2012, മാർച്ച് 6, ചൊവ്വാഴ്ച

പെരുന്നാള്‍

പെരുന്നാള്‍

ഇന്ന് നോമ്പ്‌ മുപ്പത്, മാസം കണ്ടില്ലെങ്കിലും നാളെ പെരുന്നാളാണ്. മിമ്പറയില്‍ നിന്ന് ഉസ്താദ്‌ പറഞ്ഞതോര്‍മ്മ വന്നു.
“വിശ്വാസികള്‍ക്ക് റമളാന്‍ കളിച്ച് ചിരിച്ച് വരും, കരഞ്ഞു കൊണ്ടാണ് തിരിച്ചു പോവുക”.
പകല്‍ ഇരുണ്ട കുപ്പായം അണിയാന്‍ ആരംഭിച്ചിരിക്കുന്നു. നോമ്പ് തുറന്നത് മുതല്‍ തുടങ്ങിയതാണീ കാത്തിരിപ്പ്‌. ഉപ്പ എല്ലാവരെയും തനിച്ചാക്കി മറ്റൊരു ലോകത്തേക്ക് പോയപ്പോള്‍ കുടുംബ ഭാരം ഇക്കാക്കാന്‍റെ തലയിലാണ്.
ഇത്താത്തമാര്‍ മൂന്നു പേരും ക്ലാസ്സില്‍ ഒന്നാമതായിരുന്നു. പുസ്തകങ്ങള്‍ക്ക് പണമില്ലാത്തതു കൊണ്ട് പഠിത്തം നിര്‍ത്തി.
“അല്ലെങ്കിലും പെങ്കുട്ട്യോള്‍ കുറെ പഠിച്ചിട്ടെന്തിനാ”? ഉമ്മ വേദന ഉള്ളിലൊതുക്കി പറയുന്നതാണെന്ന് ഞങ്ങള്‍ക്കറിയാം.
എന്നെ പഠിപ്പിച്ച് വല്ല്യ ആളാക്കണം എന്നാണ് എല്ലാവരുടെയും മോഹം. ഇക്കാക്ക വയനാട്ടില്‍ കൂലിപ്പണിക്ക് പോയതാണ്.മാസത്തില്‍ ഒരിക്കലേ വരൂ. വരുന്ന ദിവസം പെരുന്നാളാണ് വീട്ടില്‍.ഒരാള്‍ക്ക്‌ ഏറ്റാന്‍ പാകത്തിലുള്ള തടിച്ചു നീണ്ട കപ്പക്കിഴങ്ങുമായാണ് വരുക.
അടുത്ത മൂന്നു ദിവസം വയറു നിറയെ കഴിക്കാം. മൂന്നു നേരവും കപ്പ തന്നെ. എനിക്കൊരു മണ്‍ കുടുക്കയുണ്ട്, ആര് പൈസ തന്നാലും ഞാന്‍ അതില്‍ കൊണ്ടിടും. എന്നും എടുത്ത് നോക്കും.കനം കൂടി വരുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമാണ്! രണ്ട് മാസം കഴിഞ്ഞാല്‍ പാട്ട് ഉത്സവമാണ്.ഇക്കാക്കാന്‍റെ കൂടെ സര്‍ക്കസും കണ്ട് ഹലുവയും കാരക്കയും വാങ്ങാനുള്ളതാണീ പണം.  
ഉമ്മ തകര വിളക്ക് കോലായില്‍ കൊണ്ട് വച്ചു.
ഇത്താത്തമാര്‍ മൈലാഞ്ചി അരക്കുന്ന തിരക്കിലാണ്. പീടികയില്‍ പോയി വന്നിട്ട് വേണം മൈലാഞ്ചയിടാന്‍.ആദ്യം എന്‍റെ കയ്യില്‍ തന്നെ ഇടണം എന്നാ വാശിയുണ്ടെനിക്ക്.
“ന്‍റെ കുട്ടിനെ കാണണില്ലല്ലോ..റബ്ബേ..ണീ കാക്കണേ..” അതും പറഞ്ഞു ഉമ്മ അകത്തേക്ക് പോയി.
വിളക്ക് തിരിയില്‍ ഉരുണ്ടു കൂടിയ കറുത്ത മണികളെ മെല്ലെ വിരല്‍ കൊണ്ട് തട്ടിക്കളയുമ്പോഴാണ് തൊട്ടടുത്ത്‌ രണ്ട് കാല്‍!
“ഉമ്മാ...ഇക്കാക്ക വന്നൂ.....” സന്തോഷത്താല്‍ എന്‍റെ ശബ്ദം വീടാകെ പ്രധിധ്വനിച്ചു.
തലയില്‍ നിന്നും കപ്പക്കിഴങ്ങ് ഇറക്കി വെച്ച് ഇക്കാക്ക കോലായിലെ ബഞ്ചില്‍ തളര്‍ന്നിരുന്നു. മുഖത്ത് തീരെ സന്തോഷമില്ല.
ആ ദുഃഖം എല്ലാവരിലേക്കും പടരാന്‍ നിമിഷങ്ങള്‍ വേണ്ടി വന്നില്ല.
ഉമ്മ മധുരമില്ലാത്ത തണുത്ത ചായ കൊണ്ട് വന്നു—ശര്‍ക്കര ഇല്ലാത്തതു കൊണ്ട് ഞാനിപ്പോള്‍ ചായ കുടിക്കാറേയില്ല.
“മദ്രാസില്‍ നിന്നും അണ്ണാച്ചി വന്നില്ല. അടുത്ത ആഴ്ചയേ ശമ്പളം കിട്ടൂ”. ഉമ്മാന്‍റെ ദീര്‍ഘ നിശ്വാസത്തിന്‍റെ കൂടെ സാന്ത്വനവും വന്നു.
സാരല്യ.അടുത്ത ആഴ്ച്ച കിട്ടൂലോ...പീടികക്കാരന്‍ മമ്മദിനോട് കാര്യം പറഞ്ഞാല്‍ മനസ്സിലാവാണ്ടെ ഇരിക്കില്ല. “ഓനെ അന്‍റെ ഉപ്പ ഒരുപാട് സഹായിച്ചതല്ലേ.....”
പള്ളീന്നു ഫിത്വര്‍ സക്കാത്തിന്‍റെ അരി കിട്ടും. എന്നാലും ഇറച്ചീം സാധനങ്ങളും വാങ്ങണം.”കുട്ടിന്‍റെ കുടുക്ക പൊട്ടിച്ചാല്‍ എന്തെങ്കിലും കിട്ടും.” ഞാന്‍ കേള്‍ക്കാന്‍ ഇഷ്ട്ടപ്പെടാത്ത ഒന്നായിരുന്നു അത്.
മണ്ണെണ്ണ വിളക്കിന്‍റെ അരണ്ട വെളിച്ചത്തില്‍ എന്‍റെ സമ്പാദ്യ കുടുക്ക ആയുസെത്താതെ വീണുടഞ്ഞു.

ഇക്കാക്ക ചില്ലറത്തുട്ടുകള്‍ പെറുക്കിയെടുത്തു.
“മോന് ഈ പൈസ ഇക്കാക്ക ഇനി വരുമ്പോള്‍ തരാട്ടോ..”
ഞാന്‍ തലയാട്ടി.
പത്തു പൈസ എന്‍റെ കീശയില്‍ ഇട്ടു തന്നു. പണിക്കരെ മക്കാനിയില്‍ നിന്നും നെയ്യപ്പം വാങ്ങാന്‍.
നോട്ടു ബുക്കില്‍ നിന്നും ചീന്തിയെടുത്ത പേജില്‍ മുനയില്ലാത്ത കടലാസു പെന്‍സില്‍ കൊണ്ട് ഉമ്മ പറഞ്ഞ സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി. എണ്ണക്കുള്ള പൊട്ടുന്ന കുപ്പികള്‍ ഇത്താത്ത തുണി സഞ്ചിയിലാക്കി തന്നു.
“മൈലാഞ്ചി ഞാന്‍ വന്നിട്ട് ഇട്ടാ മതീട്ടോ..” ഒന്ന് കൂടി ഓര്‍മ്മിപ്പിച്ചു.
ഇക്കാക്കാന്‍റെ കയ്യിലെ ചൂട്ട് വെളിച്ചത്തില്‍ ഇടുങ്ങിയ ഊടു വഴിയിലൂടെ നടക്കുമ്പോള്‍ മനം നിറയെ നാളത്തെ പെരുന്നാളാണ്.
വാസന സോപ്പ് കൊണ്ടൊരു കുളി, പുത്തന്‍ കുപ്പായമിട്ട് പള്ളിയിലേക്ക്.അവിടെ കൂട്ടുകാര്‍ക്കൊക്കെ ചൊമന്ന മൈലാഞ്ചി കൈ കാണിച്ചു കൊടുക്കണം.പള്ളിയില്‍ നിന്നും വന്നാല്‍ നെയ്‌ച്ചോറും ഇറച്ചി വരട്ടിയതും പപ്പടവും.
ഓര്‍ക്കുമ്പോള്‍ നാവില്‍ വെള്ളമൂറുന്നു.
അങ്ങാടിയില്‍ നല്ല തിരക്കാണ്. ഗ്രാമം പെരുന്നാള്‍ സന്തോഷത്തിലാണ്. നോമ്പ് കഴിഞ്ഞതിലോ അതോ പെരുന്നാള്‍ വന്നതിലോ!. പലചരക്ക് കടയിലും തിരക്കാണ്.നാട്ടിലെ ഒരേ ഒരു കട.
“മമ്മാക്ക സാധനം തൂക്കുന്നത് സ്വര്‍ണം തൂക്കുംപോലെയാണ്” എന്ന ഒരു ചൊല്ല് തന്നെ നാട്ടിലുണ്ട്.
ഇരുമ്പ് കൊളുത്തില് തൂക്കിയിട്ട പെട്രോള്മാക്സിന്റെ വെളിച്ചം മങ്ങാന് തുടങ്ങുമ്പോള് അതിനെ താഴെ ഇറക്കി വെക്കും. ഉള്ളിലേക്ക് കാറ്റടിച്ചു കയറ്റി വീണ്ടും പഴയ സ്ഥലത്ത് തന്നെ തൂക്കിയിടും.
ആ വെളിച്ചത്തിനു ചുറ്റും പാറിക്കളിക്കുന്ന പ്രാണികളിലായിരുന്നു എന്‍റെ ശ്രദ്ധ മുഴുവനും. ഇടക്ക് ഇക്കാക്കാനെ തോണ്ടും- നേരം വൈകുന്നു എന്ന്‍ ഓര്‍മ്മപ്പെടുത്താന്‍.
കാത്തിരിപ്പിനൊടുവില്‍ ഞങ്ങളുടെ ഊഴം വന്നു.
“പൈസ കൊണ്ടന്നിട്ടുണ്ടോ”.
ഉണ്ടെന്ന് ഇക്കാക്ക തലയാട്ടി. നാണയത്തുട്ടുകള്‍ മേശപ്പുറത്ത് വെച്ചു കൊടുത്തു. അയാള്‍ അത് ഉള്ളം കൈ കൊണ്ട് പരത്തി. എന്നി നോക്കി മേശ വലിപ്പിലേക്കിട്ടു.
“ഇത് പഴയ പറ്റിലേക്ക് വരവ് വെച്ചു. ഇനി കടം തരില്ല”
ഇടിവെട്ടേറ്റവനെപ്പോലെ ഇക്കാക്ക തരിച്ചു നിന്നു.
മമ്മാക്ക മറ്റുള്ളവരിലേക്ക് തിരിഞ്ഞു. അകത്തുള്ള കണ്ണീര്‍ക്കടല്‍ കവിളിലൂടെ നിര്‍ത്താതെ ഒഴുകി വരുമ്പോള്‍ ഇക്കാക്ക എന്‍റെ കയ്യും പിടിച്ച് ഇരുട്ടിലേക്ക് മാറി നിന്നു.
ഞാനെന്‍റെ കീശയിലെ പത്തു പൈസയെടുത്ത് ഇക്കാക്കാക്ക് നീട്ടി. അതും കൂടി ആയപ്പോള്‍ ഇക്കാക്കാക്ക് താങ്ങാന്‍ പറ്റിയില്ല. എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു.
ഇരുട്ടില്‍ നിന്നും ഒരു ആള്‍രൂപം ഞങ്ങളുടെ അടുത്തേക്കു വന്നു. പാല്‍ വെണ്ടര്‍ അപ്പുണ്ണിയേട്ടന്‍.
ഇക്കാക്കാന്‍റെ കീശയില്‍ കുറച്ചു നോട്ടുകള്‍ വെച്ചു കൊടുത്തു.
“ഞാനെല്ലാം കേട്ടു മക്കളെ...ഇത് എന്‍റെ പെരുന്നാള്‍ സമ്മാനമാണ്.” നാളെ പെരുന്നാളല്ലെ കണ്ണീരിന്‍റെ ഉപ്പ് വീഴണ്ട. കാലം കറങ്ങി വരും കഷ്ട്ടപ്പാടൊക്കെ മാറും. ദൈവം കണ്ണില്ലാത്തവനല്ലല്ലോ...
കാലം ഋതുഭേദങ്ങളായി കടന്നു പോയി...
പെരുന്നാളിന്‍റെ തക്ബീര്‍ മുഴങ്ങുമ്പോള്‍ ഗതകാല ചിന്തകള്‍ കണ്ണീര്‍ ചാലുകളായി രൂപാന്തരം കൊള്ളുന്നു.........

12 അഭിപ്രായങ്ങൾ:

  1. നോക്കൂ...എന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. വായിച്ചു തുടങ്ങിയത് ഒരു മൂഡ്‌ ഇല്ലാതെയാണ്. അവസാനമെത്തിയപ്പോഴേക്കും ചുണ്ടുകള്‍ കോടി , കണ്ണ് നിറഞ്ഞു...ഹൃദയം വല്ലാതെ മിടിച്ചു....നന്നായി എഴുതി.നന്ദി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മന്സൂര്‍ക്ക, ജീവിതത്തില്‍ നിന്നും അടര്ത്തിയെടുക്കുമ്പോള്‍ കണ്ണീരിന്റെ ഉപ്പും വേദനയുടെ എരിവുമെല്ലാം അതില്‍ തന്നെ ഉണ്ടാവും. നിങ്ങളുടെ പ്രോത്സാഹനം ഉള്‍കൊള്ളുന്നു. താങ്ക് യു ഹബീബി

      ഇല്ലാതാക്കൂ
  2. നിന്‍റെ കണ്ണീരില്‍ എന്നെ നോമ്പരപ്പെടുത്തുന്ന വരികള്‍ കുറിച്ച പ്രിയ സുഹൃത്തേ പ്രണാമം. ആ അപ്പുണ്ണിയാകാന്‍ ഉള്ളം കൊതിച്ചുപോയി,
    എഴുത്തിന്റെ ഒഴുക്കും ഒത്തിരി ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പുന്ജപ്പാടത്തിന്റെയല്ല മലയാളികളുടെ മനസ്സിന്റെ ഉടമസ്ഥത കരസ്ഥമാക്കിയ താങ്കളുടെ അടുക്കല്‍ ഞാന്‍ വെറും ഒരു ശിശു. ന്യൂടന്റെ തലയില്‍ ആപ്പിള്‍ വീണതിനാല്‍ ഭൂഗുരുത്വം ഉണ്ട് എന്ന് നമ്മള്‍ മക്കളെ പഠിപ്പിച്ചു.ആ ആപ്പിള്‍ ഷെയര്‍ ചെയ്യാം എന്ന് നമ്മള്‍ മക്കളെ പഠിപ്പിക്കുന്നില്ല.അതുകൊണ്ട് പലതും നമുക്ക് നഷ്ടപ്പെടുന്നു.!!! താങ്കളുടെ കമന്റിനു നന്ദി.

      ഇല്ലാതാക്കൂ
  3. പണ്ട് ഒക്കെ ഇങ്ങിനെയും ഉണ്ടായിരുന്നു പെരുന്നാൾ അല്ലേ?

    മറുപടിഇല്ലാതാക്കൂ
  4. ഹോ ഇതൊരു വല്ലാത്ത അനുഭവം തന്നെ ആകെ സങ്കടപ്പെടുത്തിയല്ലോ, ദാരിദ്ര്യം അതൊരു സത്യമാണ്... ഉള്ളവന്‍ ഇല്ലാത്തവന്റെ വിഷമങ്ങള്‍ അറിഞ്ഞു സഹായിക്കുന്ന ഒരു കാലം അതിനിയും ഒരുപാട് അകലെയാണ്.

    മറുപടിഇല്ലാതാക്കൂ
  5. എന്തോ ,,, എവിടെയോ നേരിട്ട് അനുഭവിതുപോലെ യുള്ള ഒരു അനുഭുതി വയനകര്‍ക്ക് കൈമാറാന്‍ മാത്രം ശക്തിയുണ്ട് താങ്കളുടെ എയുതിന്ന്. ഇനിയും ഇതുപോലുള്ള സൃഷ്ടികള്‍ പ്രതിഷികുന്നു..

    മറുപടിഇല്ലാതാക്കൂ
  6. ഉള്ളം പൊള്ളിക്കും
    ഇക്കഥ...
    കുട്ടിക്കാലത്തെ ഒളിമങ്ങാത്ത...ഓര്‍മകള്‍

    മറുപടിഇല്ലാതാക്കൂ
  7. മലയാളം ന്യൂസില്‍ ' ധ്രിതുഭേതങ്ങളുടെ കണ്ണീര്‍ പൂക്കള്‍' എന്ന പേരില്‍ ഈ കഥ കഴിഞ്ഞ മാസം പ്രസിധ്ധീകരിച്ച്ചിരുന്നു.

    മറുപടിഇല്ലാതാക്കൂ
  8. hridayathil thulanju kayarunna vakkukal .... oru nimisham manushayanea chidipikunna story ..........Parayathirikkan vayya "Excellent" Story..

    മറുപടിഇല്ലാതാക്കൂ