ് മനസ്സിലായത്‌...കണ്ണുള്ളപ്പോള്‍ അതിന്റെ വില അറിയില്ലെന്ന്.

അവള്‍ ഏത് തിരക്കിലാനേലും " ദൈക' എന്ന് വിളിച്ചാല്‍ ഓടി എത്തിയിരുന്നു... മറ്റൊരു ലോകത്തേക്ക് പോകുന്ന തിരക്കിലും താന്‍ വിളിച്ചപ്പോള്‍ വേദനയുടെ ഞരക്കത്തില്‍ ഒടുവിലത്തെ വിളി കേട്ടത് ഓര്‍കുമ്പോള്‍ വല്ലാത്തൊരു നീറ്റല്‍

ആരാണാദ്യം പോവുക എന്ന് എത്രയോ തവണ തര്‍ക്കിച്ചു ചിരിച്ചതാണ് ...പക്ഷെ അവള്‍ മരണത്തില്‍ തോല്‍പ്പിച്ചു കളഞ്ഞു.

മക്കളെ പഠിപ്പിച്ചു നല്ല നിലയിലാക്കി. മരുപ്പച്ച തേടി അവര്‍ കടല്‍ കടന്നപ്പോള്‍ മാതാപിതാക്കളോടുള്ള സ്നേഹത്തിനു പോലും പിശുക്ക് കാണിക്കാന്‍ തുടങ്ങി. മക്കളുണ്ടാവാന്‍ ഭാഗ്യം വേണം ...അതിലേറെ ഭാഗ്യം വേണം അവരുടെ അടുത്ത് നിന്നും കിട്ടുന്ന
സ്നേഹം അനുഭവിക്കാന്‍. ..

ഏറ്റവും കൂടുതല്‍ ലാളിച്ചത് ചെറിയ മകനെ ആയിരുന്നു. വല്ലപ്പോഴും വരുന്ന ഫോന്‍ വിളിയില്‍ അറിയേണ്ടത് പാടത്തിന്റെ കാര്യവും പറമ്പിലെ ആദായത്തിന്റെ കണക്കും മാത്രം..

കഴിഞ്ഞാഴ്ച അവന്‍ നാട്ടില്‍ എത്തിയപ്പോള്‍ വളരെ സന്തോഷം തോന്നിയിരുന്നു. ഭാര്യക്കും കുഞ്ഞിനും വിസ കൊണ്ട് വന്നപ്പോള്‍ താന്‍ അവര്‍ക്ക് ചോദ്യ ചിന്ഹമായി..പെണ്മക്കള്‍ വിളിക്കും എന്ന് കരുതി. എടുക്കാത്ത നാണയം പോലെ അവര്‍ക്കും തന്നെ വേണ്ടി വന്നില്ല. അവസാനം
വൃധസദനമായി ഉത്തരം. ആയിശു ഇല്ലാത്തത് ഭാഗ്യം...

തലയിണയില്‍ മുഖമമര്‍ത്തി തേങ്ങി... കണ്ണീരിന്റെ ഉപ്പുരസം തലയിണ അറിഞ്ഞു ..എല്ലാ രാത്രി പോലെയും...

പുറത്തു മഴ തിമര്‍ത്തു പെയ്യുമ്പോള്‍ സ്നേഹത്തിന്നു കേഴുന്ന ഒരു വേഴാമ്പലിന്റെ രൂപമായിന്നു അയാള്‍ക്ക്‌.

സ്വപ്നങ്ങളിലെ വസന്തം

വെള്ളിയാഴ്ച ഉച്ചയൂണ് കഴിഞ്ഞ് സുഖമുള്ളൊരു മയക്കത്തിന്റെ സമയത്താണ് കോളിംഗ് ബെല്‍ ചിലച്ചത്.
ഉറക്കച്ചവടത്തോടെ വാതില്‍ തുറന്നപ്പോള്‍
മുഖത്ത് നിറഞ്ഞ പുഞ്ചിരിയുമായി രാജന്‍ നില്ക്കുന്നു അവന്‍ അവധി കഴിഞ്ഞ് വന്നതാണ്. അകത്തേക്ക് ക്ഷണിച്ചു
രാജന് വിദ്യാഭ്യാസം കുറവാണെങ്കിലും അവന്റെ മുഖം മൂടിയില്ലാത്ത സ്വഭാവം എനിക്ക് ഇഷ്ടമാണ്.
കറുത്ത് നീണ്ടു മെലിഞ്ഞ ശരീരം. എല്ലുകളെ പൊതിഞ്ഞിരിക്കുന്നത് തൊലി മാത്രമാണോ എന്ന് സംശയിപ്പിക്കും. കഷണ്ടി കയറിയ തലയിലെ പകുതി നരച്ച മുടി എണ്ണയിട്ടു ചീകി ഒതുക്കിയിരിക്കുന്നു.വലിയൊരു കുടുംബത്തിന്റെ ഒഴിവാകാനാവാത്ത വേനല്‍ കുടയാണ് അവന്‍.
ജീവിതം കഷ്ടപ്പാടിന്റെ കടലിലൂടെ ലക്ഷ്യമില്ലാതെ ഒഴുകുമ്പോഴാണ് ഗള്‍ഫില്‍ വിസ കിട്ടിയത്.
കാലാവസ്ഥയോടും മണ്ണിനോടും ഉപരി സകല വികാരങ്ങളോടും ഉള്ള ഒടുങ്ങാത്ത സമരം വയസ്സായ വണ്ടി ക്കാളയെപ്പോലെ ആക്കിത്തീര്തിരിക്കുന്നു അവനെ ...
ഇന്ന് കമ്പനി നില്ക്കുന്നിടം ഒരു കൃഷി സ്ഥലമായിരുന്നു...രാജന് അതിലെ തൊഴിലാളിയും.
കൃഷിസ്ഥലം കമ്പനി ആയി മാറിയപ്പോള്‍ രാജന് തൊഴിലും ഇല്ലാതെ ആയി.കമ്പനിയുടെ കാരുണ്യം കൊണ്ട് അവനു തൊഴിലാളി പട്ടികയില്‍ ഇടം കൊടുത്തു.
ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള കിണറ്റില്‍ നിന്നും വെള്ളമടിക്കുക, നാല് ചുറ്റും മതില് പോലെ വളര്‍ന്നു നില്ക്കുന്ന മരങ്ങളേയും ചെടികളേയും ഏതു കാലത്തും വെള്ളം കൊടുത്തു പോറ്റി വളര്‍ത്തുക. ഇതാണ് രാജന്റെ ജോലി.
തകര ഷീറ്റ് കൊണ്ടുണ്ടാക്കിയ കുടിലിലെ ഒറ്റ മുറിയില് തന്നെയാണ് പാചകവും ഉറക്കവുമെല്ലാം.വൈദ്യുതിയും ശീതീകരണ ഉപകരണങ്ങളും ആ മുറിക്കു അന്ന്യമാണ്...
തോലിപോലും കരിഞ്ഞു പോകുന്ന ചൂടിലും ഇടുങ്ങിയ മുറിയുടെ ശ്വാസം മുട്ടലിനെക്കുറിച്ചോ രാജന് പരാതി പറഞ്ഞിട്ടില്ല... ഒരു പക്ഷെ അതിലും തീവ്രതയുള്ള കനലായിരിക്കും ഉള്ളിലുണ്ടായിരുന്നത്.
രാജന് കൂട്ടിനു ഒരു റേഡിയോ ഉണ്ട്. അതിനെ ജീവനാണ് അവന്‍. പുലര്‍കാലത്തില്‍ ചൂടുള്ള സുലൈമാനിക്കൊപ്പം സിലോണില്‍ നിന്നുള്ള പഴയ ഹിന്ദി സിനിമാ ഗാനങ്ങളില്‍ ലയിച്ചു കുറച്ചു നേരം ഇരിക്കണം... എന്നാലെ അന്നത്തെ ദിവത്തിന് ഒരു ഉണര്‍വ് ഉണ്ടൂവൂ.
നേരത്തേ അത്താഴം കഴിച്ച് വാത്സല്യത്തോടെ റേഡിയോ യെ മടിയില്‍ കിടത്തും..അവന്‍ തല തിരിച്ചു പിടിച്ചു മേലോട്ട് നോക്കി നോബ്ബ് തിരിക്കും... ഇടയ്ക്ക് ഒന്ന് കുലുക്കി കാതോടടുപ്പിച്ചു വീണ്ടും നോബ്ബ് ചലിപ്പിക്കും. .. രാത്രി ഡല്‍ഹി സ്റ്റേഷനില്‍ മലയാളം പരിപാടികള് ഉണ്ട്. അത് കഴിഞ്ഞേ കിടക്കൂ..
പിന്നെ ഏതൊരു പ്രവാസിയെപ്പോലെ അവനും സ്വപ്നങ്ങള് നെയ്യാന്‍ തുടങ്ങും...
എനിക്കിപ്പോഴും നല്ല ഓര്‍മയുണ്ട് .
ഒരു ദിവസം രാജന് റേഡിയോ യുമായി ഓടിക്കിതചച്ചു വില്ലയില്‍ വന്നു.
" തമിഴ് നാട്ടില്‍ രാമര്‍ എന്നയാള് പച്ചിലയില് നിന്നും എണ്ണ കണ്ടു പിടിച്ചു !!!'
ഉള്ള പത്ത് സെന്ററില്‍ ആ പച്ചില കൃഷി നടത്താം എന്നാണ് മോഹം. ഭാവിയുടെ ആവേശത്തിന്റെ തിരതല്ലല്‍ ആ മുഖത്ത് ഞാന്‍ കണ്ടു ...
" അത് തട്ടിപ്പായിരുന്നു.. കണക്കു കൂട്ടലുകളൊക്കെ വെറുതെ ആയി." കുറച്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷം അവന്‍ തന്നെ പറഞ്ഞു.
മറ്റൊരു ദിവസം ഒരു ബംഗാളിയും കൂട്ടിയാണ് വന്നത്.
" ബംഗ്ലാദേശില് എണ്ണ കണ്ടെത്തി, ഭാവിയില് ഇവന്‍ ഒരു വിസ തരാം എന്ന് സമ്മതിച്ചിട്ടുണ്ട്."
നാളുകള്‍ക്കു ശേഷം രാജന്‍ തന്നെ മെല്ലെ പറഞ്ഞു ..
'അതൊരു ലുങ്കി ന്യൂസ് 'ആണെന്ന്.
ഞാന്‍ ഓഫീസിലേക്ക് ഇറങ്ങുമ്പോഴാണ് ഒരു ഹിന്ദി ഗാനം മൂളിക്കൊണ്ട് രാജന്‍ എത്തിയത്.
വീട്ടുകാര്‍ അയച്ചു കൊടുത്ത പെണ്കുട്ടിയുടെ ഫോട്ടൊയുണ്ട്
കയ്യില്‍ . ചൂടുള്ള ചായ ഊതി ക്കുടിക്കുമ്പോള്‍ അവന്‍ ഞങ്ങള്ക്കായ് വിവരിച്ചു.
കോടമഞ്ഞില് വയല്‍ വരമ്പത്ത് വീണു കിടക്കുന്ന നെല്ക്കതിരുകളെ വകഞ്ഞു മാറ്റി, നനഞ്ഞ പുല്ലിനെ വേദനിപ്പിക്കാതെ നടന്നു പോകുന്ന പാല്‍ക്കാരി പെണ്‍കിടാവ്. അവന് എതിരെ വരുമ്പോള്‍ ഇളം പുഞ്ചിരിയോടെ അവള്‍ പാടത്തേക്കു ഇറങ്ങി വഴിമാരിക്കൊടുക്കുമായിരുന്നു..തൊട്ടാവാടിയുടെ പൂമ്പൊടി നീലപ്പവാടയുടെ അടിയില്‍ പറ്റി പ്പിടിച്ച്ചി ട്ടുണ്ടാവും... അവള്‍ പോവുമ്പോള്‍ മുല്ലപ്പൂവിന്റെയും കാച്ചിയ എണ്ണയുടെയും ഒരു സുഗന്ധമാണ്. ...
ആ പെണ്‍കുട്ടിയെ കണ്മുമ്പില് കാണുന്ന വര്‍ണ്ണന !!!!!
നാട്ടില് പോവാന്‍ അപേക്ഷ കൊടുത്തത് മുതല്‍ അവനില്‍ ആഹ്ലാദത്തിന്റെ വസന്തമായിരുന്നു.
സ്വന്തം നാട് കാണാന്‍ പോവുന്നവരില്‍ വച്ച് ഞാന്‍ കണ്ടത്തില് വച്ച് ഏറ്റവും കൂടുതല്‍ സന്തോഷമുള്ള തൊഴിലാളി രാജനായിരുന്നു.
ഇന്നവന് മടങ്ങി എത്തിയിരിക്കുന്നു... വീണ്ടും ജീവിതത്തിന്റെ മരുഭൂമി താണ്ടാന്‍..
ജന്മ ദേശത്തിന്റെ തോട്ടരിയാല്‍ അവനില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല...
വളരെ സന്ദേഹത്തോടെ യാണ് കാര്യങ്ങള്‍ അന്വേഷിച്ചത് ..
" ഞാന്‍ ഗള്‍ഫില്‍ വന്നിട്ട് എട്ടു വര്‍ഷമായില്ലേ .. പെങ്ങന്മാരെ കല്യാണവും വീട് നന്നാക്കലും കുടുംബക്കാരെ സഹായിക്കലുമായി കാലം കറങ്ങിയത് ഞാന് അറിഞ്ഞില്ല ..
ഗള്ഫില് എത്തിയ ആദ്യ വര്ഷം അറബിക്ക് ചായയും ഖാഹ്വയും ഉണ്ടാക്കാന് നിന്ന കാലത്ത് എടുത്ത ഫോട്ടോ യാണ് പെണ്ണിന്റെ വീട്ടുകാര്ക്ക് അയച്ചു കൊടുത്തത്.
നേരില്‍ കണ്ടപ്പോള്‍ അവള്‍ക്കു ഇഷ്ടപ്പെട്ടില്ല..
അവളെ പറഞ്ഞിട്ടും കാര്യമില്ല. കാലം എന്നില് ഒരുപാട് മാറ്റം വരുത്ത്തിയില്ലേ.. വേറെ വിവാഹം കഴിക്കാന് വീട്ടുകാര് പറഞ്ഞില്ല.. ഡ്രാഫ്റ്റ്ഇലെ അക്കങ്ങള് കുറയും എന്ന് കരുതിയിട്ടാവും.... ഏറെക്കാലം മനസ്സിലിട്ടു താലോലി ച്ച്ചതല്ലേ... മറ്റൊരു വിവാഹത്തിന് മനസ്സ് പാകമായില്ല...
അവന്റെ കണ്ണില് ആശുകണങ്ങള് പൊടിയുന്നു...
അപ്പോള്‍ സമാധാനിപ്പിക്കാന്‍ പറ്റിയ ഏറ്റവും ശ്രേഷ്ടമായ വാക്കുകള്‍ തിരയുകയായിരുന്നു ഞാന്‍.

പ്രയാണം

നീണ്ട ഒരു ദിവസത്തിന്റെ ചുമട് ഇറക്കിവയ്ക്കുന്ന തിരക്കിലായിരുന്നു അയാള്‍. ആടുകലെയെല്ലാം കമ്പി വേലിക്കുള്ളിലാക്കി.
വരണ്ടുണങ്ങിയ തൊണ്ട നനക്കാന്‍ ചാക്ക് കൊണ്ട് പൊതിഞ്ഞു കെട്ടിയ പ്ലാസ്റ്റിക് പാത്രത്തില് നിന്നും അല്പം വെള്ളമെടുത്ത് കുടിച്ചു.
കുറെ അകലെ മലയാളിയുടെ വിലാസത്തില്‍ വരുന്ന കത്തുകളും അയാളുടെ ഔദാര്യം കൊണ്ട് കൂടെ കൊടുത്തു വിടുന്ന പഴയ ന്യൂസ് പേപ്പറും ഗ്രാമവാസിയായ നല്ലവനായ അറബു വംശജന് കൊണ്ടു വന്നു തരും.അതിലൂടെയാണ് പുറം ലോകം കാണുന്നത്.
പഴകിപ്പുളിച്ച വാര്‍ത്തകള്‍ ചരിത്രമായി തീര്‍ന്നിട്ടുങ്ങിലും ആര്‍ത്തിയോടെ അകത്താക്കും.
കിടിപ്പിലായ അമ്മ മുടങ്ങാതെ എഴുതും. പരിഭവങ്ങളും പരാതികളും ആവശ്യങ്ങളും ഇല്ലാത്ത നാട്ടില്‍ നിന്നും വരുന്ന ഏക എഴുത്ത്.
കത്ത് വായിച്ചപ്പോള്‍ വിശപ്പ് എങ്ങോ ഓടി ഒളിച്ചു.
രാത്രി ഏറെ ആവുമ്പോള്‍ മരുഭൂമിയില്‍ തണുപ്പ് പടരും..
ഇരുട്ടില്‍ കിടന്നു ദൂരെ തല ഉയര്‍ത്തി നില്‍ക്കുന്ന ജബല് സൂരിലേക്ക് നോക്കി വായിച്ച വാര്‍ത്തകള്‍ അയവിറക്കുന്നത് ഒരു ശീലമാണ്. മനസ്സ് മുഴുവനും വീട്ടില് നിന്നുള്ള കത്തിലായിരുന്നു...ഒരു തരം നീറ്റല് ......
ഗതകാലത്തിലേക്ക് ഊളിയിട്ടു.
ചെറിയ ക്ലാസ്സില്‍ പഠിക്കുന്ന കാലം...
രണ്ടു കരക്കും കൈതച്ചെടികള്‍ വളര്‍ന്നു നില്‍ക്കുന്ന തോടും കടന്നു വിശാലമായി പരന്നു കിടക്കുന്ന പാടത്തിനുo അക്കരെയാണ് സ്കൂള്‍ . അയല്‍പക്കത്തെ ഉണ്ണി ഏട്ടന്റെ കൂടെ ആയിരുന്നു സ്കൂള്‍ യാത്ര. നാല് ക്ലാസ്സിനു മുമ്പിലുള്ള ഏട്ടന്‍ വരമ്പിലൂടെ നടക്കുമ്പോള്‍ പാടത്ത് കാണുന്ന ചെറിയ മീനുകളോടും തവലകളോടു മൊക്കെ സംസാരിക്കുന്നത് കേള്‍ക്കാന് നല്ല രസമായിരുന്നു. ഏട്ടന്റെ അമ്മയെ ഞാനും അമ്മയെന്നാണ് വിളിച്ചിരുന്നത്. അമ്മ പദ്യം ചൊല്ലുമ്പോള്‍ ആ രംഗം മുന്നില് കാണുമായിരുന്നു.
വിധിയെ തടുക്കാന്‍ ആര്‍ക്കു കഴിയും?
ആയിടക്ക്യാണ് പട്ടാളത്തില് നിന്നും ഏട്ടന്റെ അച്ചനെ കാണാനില്ലെന്ന കമ്പി വന്നത്.
അമ്മയും അചച്ചനും ഉറങ്ങാന് കിടക്കുമ്പോള് പറയുന്നത് കേട്ടു
" മരിച്ചിട്ടുണ്ടാവും. മരിച്ചാലും പട്ടാളത്തില് കാണാനില്ലെന്നെ പറയൂ."
ഉണ്ണിയേട്ടന്റെ അമ്മ അതിനു ശേഷം വെള്ള സാരി മാത്രമേ ഉടുത്തിരുന്നുള്ളൂ..
പഠനത്തില് മിടുക്കരായിരുന്ന മക്കളായിരുന്നു അവരുടെ ആകെയുള്ള സമ്പാദ്യം.വേനലും വിഷുവും വര്‍ഷങ്ങളും കഴിഞ്ഞപ്പോള്‍ ഉണ്ണിയേട്ടന് കോളേജില് ചേര്‍ന്നു.
ഏട്ടന്റെ സ്വഭാവത്തില് വലിയ മാറ്റം.എപ്പോഴും വായന തന്നെ.!!!കടിച്ചാല് പൊട്ടാത്ത ഓരോ വാക്കുകള് പറയുന്നതോടൊപ്പം വ്യവസ്ഥിതിക്ക് മാറ്റം വരണം എന്നും പറയുന്നത് കേള്‍ക്കാം.
ഒരു ദിവസം സ്കൂള് വിട്ടു വരുന്ന സമയത്ത് ഉണ്ണിയേട്ടന്റെ വീട്ടില് നിറയെ ആള്‍ക്കാര്‍ ..കൂടെ ഒരുപാട് പോലീസുകാരും ..
കയ്യിലുള്ള പുസ്തകക്കെട്ട് എങ്ങോ എറിഞ്ഞ് ഓടിച്ചെന്നു... മൌനം തളം കെട്ടി നില്‍ക്കുന്ന അന്തരീക്ഷം....
ഇടയ്ക് അമ്മയുടെ തേങ്ങല് മാത്രം...
തിണ്ണയില് വെള്ളത്തുണിയില് പുതപ്പിച്ചിരിക്കുന്നു ഉണ്ണിയേട്ടനെ.
" വ്യവസ്ഥിതി മാറ്റത്തിന്നു നടക്കയായിരുന്നില്ലേ ... വെടികൊണ്ടാതാണ് പോലും.." പുരത്താരുടെയോ സംസാരം.
കരയുന്ന തന്നെ നോക്കി തൊട്ടടുത്ത് നില്‍ക്കുന്ന പോലീസുകാരന് കണ്ണ് കാണിച്ചു പേടിപ്പിച്ചു...
ഉണ്ണിയേട്ടന് ഇല്ലാത്ത ആ വീടിന്നു ഒരു ഭംഗിയും ഇല്ലായിരുന്നു.
കാലം കഴിഞ്ഞപ്പോള് അമ്മയുടെ രണ്ടു മക്കളും ഉയന്ന ഉദ്യോഗസ്ഥരായി..മേച്ചില്‍പ്പുറം തിരഞ്ഞു കടല് കടന്നു..
അധികം വൈകാതെ അവരുടെ കുടുംബത്തെയും കൊണ്ടു പോയി.
കഴിഞ്ഞ ലീവിലാണ് അറിഞ്ഞത് ..ആ വീട് കൊടുത്തു എന്ന്..
അമ്മയെ സദനത്തിലുമാക്കി..
കഴിഞ്ഞ ലീവില് അമ്മയെ കാണാന് പോയിരുന്നു..
"മക്കളെ കണ്ടും മാംപൂ കണ്ടും സ്വപ്നം കാണരുതെന്ന് പറയുന്നത് ശരിയാണ്..ഇനി മോന് വരുമ്പോഴേക്കും ഞാന് ഉണ്ടാവില്ലെന്നാതോന്നുന്നത്."
ശോഷിച്ച കൈകള് കൊണ്ടു തലോടുമ്പോള് പറഞ്ഞു.
അരം പറ്റിയ വാക്കുകള് ... തണുത്തൊരു കാറ്റ് അയാളെ ഇന്നലെകളില് നിന്നും ഉണര്‍ത്തി...അപ്പോഴും അമ്മയുടെ കത്തിലെ വരികളായിരുന്നു മനസ്സില്
നമ്മുടെ ഉണ്ണിയുടെ അമ്മ മരിച്ചു.. ലീവ് കിട്ടില്ല എന്ന് പറഞ്ഞു മക്കള് രണ്ടു പേരും വന്നില്ല. ..പൊതു ശ്മശാനത്തില് അടക്കി....

ആസാദ് പാന് ഷോപ്പ്.

തിമര്ത്തു പെയ്യുന്ന മഴയത്താണ് പോസ്റ്റ്മാന് അപ്പുണ്ണി കമ്പിയുമായി കോലായില് വന്നു കയറിയത്.
ഒപ്പിട്ടു വാങ്ങി. ഉപ്പ അത് വായിച്ചു മെല്ലെ കസേരയിലേക്ക് ചാഞ്ഞു.
ഞാന്‍ ആ കടലാസ് വാങ്ങി വായിച്ചു.
" ജബ്ബാര് ഇന്നലെ പുലര്ച്ചെ നമ്മളെ വിട്ടു പോയി. അദ്ദേഹത്തിന്റെ ആഖിരാത്തിനായി പ്രാര്‍ത്ഥിക്കാന്‍ അപേക്ഷിക്കുന്നു."
തറവാട്ടില് പെട്ടന്ന് ഒരു നിശബ്ദദ പടര്ന്നു. ഭൂമിയുടെ കറക്കം ഒരു നിമിഷം സ്തംഭിച്ചപോലെ.
എല്ലാ വര്ഷവും ആഗസ്റ്റ് മാസത്തിലാണ് ജബാറിന്റെഎഴുത്ത് വരുന്നത്. അവസാനം വന്ന കത്തില് മുഴുവനും അസ്തമനവും വേര്പാടിന്റെ നൊമ്പരവും ആയിരുന്നു..ഇനി മറ്റൊരു ലോകത്ത് വച്ചു എല്ലവരേയും കാണാമെന്നും ... പക്ഷെ അത് ഇത്ര പെട്ടന്ന് ആവുമെന്ന് ആരും കരുതിയില്ല.!!!
ജബ്ബാറിനെക്കുറിച്ച് ഞങ്ങള്ക്ക് കേട്ടറിവേ ഉള്ളൂ.
ഉപ്പൂപ്പാന്റെ കാലത്ത് തറവാട്ടില് അടുക്കള ജോലിക്ക് നിന്ന രോഗിണിയായ പാത്തുമ്മാന്റെ മോന്. അവരെ ഭര്ത്താവ് മൊഴി ചൊല്ലി പോയപ്പോള്‍ ഉമ്മൂമ്മയാണ് അവരേയും മെലിഞ്ഞു എല്ലുന്തിയ മോട്ടത്തലയനായ ജബ്ബാറിനെയും തറവാട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്.
പാത്തുമ്മ അടുക്കളയില് പാത്രങ്ങളോട് മല്ലിടുമ്പോള്‍ എട്ടുവയസ്സുകാരന്‍ പകല്‍ പാടത്ത് നെല്ലിലെ കിളികളെ ആട്ടാനും രാത്രി ഏറുമാടത്തില് തകരപ്പാട്ടയില് കൊട്ടി ഒച്ച വച്ചു കാട്ടുമൃഗങ്ങളെ ഓടിക്കാനും പഠിച്ചു.
അവന്റെ ബുദ്ധിയും മിടുക്കും മനസ്സിലാക്കിയ ഉപ്പൂപ്പ ജബാറിനെ സ്കൂളിലും മദ്രസ്സയിലും ചേര്ത്ത് ഏറുമാടത്തിനോട് വിട പറയിപ്പിച്ചു.
ക്ലാസില്‍ ഒന്നാമനായിരുന്നു അവന്.തേങ്ങയുടേയും അടക്കയുടേയും കണക്കുകളൊക്കെ എഴുതുന്നത് ജബാരാണ്. തൊടിയില് ചേമ്പും ചേനയുമൊക്കെ നടുമ്പോള്‍ അവനെക്കൊണ്ടാദ്യം നടീക്കും. ..കൂടുതല് വിളവുണ്ടാവാന്. .. അത് അങ്ങനെ തന്നെ ആയിക്കിട്ടുകയും ചെയ്തിരുന്നു.
അവധിക്കാലത്ത്, ഉയരമുള്ള കമുങ്ങില് വലിഞ്ഞു കയറി പൊത്തിലുള്ള തത്തക്കുഞ്ഞുങ്ങളെ കയ്യിലെടുത്തു താഴെ നില്ക്കുന്ന ജമീലാക്ക് കാണിച്ചു കൊടുക്കും. തെങ്ങോല വീഴുമ്പോള്‍ അതിന്റെ തുമ്പില് ഉള്ള കുഞ്ഞാറ്റ ക്കുരുവിക്കൂട് കേടുവരാതെ എടുത്തു വയ്ക്കുക, ജമീലാന്റെ കൂടെ കുട്ടിപ്പുര വച്ചു കളിക്കുക എന്നൊക്കെ ആയിരുന്നു അവന്റെ വിനോദം
ഉപ്പൂപ്പാന്റെ ചെറിയമോള് അതായത് എന്റെ അമ്മായി ജമീലക്ക് ജബ്ബാരിനെക്കാള് ആറു വയസ്സ് ചെറുപ്പമായിരുന്നു. പേര് പോലെത്തന്നെ മനോഹരി ആയിരുന്നു അവര്‍.
ജബ്ബാറിന് പത്ത് വയസ്സുള്ളപ്പോഴാണ് പാത്തുമ്മ മരിക്കുന്നത്. ഉപ്പൂപ്പ അവനെ ദൂരെ ദര്സില് ഓതാന്‍ അയക്കുകയും ചെയ്തു.
അവധിക്ക് നാട്ടില് വന്നാല്‍ ഉപ്പൂപ്പാന്റെ വാലായി എപ്പോഴും കൂടെത്തന്നെ ഉണ്ടാവും. ഉപ്പൂപ്പാന്റെ തീരുമാനം തന്നെ ആയിരുന്നു ഉന്നത പഠനത്തിനു ഡല്ഹിയിലേക്ക് അയച്ചതും.
അങ്ങനെ ജബ്ബാര് വര്‍ഷത്ത്തില്‍ ഒരുമാസം അവധിക്ക് വരും.
അവന്‍ വന്നാല്‍ തറവാട്ടില്‍ ഒരു ഉത്സവ പ്രതീതിയാണ്!
നേരത്തേ അത്താഴം കഴിഞ്ഞു എല്ലാവരും കോലായില് എത്തും. ഉപ്പൂപ്പാന്റെയും ഉമ്മൂമ്മന്റെയും നടുവിലാണ് ജബ്ബാറിന്റെ സ്ഥാനം. കുട്ടികളൊക്കെ നിലത്തിരിക്കും,സ്ത്രീകളെല്ലാം വാതിലിനു പിന്നിലും ഉപ്പയും മറ്റു പുരുഷന്മാരും കോലായിലെ ചാരു പടിയിലും ഇരിക്ക്യും.
അവന്‍ ദല്‍ഹി വിശേഷങ്ങള്‍ വിളമ്പും...അവിടുത്തെ ജീവിതങ്ങള്...സംസ്കാരങ്ങള്..
ഇടയ്ക്കു അമീര്‍ ഖുസ്രുവിന്റെയും മിര്‍സ ഗാലിബിന്റെയും ഗസലുകള്‍ നീട്ടി ചൊല്ലും.. ഉറുദു കവിതക്ക് പറ്റിയ ശബ്ദവും ഈണവും ആയിരുന്നു അവന്റെത്. തറവാട്ടില്‍ ആര്‍ക്കും ആ ഭാഷ അറിയില്ലെങ്കിലും എല്ലാവരും ആസ്വതിച്ചിരുന്നു.
സത്യം പറഞ്ഞാല്‍ നാട്ടുകാര്ക്ക് ഉര്‍ദു ഗസല്‍ പരിചയപ്പെടുത്തി കൊടുത്തത് ജബ്ബാരാന്.
അവന് അവസാനമായി നാട്ടില്‍ വന്നത് ഉപ്പൂപ്പാന്റെ മരണ സമയത്താണ്. ആ വര്ഷം തന്നെയാണ് ഇന്ത്യ വിഭജനവും നടന്നത്.
എന്തോ, പാലും തേനും ഒഴുകുന്ന വാഗ്ദത്ത ഭൂമി ആണെന്ന് കരുതി അദ്ദേഹം അക്കരയില് വേര് ഉറപ്പിച്ചു
അതിനു ശേഷം കത്ത് വരുന്നത് ജമീല അമ്മായിയുടെ പേരിലായിരുന്നു. മുഷിഞ്ഞ കത്ത് അതിര്ത്തിയിലെ പരിശോധന കഴിഞ്ഞാണ് ഇവിടെ എത്തുക. അറബി മലയാളത്തിലായിരിക്കും എഴുതിയിരിക്കുന്നത്. പോസ്റ്റ്മാന്റെ കൂടെ ഒരു പോലീസുകാരനും ഉണ്ടാവും അകമ്പടി ആയി. കത്തിലെ ഉള്ളടക്കം അവരെ വായിച്ചു കേള്‍പ്പിക്കണം ..രാജ്യത്തിന്റെ രഹസ്യങ്ങള്‍ ഒന്നും കൈമാറുന്നില്ല എന്ന് തീര്ച്ച വരുത്തി അവര്‍ തിരിച്ചു പോവും.
ജമീല അമ്മായി കത്തുകള്‍ എല്ലാം മരപ്പെട്ടിയില്‍ സൂക്ഷിച്ചു വച്ചു.. ജീവനുള്ള കത്തുകള്‍ !!
സാഹിത്യത്തില് ഉന്നത ബിരുദം ഉള്ള ജബ്ബാരിക്കാന്റെ വരികളൊക്കെ ഹ്രദയത്തിന്റെ തുടിപ്പുകള്‍ നിറഞ്ഞു നിന്നിരുന്നു. എന്തുകൊണ്ട് അദ്ദേഹം ഒരു എഴുത്തുകാരന്‍ ആയില്ല എന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് .
ജമീല അമ്മായി അദ്ദേഹത്തിനു വേണ്ടി നേര്‍ച്ചക്കോഴി പോലെ കാത്തിരുന്നു..
വര്‍ഷത്തില്‍ ഒരു എഴുത്ത്... അങ്ങിനെ അറുപത്തി അഞ്ചു കത്തുകള്‍ .
ഓരോ കത്തുകള്‍ വരുമ്പോഴും വായിച്ചു മരപ്പെട്ടിയില്‍ സൂക്ഷിക്കും...ആസാദ് പാന് ഷോപ്പ് , കറാച്ചി, പാകിസ്താന് എന്ന് മാത്രമുള്ള വിലാസം. അങ്ങനെ ഒരു അഡ്രസ്സില് കത്തയച്ചാല്‍ ജബ്ബരിക്കാക് കിട്ടില്ലെന്ന് ഞങ്ങള്‍ക്കറിയാം ..
പ്രിയപ്പെട്ട ജബ്ബാറിക്ക, ഞങ്ങള് പുതിയ തലമുറക്കാര്‍. അങ്ങയെക്കുറിച്ച് പറഞ്ഞു കേട്ട അറിവ് മാത്രമേയുള്ളൂ ..പക്ഷെ തറവാട്ടിലെ ഒരു കാരണവരായി താങ്കളെ ഞങ്ങള്‍ സ്നേഹിച്ചിരുന്നു. ജമീല അമ്മായി നാല്പതു വര്ഷം മുന്‍പ് കാലുതെറ്റി കുളത്തില്‍ വീണു താങ്കള്‍ക്ക് മുമ്പേ പോയി ...
മരണം വരെ അവരുടെ ഖല്‍ബില് താങ്കള്‍ തന്നെ ആയിരുന്നു. നിങ്ങള്‍ രണ്ട് പേരും മറ്റൊരു ലോകത്തില് ഒന്നിക്കാനായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു. ആമീന്.