2011, ഏപ്രിൽ 22, വെള്ളിയാഴ്‌ച

മെഴുകുതിരി

ഇന്ന് വ്യാഴാഴ്ച,നിധി പോലെ കിട്ടുന്ന അവധി ദിവസത്തിന്‍റെ സന്തോഷം.
റൂമില്‍ എത്തിയപ്പോള്‍ എല്ലാവരും സ്നേഹിതരെ കാണാന്‍ പോയിരിക്കുന്നു.പുറത്ത് ചിതറിപ്പെയ്യുന്ന മഴ കാണാന്‍ ജനല്‍ തുറന്നിട്ടു.അല്ലെങ്കിലും എവിടെയും കാലാവസ്ഥക്കും ജനങ്ങള്‍ക്കും ഒരേ സ്വഭാവമാണെന്നു തോന്നുന്നു.എപ്പോഴാണ് മാറുന്നതെന്നറിയില്ല.
    മഴയുടെ ആക്കം ഒന്ന് കൂടി വര്‍ദ്ധിച്ചു.
മനസ്സ് ഇന്നലെകളിലേക്ക് പായുകയായിരുന്നു.
ഇരുപതു വര്‍ഷം മുമ്പ് ടാപ്പിംഗ് ആണെങ്കിലും അല്ലലില്ലാതെ കഴിയുന്ന കാലം.അയല്‍വാസി ഒരു വിസ ഓഫര്‍ ചെയ്തു.വില കേട്ടപ്പോള്‍ വേണ്ടെന്നു പറഞ്ഞതാണ്.
വീടും സ്ഥലവും വിറ്റ് വിസ വാങ്ങുന്നതിനോട് തീരെ താല്പര്യം തോന്നിയില്ല.പുര നിറഞ്ഞു നില്‍ക്കുന്ന സഹോദരിമാരുടെ മുഖം മനസ്സില്‍ തെളിഞ്ഞപ്പോള്‍ വിസ വാങ്ങാന്‍ തന്നെ തീരുമാനിച്ചു.ബാക്കി പണം കൊണ്ട് ചെറിയ ഒരു വീടും.....
ഗള്‍ഫിലേക്ക് വരാന്‍ ദിവസം അടുക്കുന്നതിനനുസരിച്ചു നാടിനോടും കുടുംബത്തോടും സ്നേഹം കൂടുകയായിരുന്നു.വരുന്നതിന്‍റെ തലേന്ന് നാട്ടുകാരോടൊക്കെ യാത്ര പറഞ്ഞ് വീട്ടിലേക്കു വരും വഴിയില്‍ വെറുതെയിയുന്നു സ്വപ്നം കാണാറുള്ള,പുഴയുടെ നടുക്കുള്ള പാറയിലിരുന്ന് കുറച്ചു കരഞ്ഞു.മനസ്സിന്‍റെ ഭാരമൊന്നു കുറയ്ക്കാന്‍ ഇതല്ലാതെ മറ്റെന്തു വഴി...മൗനമായി ഒഴുകുന്ന പുഴ എന്‍റെ യാത്ര അറിഞ്ഞിരിക്കുമോ? പുഴ ഒരു ബലഹീനതയായിരുന്നു.സന്ധ്യ മയങ്ങിയാല്‍ പരന്ന പാറപ്പുറത്ത് കിടന്നു നക്ഷത്രങ്ങളെ നോക്കി എന്തെങ്കിലുമൊക്കെ ചിന്തിച്ചു കിടക്കാന്‍ പറ്റില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ഉള്ളില്‍ വല്ലാത്തൊരു നീറ്റല്‍.തനിക്കേറ്റവും ഇഷ്ട്ടമുള്ള ചക്കരമത്തന്‍ ഉമ്മ പ്രത്യേകം ഉണ്ടാക്കി തന്നെങ്കിലും അതിന്‍റെ രുചി അനുഭവിക്കാന്‍ കഴിഞ്ഞില്ല.
എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഏതോ അന്യഗ്രഹത്തിലേക്ക്‌ പോകുന്ന പ്രതീതി.ഇനി നാട്ടിലേക്ക് നാട്ടിലേക്ക് വരില്ലെന്നൊരു തോന്നല്‍
മുംബൈയില്‍ അധികം താമസം വരുത്തരുതെന്നു ദൈവത്തോട് അകം തുറന്നു പ്രാര്‍ഥിച്ചതിന്‍റെ ഫലം കിട്ടി-പിറ്റേന്ന് തന്നെ ടിക്കറ്റ്‌ കിട്ടി.
ബാധ്യതകള്‍ ആ വിമാനത്തിന് വഹിക്കാന്‍ പറ്റുന്നതിനുമപ്പുറമായിരുന്നു.
എല്ലാ ഗള്‍ഫുകാരെയും പോലെ സ്വപ്നം കണ്ടു.പെങ്ങന്മാരെ നല്ല രീതിയില്‍ സ്വര്‍ണവും പണവും കൊടുത്തു വിവാഹം ചെയ്തയക്കുക,ചെറിയൊരു വീടും ജീവിക്കാന്‍ എന്തെങ്കിലുമൊരു ചുറ്റുപാടുമുണ്ടാക്കി നാട്ടില്‍ നില്‍ക്കുക.
ഇവിടെ ഇറങ്ങിയപ്പോഴാണറിഞ്ഞത് എന്‍റെ സ്വപ്നത്തിലെ നാടല്ല ഇതെന്ന്.
    കാലവസ്ഥക്കെതിരെ പൊരുതുക എന്നത് തന്നെ സാഹസമായിരുന്നു.രാവിലെ ഖുബൂസും ഉച്ചയ്ക്ക് പ്ലാസ്റ്റിക്‌ കീസില്‍ കെട്ടിയ കുറച്ചു ചോറും.വിറ്റാമിന്‍ എ മുതല്‍ ഇസഡ്‌ വരെ ഇതില്‍ നിന്നും കിട്ടണം.നീണ്ട മണിക്കൂറുകള്‍ ജോലി കഴിഞ്ഞു വന്നാല്‍ തന്നെക്കാള്‍ മെലിഞ്ഞ ബെഡിലേക്കൊരു വീഴ്ചയാണ്.പിന്നെ പുലര്‍ച്ചെക്ക് കൂട്ടുകാര്‍ വിളിക്കുന്നത്‌ വരെ ഒരു തരം മദിച്ച അവസ്ഥ.ജോലിക്ക് പോകുന്നത് അറവുശാലയിലേക്ക് ആനയിക്കുന്ന മൃഗത്തിന്‍റെ മനസ്ഥിതിയില്‍.
    രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ സഹോദരിമാരെ കെട്ടിച്ചയച്ചു.വീട്ടില്‍ നിന്നും വരുന്ന കത്തുകളില്‍ ആവശ്യങ്ങള്‍ കൂടിയതെയുള്ളൂ...നാട്ടില്‍ വരാത്തതെന്താണെന്നവര്‍ ഒരിക്കലും ചോദിച്ചില്ല.
    നാട്ടിലേക്ക് ചെല്ലുന്നു എന്നറിയിച്ചപ്പോള്‍ മറുപടിയായി കിട്ടിയത് വളരെ വലിയൊരു ലിസ്റ്റ് ആയിരുന്നു.കൂട്ടുകാരില്‍ നിന്നും കടം വാങ്ങി പെട്ടി കെട്ടി.
    ആറു വര്‍ഷത്തിനിടയ്ക്ക് നാടിനും നാട്ടാര്‍ക്കും ഏറെ മാറ്റം വന്നിരിക്കുന്നു.വീട്ടില്‍ എത്തി കട്ടന്‍ ചായ കുടിക്കുമ്പോള്‍ സഹോദരിമാരുടെ മുഖത്തൊരു തെളിച്ചമില്ലായ്മ.
    എന്താ നിങ്ങളൊന്നും മിണ്ടാത്തത് ? ഒന്നുമില്ലെന്ന് പറഞ്ഞ അവര്‍ അടുക്കളയിലേക്കു പോയി.
    വലിയ പെങ്ങള്‍ വാതിലിനു മറവില്‍നിന്നും കുട്ടിയെ തന്‍റെയടുത്തെക്ക് തള്ളി വിടുന്നത് കണ്ടു.
മനസ്സില്ലാ മനസ്സോടെ കുട്ടി വന്നു ചോദിച്ചു, മാമാ ഇത്രേം സാധനങ്ങളെ കൊണ്ട് വന്നിട്ടുള്ളൂ..അല്ലേ ?
കാര്യം മനസ്സിലായി.
അല്ല മോളെ, സാധനങ്ങള്‍ കാര്‍ഗോയില്‍ വരാനുണ്ട്.
കേള്‍ക്കേണ്ട താമസം മൂന്നു സഹോദരിമാരും നിര്‍ത്താതെ സംസാരം തുടങ്ങി.
അല്ലെങ്കിലും ഈ പെണ്ണിന് വല്ല്യ ആള്‍ക്കാരെ നാക്കാണ്.അവള്‍ക്ക് നീ കൊണ്ട് വന്ന സാധനങ്ങളറിഞ്ഞിട്ടെന്താ കാര്യമാവോ ?
    വിരലും കടിച്ചു നില്‍ക്കുന്ന കുഞ്ഞു പെങ്ങളെ നോക്കുമ്പോള്‍ അവള്‍ എന്തോ ആംഗ്യം കാണിച്ചത് ഞാന്‍ കണ്ടെങ്കിലും അവള്‍ കണ്ടിട്ടില്ല.പിന്നീട് വിവാഹത്തിന്‍റെ തിരക്കായിരുന്നു.
    അമ്മാവന്‍റെ മകള്‍ ഫസീലയുടെ കൂട്ടുകാരിയായിരുന്ന സാഹിറാ ബാനുവിനെ ഞാനിഷ്ട്ടപ്പെട്ടിരുന്ന കാര്യം വീട്ടുകാര്‍ക്കും അറിയാമായിരുന്നു.ഇവിടെ എത്തി മൂന്നാം മാസം ഫസീലയുടെ കത്ത് വന്നു. സാഹിറാക്ക് വിവാഹമാണ്.ഇക്കാക്ക്  അവളെ വേണമെങ്കില്‍ ഇപ്പോള്‍  പറയണം.വേണമായിരുന്നു ,പക്ഷെ മൂന്നു സഹോദരിമാര്‍ നില്‍ക്കുമ്പോള്‍ തന്‍റെ വിവാഹം...?അതും ഇത്തരം ഒരവസരത്തില്‍ ആ ബന്ധം നല്ലൊരു സ്വപ്നം പോലെയായി.അവളുടെ വിവാഹത്തിന് ദൂരെനിന്നും ആശംസ നേര്‍ന്നു.
    അവളെ എങ്ങനെ കുറ്റപ്പെടുത്താനാകും...?മുന്‍ശുണ്‍ടിക്കാരനും വാശിക്കാരനുമായ പിതാവിന്‍റെ മുമ്പില്‍ അവളുടെ വാക്കിന്‍റെ വില എത്രയായിരിക്കുമെന്ന് ഊഹിച്ചു.
    അമ്മാവന്‍റെ മകള്‍ ഫസീലയെ കെട്ടണം എന്നായിരുന്നു ഉമ്മാന്‍റെ ആഗ്രഹം.എന്നാല്‍ അവളെ പെങ്ങളായി മാത്രമേ കാണാന്‍ സാധിക്കൂ എന്ന് പറഞ്ഞപ്പോള്‍ വലിയ വീടുകളില്‍ നിന്നായി ആലോചന.അവസാനം,പണക്കാരുടെ വീട്ടില്‍ നിന്നു  ബന്ധം വേണ്ടെന്നും ഒരു അനാഥാലയത്തില്‍ നിന്നും മതിയെന്നും അറിയിച്ചപ്പോള്‍ അമ്മാവന്‍ പിണക്കവുമായി, കുടുംബത്തിലെ എല്ലാര്‍ക്കും ഒരു തരം പക.
    ദുനിയാവില് വേറെ ഒരിടത്തു നിന്നും പെണ്ണ് കിട്ടൂലേ നിനക്ക്..?.ഒരു യത്തീംഖാനയില്‍ തന്നെ പോവണോ?.ആരെ കെട്ടിയാലും വേണ്ടീല്ല ..ന്‍റെ പെങ്കുട്ട്യോള്‍ക്ക് കൊടുത്തീലേറെ പൊന്നും പൈസേം കിട്ടണം.ഉമ്മാന്‍റെ വാക്കുകള്‍ക്ക് യാതൊരു മയവുമില്ലായിരുന്നു.
    വീട്ടുകാരറിയാതെ സുഹൃത്തിന്‍റെ ഭാര്യയുടെ സ്വര്‍ണം കടം വാങ്ങി സുഹ്റയെ നിക്കാഹ് ചെയ്തു .
    പെങ്ങന്മാര്‍ കടന്നല്‍കുത്തേറ്റ മുഖവുമായാണ് അവളെ കൂട്ടിക്കൊണ്ടു വന്നത്.
    സുഹ്റക്ക് ആദ്യരാത്രി മുഴുവനും ഉപദേശമായിരുന്നു.കുടുംബ ചരിത്രവും ഓരോ വ്യക്തികളെയും അവരുമായി എങ്ങനെ പെരുമാറണമെന്നും.പിറ്റേന്ന് വൈകുന്നേരമായപ്പോള്‍ ഉപ്പയും ഉമ്മയും എന്നെ റൂമില്‍ വിളിച്ചു വരുത്തി.
    അപ്പോഴേ ഞങ്ങള്‍ പറഞ്ഞതാ ഈ ബന്ധം നമ്മള്‍ക്ക് പറ്റിയതല്ലാന്ന്.ഒരു വക വീട്ടുപണി അറിയില്ല,ഒന്നും പറഞ്ഞാല്‍ കേള്‍ക്കില്ല,ന്‍റെ പെങ്കുട്ട്യോള് അവരെ വീട്ടില്‍ പണി എടുത്ത് കുറച്ചു സമയം വിശ്രമിക്കാനാ ഇവടെ വരണത്.അപ്പോള്‍ അന്‍റെ പെണ്ണിനും കൂടെ അവര്‍ വെച്ച് വെളംബണം.ഇത് ഇവിടെ ശരിയാവില്ല.
    യതീംഖാനയിലെ കുട്ടിയല്ലേ,കുറച്ചു ദിവസം കൊണ്ട് എല്ലാം ശരിയാവും എന്ന് പറഞ്ഞ് അവരെ സമാധാനിപ്പിച്ചു.
    ഒരു ദിവസം ഉച്ചയൂണിന്‍റെ സമയത്ത് ഉമ്മ സുഹ്റയെ ശകാരിക്കുന്നത് കേള്‍ക്കാമായിരുന്നു.
    ഊണ് കഴിച്ചെന്നു വരുത്തി അടുക്കള ഭാഗത്ത്‌ ചെന്ന് കൈ കഴുകുമ്പോള്‍ അവള്‍ കണ്ണില്‍ വെള്ളം നിറച്ച് ചുമര് ചാരി നില്‍ക്കുന്നുണ്ടായിരുന്നു.
    സാരമില്ലെന്ന് കണ്ണു കാണിച്ച് ഞാന്‍ പൂമുഖത്ത് വന്നിരുന്നു.
രണ്ടു മാസത്തെ ലീവിന് കൊള്ളിയാന്‍റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ...
കുറഞ്ഞ ദിവസത്തിനുള്ളില്‍ തന്നെ സ്നേഹത്തിന്‍റെ വേര് ആഴത്തില്‍ വളര്‍ന്നതിനാല്‍ തിരിച്ചുവരവിന്‍റെ നൊമ്പരം വലുതായിരുന്നു.എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവള്‍ വാതിലിന്‍റെ മറവില്‍ നിന്ന് കണ്ണീര്‍ പൊഴിക്കുന്നുണ്ടായിരുന്നു.പോയിവരട്ടെ, എന്ന് എല്ലാവരോടും കൂടി പറഞ്ഞു.
    നാട്ടില്‍ നിന്നുള്ള ആദ്യത്തെ കത്ത് ഉപ്പയുടെതായിരുന്നു.അതിന്‍റെ കൂടെ ചെറിയൊരു കഷ്ണം സുഹ്റയുടെതും.
അവള്‍ കുറച്ചു മാത്രമേ എഴുതിയിരുന്നുള്ളൂ,ഒരുപാട് കവിതകളെഴുതിയിരുന്ന ഇവള്‍ക്കിതെന്തു പറ്റി? വിരഹ ദുഃഖം കൊണ്ടായിരിക്കും,സ്വയം ആശ്വസിച്ചു.
വീണ്ടും വീണ്ടും അത് വായിച്ചു, അല്ല ,മനപാഠമാക്കി.
പിന്നീടാണ് ഉപ്പാന്‍റെയും ഉമ്മാന്‍റെയും കത്ത് വായിച്ചത്.ആദ്യം മുതല്‍ അവസാനം വരെ സുഹ്റന്‍റെ  കുറ്റം തന്നെ.കൂടെ ഒരു താക്കീതും,സുഹ്റക്കുള്ള മറുപടി വീട്ടിലേക്കുള്ള കത്തിലിട്ടാല്‍ മതി.ഒരേ വീട്ടിലേക്കു രണ്ടു കത്തുകളെഴുതി പണം കളയണ്ടാ എന്ന ഉപദേശവും.
    അങ്ങനെത്തന്നെ ചെയ്തു.പണത്തിന്‍റെ ലാഭമോര്‍ത്തല്ല, സുഹ്റയെ കരുതി,ഇല്ലെങ്കില്‍ വീട്ടിലെ ഭൂകമ്പം എത്ര വലുതായിരിക്കുമെന്ന് ഇവിടെയിരുന്ന് ഊഹിച്ചു.
കാതുകള്‍ വന്നും പോയും കൊണ്ടിരുന്നു, കുട്ടികളില്ലാത്തതിന്‍റെ കുറ്റവും സുഹ്റക്കായിരുന്നു.
ആദ്യത്തെ വെക്കേഷന്‍റെ പെട്ടി കെട്ടലിന്‍റെ കടം തീര്‍ന്നപ്പോള്‍ രണ്ട് വര്‍ഷമായി.തൊഴിലുടമയുടെ കാലു പിടിച്ച്  അപേക്ഷിച്ച് വീണ്ടും നാല് മാസം ലീവ് വാങ്ങി
വീണ്ടും കൂട്ടുകാരുടെ അടുത്ത് നിന്നും കടം വാങ്ങി.
നാട്ടിലെത്തി സുഹ്റയെ കണ്ടപ്പോള്‍ അന്തം വിട്ടു പോയി.മുഖത്തിന്‍റെ തെളിച്ചമെല്ലാം എങ്ങോ പോയി മറഞ്ഞിട്ടുണ്ട്.എന്‍റെ ഉണ്ടക്കണ്ണിയുടെ കണ്ണിന്‍റെ സൗന്ദര്യത്തിനു പോലും കോട്ടം തട്ടിയിരുന്നു. അന്നാദ്യമായി ഉമ്മയോട് എതിര്‍ത്തു സംസാരിച്ചു.
ഉമ്മാന്‍റെ പരിഭവം അഞ്ചു കോയിന്‍സ്‌ കൊണ്ട് വരാത്തതിലായിരുന്നു.
കാതിലെ ചിറ്റിന്‍റെ എണ്ണം തികക്കാന്‍ അഞ്ചെണ്ണം കൂടിയേ തീരൂവത്രേ..
സുഹ്റയെ പറ്റി സംസാരിച്ചപ്പോള്‍ ഉമ്മാന്‍റെ  ഭാവം മാറി.
    അവള്‍ക്ക് എന്തിന്‍റെ കുറവാണിവിടെ?. എല്ലായിടത്തും ഭര്‍ത്താക്കന്‍മാര്‍ ഗള്‍ഫിലുണ്ട്.നീയൊരു ഭര്‍ത്താവുദ്യോഗസ്ഥന്‍.
ഉമ്മ തുടങ്ങിയാല്‍ പിന്നെ പെരുമഴ പോലെയാണ്.
ഈ ശബ്ദം കേട്ട്, ശണ്ട കൂടേണ്ടെന്നു അവള്‍ അടുക്കളയില്‍ നിന്നും ഓടി വന്ന് വാതില്‍ക്കല്‍ മറഞ്ഞു നിന്ന് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. തല്‍ക്കാലം ഞാന്‍ നിര്‍ത്തി.
രണ്ടാമത്തെ ലീവ് കഴിഞ്ഞപ്പോള്‍ താനൊരു പിതാവായി. പിന്നീടുള്ള കത്തുകളില്‍ മകളുടെ കൊഞ്ചലും ചിരിയുമായിരുന്നു മുഴുവനും. ഉറങ്ങുന്നതിനു മുമ്പ് അവളുടെ ഫോട്ടോയില്‍ ഉമ്മ കൊടുക്കും. മനസ്സ്‌ നാട്ടിലേക്ക് പായും.മനസ്സിന് എയര്‍ ടിക്കറ്റില്ലാത്തത് ഭാഗ്യം.കാലചക്രം ഒരുപാട് കറങ്ങി.നാട്ടിലെ മാറ്റങ്ങള്‍ പോലെ തന്നിലും മാറ്റങ്ങള്‍ വന്നു.
ഉമ്മ പാരമ്പര്യമായി തന്ന ഷുഗറും,പ്രഷറും, ഉപ്പാന്‍റെ കഷണ്ടി,കുടവയര്‍,മെല്ലിച്ച കാലുകള്‍.
ചെറിയൊരു വീടിനുള്ള ഒരുക്കങ്ങളായി.
    തറവാട് വിറ്റല്ലേ പോയത്‌, എന്നിട്ടെന്താ ഉണ്ടാക്കി തന്നത് ? പെങ്ങന്‍മാരുടെ ചോദ്യത്തിന് മറുപടി പറയാനില്ലായിരുന്നു. അവരെല്ലാം സൗകര്യപൂര്‍വ്വം മറക്കാന്‍ പഠിച്ചിരിക്കുന്നു. ഇപ്പോഴും എന്‍റെ സ്വപ്‌നങ്ങള്‍ ബാക്കി നില്‍ക്കുന്നു. സ്വപ്നങ്ങളെങ്കിലും ഇല്ലായിരുന്നുവെങ്കില്‍.............
   
     

മെഡല്‍


കറന്റില്ല, ഫ്രിഡ്ജില്ല, വെള്ളമില്ല, ഗ്രൈന്‍ററില്ല....... ഏതോ പരസ്യ വാചകം ചൊല്ലുകയാണ് പ്രിയതമ. അത്താഴം ഹോട്ടലില്‍ നിന്നും വാങ്ങണം.
ഈയുള്ളവന്‍ ബഡ്ജറ്റ്‌ രണ്ടറ്റവും മുട്ടിക്കുമ്പോഴേക്കും ഇങ്ങനെ ഓരോ മാരണം വന്നു കയറും.
ഞാന്‍ ധൃതിയില്‍ ബൈക്കെടുത്തു.....

മോന്‍റെ കാര്യം മറക്കണ്ടാ അവള്‍ പിന്നില്‍ നിന്നും വിളിച്ചു കൂവുന്നു.
ബീഫും പൊറോട്ടയും വാങ്ങി.വഴിയിലെ പെട്രോള്‍ പമ്പില്‍ നിന്നും അത്യാവശ്യത്തിന് ബൈക്കിനുള്ള ഫുഡും കൊടുത്തു.

പലിശക്കാരനെയും, പാല്‍ക്കാരനെയും കാണണം, ഒരു മാസത്തെ അവധി കൂടി ചോദിക്കണം.

എന്നാണാവോ ഈ ശമ്പളം ഒന്ന് കൂടുന്നതും ബീവറേജിന്‍റെ വിലകുറയുന്നതും...?

ദൈവമേ നാളെയും ആരെങ്കിലും കൈമടക്ക് തരണേ....(കൈക്കൂലി വേണ്ടേ വേണ്ട).കാണിക്ക വഞ്ചിയില്‍ അഞ്ചു രൂപ ഇടാമേ.........

വീട്ടില്‍ എത്തിയപ്പോഴാണ് ബൈക്കിന്‍റെ പിന്നിലെ ചെറിയ പെട്ടി ഓര്‍ത്തത്‌.
സര്‍ക്കസ്സഭ്യാസിയെപ്പോലെ ബൈക്ക്‌ തിരിച്ചു.

പെട്രോള്‍ പമ്പ് അടച്ചിരിക്കുന്നു..പോലീസുകാരും നാട്ടുകാരുമൊക്കെക്കൂടി ഒരു ആള്‍ക്കൂട്ടം.എന്തോ ഒരു പന്തികേട്!!

ചേട്ടാ എന്‍റെ ഒരു പെട്ടി കിട്ടിയോ?

സാറെ ആള്‍ എത്തി, ഇവന്‍ തന്നെ ലവന്‍, പെട്രോള്‍ പമ്പിലെ പയ്യന്‍ എന്‍റെ നേരെ വിരല്‍ചൂണ്ടി.

പിടിയെടാ ആ കഴുവേറീടെ മോനെ. വല്യ ഏമാന്‍ പറഞ്ഞ് നാക്ക് അകത്തിട്ടില്ല. മറ്റുള്ളവര്‍ എന്നെ പുഷ്പം പോലെ പൊക്കി.

ചെമ്പരത്തിപ്പൂവിന്‍റെ കണ്ണുള പോലീസുകാരന്‍ സൗജന്യമായി കൂമ്പിനിട്ടു നാലെണ്ണം തന്നു.....എന്‍റെ പാന്‍റ്സ് നനഞ്ഞോ...?
എടുക്കെടാ ലൈസന്‍സ്‌.., നിന്‍റെ പേര് തന്നെ ഒരു തീവ്രവാദിയുടെതാ....നീ ഏതു ഭീകരസംഘടനയുടെ ഏജന്റാ...?
ആരു പറഞ്ഞിട്ടാ ബോംബു വച്ചത്? വേറെ എവിടെയൊക്കെ വെച്ചിട്ടുണ്ടെടാ..?

ചോദ്യങ്ങളുടെ ഒരു പേമാരി...

ഓരോ ചോദ്യത്തിനും ലാത്തി എന്‍റെ വയറ്റത്ത് കൃത്യമായി കുത്തുന്നു....

സാറെ..ഞാന്‍....ഞാന്‍.....തൊണ്ടയില്‍ വെള്ളം വറ്റുന്നു, കണ്ണില്‍ ഇരുട്ടു കയറുന്നു.. ഐസും കൊള്ളി പോലുള്ള എന്നെ കണ്ടിട്ടാ ഈ കാലമാടന്മാര്‍ തീവ്ര വാദി എന്നു പറയുന്നത്!!!

“ഞങ്ങള്‍ തക്ക സമയത്ത് എത്തി. ആ ബോംബ്‌ കുളത്തില്‍  താഴ്ത്തി.” “ഇല്ലെങ്കില്‍ ഇവിടെയാകെ കുട്ടിച്ചോറായേനെ”.
“എല്ലാര്‍ക്കും പോലീസിനെ പുച്ഛമാ... എന്നാല്‍ എല്ലാത്തിനും ഈ ഞങ്ങള്‍ തന്നെ വേണം”.....

ഇത്തവണ സര്‍വ്വീസില്‍ നിന്നും ധീരതയ്ക്കുള്ള തങ്കപതക്കം കിട്ടും എന്ന പ്രതീക്ഷയില്‍ വല്ല്യ ഏമാന്‍ ഉച്ചത്തില്‍ കാച്ചി വിടുന്നു......

“സാറെ...സാറെ...”

“നീ മിണ്ടിപ്പോകരുത്”. അയാള്‍ കണ്ണുരുട്ടി.

രണ്ടും കല്‍പ്പിച്ച് ഞാന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു.

“സാറെ അത് എന്‍റെ മോനുവാങ്ങിയ കമ്പ്യൂട്ടര്‍ ഗെയിമും വലിയൊരു കളിതോക്കുമാണ്.” ബൈക്കില്‍ നിന്നും അറിയാതെ വീണതാ. അല്ലാതെ ഞാനൊരു തീവ്രവാദിയല്ല സാറെ.
വെള്ളത്തില്‍ താഴ്ത്തിയില്ലേ..ഇനിയത് കൊള്ളത്തില്ല..

എന്‍റെ നഷ്ടം ഏമാന്‍റെ മെഡലുമായി തട്ടിച്ചു നോക്കുമ്പോള്‍ തുച്ഛം.....പാതി നനഞ്ഞ പാന്‍റ്സുമായി ഞാന്‍ വേച്ചു വേച്ച് ബൈക്കില്‍ കയറി..നാളെത്തന്നെ എന്‍റെ പേര് മാറ്റണം എന്നൊരു തീരുമാനത്തോടെ....

വാല്‍ക്കഷ്ണം: വരാനുള്ളത് അര്‍ദ്ധരാത്രിയാണേലും ഏമാന്‍റെ രൂപത്തില്‍ വരും.






  


2011, ഏപ്രിൽ 20, ബുധനാഴ്‌ച

ഗസല്‍

സൗദിയില്‍ അല്‍ ജൌഫില്‍ ഉണ്ടായിരുന്ന കാലത്താണ് ഞാന്‍ സയ്യിദുമായി  പരിചയപ്പെടുന്നത്.സുമുഖനും കുലീനതയുമുള്ള സ്വദേശി ചെറുപ്പക്കാരന്‍ .
അന്നൊക്കെ അറബി മാസം പതിനാലിന് ഞങ്ങള്‍ മരുഭൂവില്‍ പോകും.വെളുക്കാറാവുംബഴേ മുറിയില്‍  തിരിച്ചെത്തൂ .
രാത്രി എട്ടു മണിയോടെ അവന്‍ വാഹനവുമായി എത്തും.ദോമത്ത്‌ അല്‍ജന്‍ദലിലെ തടാകവും കഴിഞ്ഞു മരുഭൂമിയുടെ ഉള്ളിലോട്ട് .....
വാഹനത്തിന്‍റെ ചക്രത്തിലെ കാറ്റ് കളഞ്ഞ് കന്യകമായ മരുഭൂമിയുടെ ഹൃദയത്തിലേക്ക് .....
പകല്‍ മരുഭൂമി ചുട്ടു പൊള്ളുന്നതാണെങ്കിലും രാത്രി അത് തണുക്കും,സൂചി കുത്തുന്നത് പോലുള്ള തണുപ്പ്.
വണ്ടിയില്‍ നിന്നും വിറകെടുത്തു തീ കൂട്ടും
ചായ,ഗഅവ,ജിന്‍ജബീര്‍ (പച്ച ഇഞ്ചി ചതച്ചു പഞ്ചസാരയിട്ട് തിളപ്പിചെടുത്തത്)എന്നിവ തിയ്യിനരികെ വെയ്ക്കും.
ഞാന്‍ ഫിഞ്ചാലിലേക്ക് ഗഅവ പകരുന്നിതിനിടയില്‍ സയ്യിദ്‌ അവന്‍റെ ആത്മാവായ സംഗീതോപകരണം ഉഹാദ്‌ എടുത്തു വരും
ഏതോ രാപ്പാടി അതിന്‍റെ ഇണയെ തേടി കരഞ്ഞ് കരഞ്ഞ് പറന്നു പോകുന്നത് കേള്‍ക്കാം.
ഉഹൂദിന്‍റെ നേര്‍ത്ത ശബ്ദത്തില്‍ അവന്‍ ഗസല്‍ ആലപിക്കാന്‍ ആരംഭിക്കും.മധുരമുള്ള ശബ്ദത്തില്‍..
ഭൂതകാലത്ത്,യുഗങ്ങള്‍ക്കും അപ്പുറത്ത് സയ്യിദ്‌ ഒരു ഗന്ധര്‍വ്വനായിരുന്നു പോലും.ഏതോ ഒരു തെറ്റിന് ദൈവം ശിക്ഷ വിധിച്ചു.ഭൂമിയിലേക്ക്‌ പോയി ഒരു മനുഷ്യായുസ്സ് ജീവിച്ചു തീര്‍ക്കുക.ആദമിനെപ്പോലെ, ആദമിന് കൂട്ടിനു ഹവ്വ ഉണ്ടായിരുന്നു.ഇവിടെ സയ്യിദ്‌ ഏകനായി മാത്രം.പതിനാലാം രാവില്‍ അവന്‍റെ പ്രേയസിയെ ഭൂമിയിലേക്ക്‌ വിടും.പ്രിയനെ കാണാന്‍,പുലരുന്നതിനു  മുന്‍പ് അവള്‍ തിരിച്ചെത്തണം എന്ന വ്യവസ്ഥയില്‍. ഭൂമിയില്‍ അവന്‍ ഒരു മെഴുകുതിരി പോലെ കത്തിത്തീരുന്നു...വീണ്ടും കാത്തിരിപ്പ്‌....അടുത്ത പതിനാലാം രാവിനു വേണ്ടി....ഒരു വേഴാമ്പലായ്.......
ഞാന്‍ അവന്‍റെ പാട്ട് കേട്ട് പൂഴി മണലില്‍ ആകാശത്തേക്ക് നോക്കി കിടക്കും.അപ്പോള്‍ അവന്‍ നഷ്ട്ട വേദനയില്‍ ഒരു ഹംസ ഗാനം കണക്കെ പാടുകയാണ്.......
നിലാവ് പെയ്യുന്ന രാവില്‍,അവനെ കാണാനും പാട്ട് കേള്‍ക്കാനും പ്രിയതമ നേര്‍ത്ത തെന്നലിന്‍റെ  തേരില്‍ കസ്തൂരിയുടെ സൗരഭ്യം വിതറി വിണ്ണില്‍ നിന്നും പറന്നിറങ്ങും...
അവളുടെ ചൂടുള്ള നിശ്വാസം അവനില്‍ എത്തുന്ന അത്രയും അരികില്‍  വന്നിരിക്കും.തൊട്ടാല്‍ ശിക്ഷയുടെ കാലാവധി നീട്ടും എന്നാണത്രേ!!! നീലക്കണ്ണ്‍കളില്‍ സാഗരം ഒളിപ്പിച്ചു വെച്ച് മുന്തിരി വിളയുന്ന വിറയ്ക്കുന്ന ചുണ്ടുകളുമായി.....കാര്‍മേഘം പോലുള്ള ചുരുണ്ട് നീണ്ട കൂന്തല്‍ കാറ്റില്‍ പറത്തി...വെളുത്തു നേര്‍ത്ത വസ്ത്രത്തില്‍ മണല്‍ പറ്റാതിരിക്കാന്‍ അല്പം ഉയര്‍ത്തി പിടിക്കുമ്പോള്‍ കണങ്കാലിലെ പച്ച ഞരമ്പുകള്‍ കാണാം..  ദുഃഖവും,ആശയും നിരാശയുമൊക്കെ കൂടിക്കലര്‍ന്നു തിമിര്‍ത്ത ആടുന്ന തുടിക്കും ഹൃദയത്തോടെ അവള്‍ സയ്യിദിന്‍റെ പാട്ട് കേള്‍ക്കും.....പുലരും വരെ....
             _______________________________________
ഇത് സയ്യിദിന്‍റെ വിശ്വാസമോ, സത്യമോ, മിഥ്യയോ ആവട്ടെ.. ഭാഷയറിയാത്ത ഞാന്‍ ആ തണുപ്പില്‍ ഗസല്‍ ആസ്വദിച്ചു.കരളില്‍ നിന്നും വാക്കുകളെടുത്തു വിരഹത്തിന്‍റെ എല്ലാ തീവ്രതയോടും കൂടി പാടിയ ആ ഗസലുകള്‍ ഇന്നും എന്‍റെ ഓര്‍മ്മയില്‍ കത്തുന്നു...അല്ല, പെയ്തിറങ്ങുന്നു...
ഞാന്‍ ഏറെ ഗസലുകള്‍ കേട്ടിട്ടുണ്ട്,എന്നാല്‍ സയ്യിദിന്‍റെ ഗസലിന്‍റെ അലകള്‍ക്കടുത്തെത്താന്‍ അവയ്ക്കൊന്നും ആയിട്ടില്ല.

ഒരു കത്ത് പാട്ടിന്റെന നൊമ്പരം പോലെ

ഉമ്മാന്‍റെ കോന്തലയില്‍ തൂങ്ങി നടന്നിരുന്ന കാലത്ത് , ഒരു ദിവസം തൊട്ടടുത്ത വീട്ടിലെ പ്രായം ചെന്ന സ്ത്രീ വന്നു സംസാരിച്ചത് ഇന്നും ഓര്‍മ്മയില്‍ മാറാല കെട്ടാതെ കിടക്കുന്നു....ഒരു കത്ത് പാട്ടും അതിലെ വികാരനിര്‍ഭരമായ വരികള്‍ അവരെ കരയിപ്പിച്ചതുമായിരുന്നു വിഷയം.
ജമീലിനെ പരിചയപ്പെടുന്നത് നല്ല മഴയുള്ള ഒരു ദിവസമായിരുന്നു.ഉച്ച കഴിഞ്ഞു ചന്തക്കുന്നിലുള്ള അദേഹത്തിന്‍റെ വീട്ടില്‍ എത്തി.വന്ന ഉദ്ദേശം അറിയിച്ചു.ഒരു നിറഞ്ഞ ചിരിയോടെ അകത്തേക്ക് ക്ഷണിച്ചു.വീട്ടുകാര്‍ ബന്ധു വീട്ടില്‍ പോയതിനാല്‍ ജമീല്‍ തനിച്ചായിരുന്നു അവിടെ.
പൂമുഖത്തെ തിണ്ണയില്‍ ഹാര്‍മോണിയവുമായി ജമീല്‍ ഇരുന്നു.ഞാന്‍ കസേരയിലും.തലയ്ക്കു മഹൂദിന്‍റെ ഗസലും,ഗസലിന് തുണയായി മഴയും.എത്ര നല്ല നിമിഷങ്ങളായിരുന്നു അത്....
സ്വാതന്ത്ര്യ സമര സേനാനിയും, അലോപ്പതി ഡോക്ടറും,ഗായകനും,ചിന്തകനുമായ മൗലാനാ സയ്യിദ്‌ മുഹമ്മദ്‌ ജലാലുദീന്‍ ശത്താരിയുടെ ആറു മക്കളില്‍ മൂന്നാമനായിരുന്നു എസ് എ ജമീല്‍.തഞ്ചാവൂര്‍ക്കാരിയായ ആയിഷാ ബീവിയാണ് ഉമ്മ.ജന്മനാ തന്നെ ഒരു പാട് കഴിവുകള്‍ കിട്ടിയിരുന്നു ജമീലിന്.വീട്ടിലെ ചവിട്ടു ഹാര്‍മോണിയത്തില്‍ നിന്നും ഉപ്പാന്‍റെ ഗസലും ഖവാലിയും പാടിപഠിച്ചു.പിന്നീട് സ്വന്തമായി ഒരു രീതി തന്നെ ജമീല്‍ നെയ്തെടുത്തു എന്ന് പറയുന്നതാവും കൂടുതല്‍ ശരി.



ഡോക്ടര്‍ ഉസ്മാന്‍, ഇ.കെ അയമു എന്നിവരുടെ സൗഹൃദം നാടകത്തിലും സിനിമയിലും എത്തിച്ചു. ഇജ്ജ്‌ നല്ലൊരു മന്സനാകാന്‍ നോക്ക് എന്നതായിരുന്നു ആദ്യത്തെ നാടകം. ലൈലാ മജ്നു, പുതിയ ആകാശം പുതിയ ഭൂമി, മുടിയനായ പുത്രന്‍ എന്നിവയില്‍ പാടി. ലൈലാ മജ്നു എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. പ്രാഥമിക വിദ്യാഭ്യാസവും,ജീവിതാനുഭവങ്ങളും, വായനയും മാത്രമായിരുന്നു കൈമുതല്‍.
    ഉറുദു,ഇംഗ്ലീഷ്,അറബി,ഹിന്ദി എന്നീ ഭാഷകള്‍ അറിയുന്നതിനാല്‍ ഗാനങ്ങള്‍ എഴുതാന്‍ എളുപ്പം കഴിഞ്ഞിരുന്നു.എന്നാല്‍ ഒരിക്കലും മറ്റുള്ളവര്‍ക്ക് വേണ്ടി എഴുതി പണം വാങ്ങിയിരുന്നില്ല.ഏറ്റവും ഇഷ്ടമുള്ള ഗായകന്‍ തലത്ത് മഹ്മൂദ് തന്നെയായിരുന്നു.
    അദേഹത്തിന്‍റെ ഗാനങ്ങളില്‍ എല്ലാ ഭാവങ്ങളും ഉള്ളതോടൊപ്പം സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ ലളിതവുമായിരുന്നു.മറ്റുള്ളവരില്‍ നിന്നും വേറിട്ട്‌ ചിന്തിച്ചിരുന്ന ജമീല്‍ തീര്‍ത്തും ഒരു മനുഷ്യ സ്നേഹി കൂടിയായിരുന്നു. പരന്ന വായനയും ആഴത്തിലുള്ള ചിന്തയും ആ രചനകളില്‍ തെളിഞ്ഞു കാണാം.
    ഈ ദുനിയാവെന്ന മസ്ജിദില്‍ ഇന്നിതാ.....
    ഈദ്‌ നമസ്കാരം തുടങ്ങീ............
    ..............................................
    പലകോടി മരങ്ങളും മലകളും മൗനമായ്‌.......
    സ്വഫ് സ്വഫ്ഫായ്‌ നിന്നു നമസ്കരിച്ചു.....
എന്ന വരികളില്‍ അമൂര്‍ത്തമായ പരാഗപ്രവേശം(PERSONIFICATION) പ്രതിഫലിക്കുന്നുണ്ട്.
മതത്തിന്‍റെ പേരില്‍ ചൂഷണത്തിന് വിധേയമാകുകയും, അന്ധവിശ്വാസത്തിന്‍റെ ചങ്ങലകളില്‍ കുടുങ്ങിപ്പോവുകയും ചെയ്ത ഒരു സമൂഹത്തിന്‍റെ നേര്‍ക്കുള്ള തുറക്കുന്ന ഒരു ചോദ്യമാണ്...
    നിങ്ങള്‍ക്കൊരല്ലാഹു പോരേ....
    നിങ്ങള്‍ക്കൊരല്ലാഹു മാത്രമതു പോരേ?.........
ഏകദൈവ വിശ്വാസ (തൗഹീദ്‌) ത്തെ വാഴ്ത്തുന്ന കവി
നാഥാ നിന്‍ കാരുണ്യം നദികളായ് തീരുന്നു.
നാടു നീളെ വൃക്ഷലദാദികളായ് തീരുന്നു.
മണ്ണായ ഞാന്‍ മണ്ണില്‍ മനുഷ്യനായ്‌ പിറക്കുമ്പോള്‍..
മാതാവിന്‍ മാറിലമ്മിഞ്ഞ പാലായ്‌ ചുരത്തുന്നു..
നാഥാ............ജഗന്നാഥാ..........
എന്നാ ഗാനം കേള്‍ക്കുമ്പോള്‍ സര്‍വ്വവും ദൈവത്തില്‍ സമര്‍പ്പിച്ച്, ഈമാനും (വിശ്വാസം) ശുദ്ധ സംഗീതവും ഒരു മാലയില്‍ കോര്‍ത്ത്‌ ആസ്വാദകര്‍ക്ക് നല്‍കുന്ന ജമീലിനെയാണ് നമ്മള്‍ കാണുന്നത്. ഒരു യാഥാസ്ഥിതിക ചുറ്റുപാടില്‍ നിന്നും വന്ന്, മലപ്പുറം ജില്ലയുടെ അറ്റത്തു നിന്നും തിരി തെളിയിച്ച്, സ്വപ്രയത്നം കൊണ്ട് മാത്രമാണ് ഗാനരചയിതാവ്, ഗായകന്‍, ചിത്രകാരന്‍, നടന്‍, പ്രാസംഗികന്‍, സൈക്കോ തെറാപ്പിസ്റ്റ്‌ എന്നീ കഴിവുകള്‍ ഉണ്ടാക്കിയെടുക്കാനായത്.
ഗവര്‍മെന്‍റ് 2003’- ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്‌ നല്‍കി ആദരിച്ചു.
ജമീല്‍ എന്നോട് തുടര്‍ന്നു.........
സുഹൃത്തായ എം പി അബ്ദുല്‍ വഹാബിന്‍റെ ക്ഷണം സ്വീകരിച്ചാണ്  അബൂദാബി പ്രോഗ്രാമിനായ്‌ കപ്പല്‍ കയറുന്നത്. എന്തെങ്കിലും ഒരു പ്രത്യേകത പ്രേക്ഷകര്‍ക്ക്‌ നല്‍കണം എന്ന വിചാരം ഉണ്ടായിരുന്നു ഉള്ളില്‍.ആ സമയത്താണ് ഭാവന വന്നത്!!. ഏറനാട്ടിലെ സാധാരണക്കാരില്‍ സാധാരണക്കാരിയായ പെണ്‍കുട്ടി, ഒരു കുട്ടിയുള്ള അവളുടെ എല്ലാ വികാരങ്ങളും സ്വപ്നങ്ങളും ചേര്‍ത്ത് എഴുതി, ഏഴാം കടലിന്നക്കരെയുള്ള മാരന്........ ഒരു ദുബായ് കത്ത് രൂപത്തില്‍.........ഭര്‍ത്താവിന്‍റെ സാമീപ്യം കൊതിച്ച് ഉരുകിത്തീരുന്ന അവളുടെ വരികള്‍ ഇന്നും ഏതു ഗള്‍ഫുകാരന്‍റെയും ഉള്ളില്‍ തീ കോരിയിടുന്നു, അണയാത്ത തീ...........
    ഇരട്ടക്കുഴല്‍ തോക്കില്‍ നിന്നും ഉയര്‍ന്ന വെടിയുണ്ട അവന്‍റെ നെഞ്ചു പിളര്‍ത്തിയാലും അവന്‍ ആ പാട്ട് ഇഷ്ടപ്പെട്ടു, നെഞ്ചിലേറ്റി. അച്ചടിച്ച പുസ്തകങ്ങളേക്കാളും പ്രതി,വിറ്റ കാസറ്റിനെക്കാളും ആസ്വാദകരെ സൃഷ്ടിച്ചു......നീറ്റലോടെ......പാട്ട് ഇറങ്ങിക്കഴിഞ്ഞപ്പോള്‍ അതിന്‍റെ മറുപടിക്കായ്‌ ആളുകള്‍ അന്വേഷിക്കാന്‍ തുടങ്ങി.......നിര്‍ബന്ധിച്ചു......മറ്റൊരു കത്തു പാട്ടും കൂടി ജന്മമെടുത്തു. കത്തിനു മറുപടി......ആദ്യത്തെ കത്തിന്‍റെ പിറവി കപ്പലില്‍ ആയിരുന്നുവെങ്കില്‍, മറുപടി സ്വന്തം വീട്ടില്‍ ഇരുന്നാണ് ജമീല്‍ പടച്ചത്.
    കത്തു പാട്ടുകള്‍ പലരും എഴുതി...പാടി, എന്നാല്‍ എസ്.എ ജമീലിന്‍റെ ദുബായ് കത്ത് ജീവനോടെ നമ്മുടെ ഇടയില്‍ കരുത്തോടെ നിലനില്‍ക്കുന്നു.
    കഴിഞ്ഞ വര്‍ഷം ജമീലിന്‍റെ സഹോദരന്‍ ഷാജി ജിദ്ദയില്‍ മകളെ സന്ദര്‍ശിച്ചപ്പോള്‍ ജിദ്ദ മലയാളികള്‍ ഒരു സ്വീകരണം നല്‍കി. ആ സ്വീകരണത്തില്‍ അധികവും ആളുകള്‍ ആവശ്യപ്പെട്ടത് കത്ത് പാട്ടായിരുന്നു.അടുത്ത വര്‍ഷം ഇക്കാക്കയുമായി ട്രൂപ്പിന്‍റെ കൂടെ വന്ന് ഒരു പരിപാടി നടത്താം എന്ന് ഷാജി ഞങ്ങള്‍ക്ക് വാക്ക് തന്നിരുന്നു. മലബാറിന്‍റെ, നിലമ്പൂരിന്‍റെ ശബ്ദവും ചിന്തയും വിശ്വത്തോളം എത്തിച്ച എസ്.എ ജമീലിന്‍റെ വരവിനായ്‌ ഞങ്ങള്‍ കാത്തിരുന്നു.
    പ്രിയപ്പെട്ട ജമീല്‍,,,,, നിങ്ങള്‍ ദേഹം കൊണ്ടേ ഞങ്ങളില്‍ നിന്നും അകന്നിട്ടുള്ളൂ......അങ്ങയുടെ ഓര്‍മ്മകളും ഗാനങ്ങളും ഇവിടെ അമരത്വമായ്‌ നിലനില്‍ക്കുന്നു.

2011, ഏപ്രിൽ 18, തിങ്കളാഴ്‌ച

മീശ വടിച്ചാല്‍?

കോഴിക്കോട്ട്‌ പോയാല്‍ കുറച്ചു ഹലുവ വാങ്ങല്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ്.
സാധനങ്ങള്‍ വാങ്ങി പാളയം ബസ്‌സ്റ്റാന്‍ഡില്‍ എന്‍റെ ബസ്സിന്‍റെ ഊഴവും കാത്തു നില്‍ക്കുന്നു ഈയുള്ളവന്‍.
ഒരു കിളവന്‍ കാക്ക വന്നു വയനാട്ടില്‍ ചെന്ന് വില പറയാൻ വേണ്ടി കുരുമുളക് വള്ളിയിലേക്ക് നോക്കുന്ന പോലെ എന്നെ അടി മുതൽ മുടി വരെ ഒന്ന്  നോക്കി.......പിന്നെ അടുത്ത് വന്നു ചോദിച്ചു...
“പാളയത്ത് എനിക്കൊരു റൂമുണ്ട്.വിശ്രമിച്ചു പോയാല്‍ പോരെ?”
എനിക്ക് ഉള്ളില്‍ ചിരി വന്നു.
ജോസ്‌ പ്രകാശിന്‍റെയും,ബാലന്‍ കെ നായരുടെയും പോലെയുള്ള  ഒരു വില്ലന്‍ നോട്ടം നോക്കിയപ്പോള്‍ അയാള്‍ ആള്‍ക്കൂട്ടത്തില്‍ മുങ്ങി...
പിന്നെ ഞാന്‍ മീശ വടിക്കാറേ  ഇല്ല.പ്രത്യേകിച്ചും കോഴിക്കോട്ട് പോകുമ്പോൾ...

2011, ഏപ്രിൽ 13, ബുധനാഴ്‌ച

മാഹിക്കാരി..

കോഴിക്കോട് ടൌൺ, നരച്ച ഒരു പകൽ ഉച്ചയോടടുക്കുന്നു..,സൂര്യദേവനെ
യ്യുന്ന അസ്ത്രങ്ങൾ റോഡിൽ വീണു തിളച്ച് തുടങ്ങി,ചൂട് ശക്തി പ്രാപിക്കുകയാണു..ഞാൻ തൊട്ടടുത്ത് കണ്ട ഒരു ബുക്ക് സ്റ്റാളിലേക്ക് കയറി..,എണ്ണിച്ചുട്ട അപ്പങ്ങൾ കണക്കെ ആഴ്ചയിലൊരിക്കൽ വീണു കിട്ടുന്ന അവധി ആഘോഷിക്കാൻ ഇത്തിരി പുസ്തകങ്ങൾ കൂട്ടിനായി കരുതുക എന്നത് ഇപ്പോൾ ഒരു പതിവായിരിക്കുന്നു..,  വിശപ്പാണെങ്കിലോ ഒരു ആനയെകിട്ടിയാൽ ഇപ്പോൾ തന്നെ അകത്താക്കും എന്ന രീതിയിലും, ഇതും  കൂടി കഴിഞ്ഞിട്ടാകാം എന്ന് കരുതി തിരക്കിട്ട് ഞാൻ പുസ്തകങ്ങൾ ചികയുകയാണ്..

അപ്പോഴാണു  ഞാനത് ശ്രദ്ധിച്ചത്.., ഒരു പുള്ളിക്കുടയും  ചൂടി മഞ്ഞയും റോസും കലർന്ന മിഡിയും ടോപ്പും ധരിച്ച് ഒരു വിദേശ വനിത ബുക്ക് സ്റ്റാളിലേക്ക് കടന്ന് വരുന്നു..,അവർ മറ്റാരെയും ശ്രദ്ധിക്കാതെ എന്റെ അടുത്ത് കൂടേ കടന്ന് പോയി കുറച്ചപ്പുറത്ത് നിന്ന് ഏതൊക്കെയോ പുസ്തകങ്ങൾ സാവധാനം തിരയുകയാണ്.., എനിക്കെന്തോ ഒരു കൌതുകം തോന്നി, ഞാൻ അവരെയൊന്നാകെയൊന്ന് വീക്ഷിച്ചു.,ഏകദേശം എഴുപതിനോടടുത്ത പ്രായം.., ഗോതമ്പുമണിയുടെ നിറം, മുഖത്തെ ചുളിവുകൾ തെളിഞ്ഞാലും ഒരു കുലീനതയുണ്ട്, ചെറുതായി ചായം തേച്ച് പിടിപ്പിച്ച ചുണ്ടുകൾ..,മെലിഞ്ഞ ശരീരം .,  ഇടയ്ക്കെപ്പോഴോ ഞങ്ങളുടേ കണ്ണുകൾ തമ്മിലുടക്കി, അവർ എന്നെ നോക്കി പുഞ്ചിരിച്ചു., ഹ്രദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള ഒരു പുഞ്ചിരി ഞാനും അവർക്ക് സമ്മാനിച്ചു..

.,ആ പുഞ്ചിരി പിന്നീട് ഒരു പരിചയപ്പെടലിലേക്ക് വഴി മാറി.,ആൻ  അതാണവരുടേ പേര്.,അവർക്ക് എഴുപത് വയസ്സായെന്ന് പറഞ്ഞപ്പോൾ സത്യത്തിൽ ഞാൻ അമ്പരന്നു.., ഈ എഴുപതിലും ഇത്ര സുന്ദരിയായ ഇവർ നല്ല പ്രായത്തിൽ എത്ര പേരുടെ മനം കവർന്നിട്ടുണ്ടാവും..,ഞാൻ മനസ്സിൽ ചോദിച്ചു.,

മദാമ്മ കൈ പിടിച്ച് കുലുക്കിയപ്പോൾ അവരുടേ ആരോഗ്യം ഞാൻ അളന്നു..,കുശല സംഭാഷണങ്ങൾക്ക് ശേഷം ഞാൻ ഒന്ന് രണ്ട് പുസ്തകങ്ങൾ സെലക്റ്റ് ചെയ്ത് പണമടക്കാൻ  കൌണ്ടറിലേക്ക് പോയി.., അവരും  ഏതോ ഒരു ഇംഗ്ലീഷ് വാരികയും  കയ്യിൽ പിടിച്ച് കൌണ്ടറിലെത്തി.., പണം ഞാൻ കൊടുത്തോളാം എന്ന് പറഞ്ഞപ്പോൾ ഒരു പുഞ്ചിരിയോടേ അവർ അത് നിരസിച്ചു..,
ഞങ്ങൾ ഒന്നിച്ച് പുറത്തിറങ്ങി.,
വിരോധമില്ലെങ്കിൽ നമുക്ക് ഇത്തിരി നേരം സംസാരിച്ച് കൊണ്ടിരിക്കാം..എന്റെ ഓഫർ അവരെ അത്ഭുതപ്പെടുത്തി.എന്ന് അവരുടെ മുഖഭാവത്തിൽ  നിന്നും എനിക്ക് മനസ്സിലായി .തിരക്ക് പിടിച്ച ഈ നഗരത്തിൽ പരസ്പരം ഒന്ന് ഉരിയാടാനോ എന്തിനധികം ഒന്ന് ചിരിക്കാനോ കഴിയാതെ ഒഴുക്കിനൊപ്പം ഒഴുകി ഒഴുകി എവിടെങ്ങെളിലെക്കെയൊ എത്തിച്ചേർന്ന് അടിഞ്ഞ് കൂടുന്ന എത്രയോ അപരിചിത മുഖങ്ങൾക്കിടയിൽ എന്നിലെന്തെങ്കിലും പ്രത്യേകത അവർക്ക് തോന്നിക്കാണണം... എന്റെ ക്ഷണം അവർ സന്തോഷത്തോടേ സ്വീകരിച്ചു, ഒരു പക്ഷേ ഞാൻ അങ്ങനെയൊന്ന് ചോദിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചിരിക്കുകയായിരുന്നോ ...അവർ .. നടന്ന് നടന്ന് ഞങ്ങൾ മാനാഞ്ചിറയിലെത്തി..,അവിടെ ഒരു ചാഞ്ഞ മരത്തിന്റെ തണലിൽ കൈവരി ഒരു വശം പൊട്ടിപ്പോയ ഒരു ചാരു ബഞ്ചിൽ ഞങ്ങൾ ഇരുന്നു..

ഒരു പാട് കാലം മുമ്പ് നഷ്ടപ്പെട്ട ഒരു സുഹ്രത്തിനെ തിരിച്ച് കിട്ടിയ സന്തോഷത്തോടെ യെന്നവണ്ണം അവർ വാതോരാതെ സംസാരിക്കുന്നുണ്ട്,. .ഫ്രഞ്ച് കലർന്ന ഇംഗ്ലീഷ് കേൾക്കാൻ നല്ല ഇമ്പം, .മാഹിയിൽ നിന്നാണവർ വരുന്നത്,   കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് വില്ല്യം ഡിസൂസ അവരെ തനിച്ചാക്കി  മറ്റൊരു ലോകത്തേക്ക് പറന്ന് പോയി, പ്രിയന്റെ ശവകുടീരത്തിനരികെ തന്നെ   അന്തിയുറങ്ങണമെന്ന ആശയിൽ ജന്മ നാടിനെ ഉപേക്ഷിച്ച് അവർ ഇന്ത്യയിൽ തങ്ങുന്നു..
മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ മരണം കാത്ത് കിടക്കുന്നു
, മക്കൾ ഇല്ല..,ആകെ ഉള്ളത് ഒരു പട്ടിയും പൂച്ചയും മാത്രം..., ഫ്രഞ്ച് പൌരത്വം ഉള്ളതിനാൽ മാസാമാസം മുടങ്ങാതെ പെൻഷൻ കിട്ടുന്നുണ്ട്,.
എല്ലാമാസവും  പെൻഷൻ കിട്ടുന്നതിനു പിറ്റേ ദിവസം കോഴിക്കോട് വരും ..ഒന്നും വാങ്ങിയില്ലെങ്കിലും മിഠായിത്തെരുവിലെ ഓരോ കടയും കയറിയിറങ്ങും .,
മിഠായിത്തെരുവിനു ജീവനുണ്ട്  എന്നാണവരുടെ ഭാഷ്യം....ആ ജീവനെ തൊട്ടറിഞ്ഞ് മനസ്സിലേക്കാവാഹിക്കാൻ  ഇതിലൂടെ അവർ നടക്കുന്നു..ഏറേ നേരം..
പരസ്പരം സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല,
അവർ എന്നെ ലഞ്ചിനു ക്ഷണിച്ചു.., ബോംബെ ഹോട്ടലിൽ, ഇതിനിടക്കെപ്പോഴോ വിശപ്പ് ഞാൻ മറന്നിരുന്നു..,എങ്കിലും സ്നേഹത്തോടെയുള്ള അവരുടെ ക്ഷണം എനിക്ക് നിരസിക്കാനായില്ല..,ചൂടുള്ള  ഓരോ മട്ടൻ ബിരിയാണി. പിന്നെ കടുപ്പത്തിലൊരു സുലൈമാനിയും..,
അത് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ “ എന്നാൽ നമുക്ക് പിരിയാം.പിന്നീട് എവിടെ വെച്ചെങ്കിലും കാണാം...എന്ന് പറയാൻ വേണ്ടി ഞാൻ തുനിഞ്ഞതാണു., പക്ഷേ വാക്കുകൾ തൊണ്ടയിലെവിടെയോ തടഞ്ഞത് പോലെ..,
തിരക്കില്ലെങ്കിൽ നമുക്ക് അല്പനേരം കടൽത്തീരത്ത് പോയി ഇരിക്കാം...അവർ എന്നോട് ചോദിച്ചു., ഞാൻ എതിരൊന്നും പറഞ്ഞില്ല ,ഇത്രയും നേരത്തെ സംസാരത്തിനിടക്ക് എനിക്ക് അവർ ആരൊക്കെയോ ആയി മാറിയിരുന്നു.., അവർ ഒരു ഓട്ടോക്ക് കൈ കാണിച്ചു., പരസ്പർം ഒന്നും ഉരിയാടാതെ ഏതാനും മിനുട്ടുകൾ, വിശാലമായ ബീച്ചിനു ഓരം പറ്റി ഓട്ടോ നിന്നു, ഞങ്ങൾ പുറത്തിറങ്ങി.,
കുഴഞ്ഞ് കിടക്കുന്ന മണൽത്തരികൾ ചവിട്ടിയമർത്തി നടകുന്നതിനിടയിൽ അവർ വീണ്ടും സംസാരിക്കാൻ തുടങ്ങി.,
ആംഗലേയ ഭാഷയിലെ മുടിചൂടാമന്നന്മാരെപ്പറ്റിയാണു സംസാരം..ഞാൻ നല്ലൊരു കേൾവിക്കാരനായി.., ചിലപ്പോൾ പതിഞ്ഞും മറ്റ് ചിലപ്പോൾ ആർത്തട്ടഹസിച്ചും വരുന്ന തിരമാലകളെപ്പോലേയാണെന്ന് അവർ സംസാരിക്കുന്നതെന്ന് എനിക്ക് തോന്നി.., ഇടക്ക് പതിഞ്ഞ ശബ്ദത്തിൽ  റോബർട്ട് ഫ്രോസ്റ്റിന്റെ ഒന്ന് രണ്ട് കവിതകൾ മനോഹരമായി അവർ എന്നെ പാടിക്കേൾപ്പിച്ചു..,
വെയിൽ ചായാൻ തുടങ്ങിയപ്പോൾ തൊട്ടടുത്ത   കടയിൽ പോയി ചായയും മധുരപലഹാരങ്ങളും കഴിച്ചു, ഇത്തവണയും പണം കൊടുക്കാൻ അവർ എന്നെ സമ്മതിച്ചില്ലെങ്കിലും ഞാൻ നിർബന്ധപൂർവ്വം പണം കൊടുത്തു..,
പിന്നെയും ഞങ്ങൾ നടത്തം തുടർന്നു..,
പിന്നീട് സംസാരം അവരെക്കുറിച്ച് തന്നെയായിരുന്നു.,
ആനിനു ഒരു ടൈം ടേബിൾ ക്രമമുണ്ട്,എന്നും അതിരാവിലെ തന്നെ എണീറ്റ് ജോഗിംഗ് ചെയ്യും.., അത് കഴിഞ്ഞ് കുളിച്ച് ഫ്രഷായി വന്ന്  ലഘുവായ ബ്രേക്ക് ഫാസ്റ്റിനു ശേഷം  നല്ല തട്ട് പൊളിപ്പൻ ഫാസ്റ്റ് സോങ്ങ്സിന്റെ അകമ്പടിയോടെ പൂക്കൾ കൊണ്ട് ഫ്ലവർ വേഴ്സ് അലങ്കരിക്കും..  ആ ദിവസം മൊത്തം ഒരു ഊർജ്ജം കിട്ടാൻ ഈ രീതി ഗുണകരമാണെന്നാണു ഇവരുടെ പക്ഷം..,, തീർന്നില്ല,
ലഞ്ചിനു മേമ്പൊടിയായും സംഗീതം വേണം . അത് അല്പം ക്ലാസ്സിക്ക് ടച്ചുള്ളതായാൽ നല്ലത്.., സംഗീതത്തിനു നമ്മുടെ ഉപബോധമനസ്സിനെ ഉദ്ദീപിപ്പിക്കാനുള്ള  കഴിവുണ്ടത്രേ...അവരുടെ വാക്കുകൾ എനിക്കെന്തോ അത്ര വിശ്വാസകരമായി തോന്നിയില്ല. എങ്കിലും ഞാനവരെ തിരുത്താൻ പോയില്ല..,സന്ധ്യാസമയം റോസാപ്പൂക്കളും മെഴുകുതിരിയും വില്ല്യമിന്റെ കല്ലറയിൽ അർപ്പിച്ച് മടങ്ങും.., അത് കഴിഞ്ഞ് നീണ്ട പ്രാർത്ഥനകൾ  ., പച്ചക്കറിയും പഴങ്ങളൂം മാത്രമുള്ള ഡിന്നറിനു ശേഷം ഒരു സ്വൽ‌പ്പം.., ഒരു പെഗ്ഗ് മാത്രം..,ആ ശീലം വില്ല്യമാണവരെ പഠിപ്പിച്ചത്, വില്ല്യമിനെക്കുറിച്ച് പറഞ്ഞപ്പോൾ അവരുടെ മുഖം നാണത്താൽ തുടുത്തിരുന്നുവോ...
പിന്നീട് വാസനയുള്ള മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തിൽ ഇമ്പമാർന്ന സംഗീതം ആസ്വദിച്ച് കുറെ നേരം കിടക്കും...,അപ്പോൾ ഒരു മാലാഖയെപ്പോലെ  വില്ല്യം അനുരാഗ വിവശനായി അവരുടെ അരികിലെത്തുമത്രേ..,എന്നിട്ടവർ ഒന്നിച്ച് സംഗീതം ആസ്വദിക്കും , ന്രത്തം ചെയ്യും., തളരുമ്പോൾ മെത്തയിൽ കിടത്തി താരാട്ട് പാടിയുറക്കും...എന്നിട്ട്  ഏതോ ഒരു ലോകത്തേക്ക് മടങ്ങും.., അകലെ ചക്രവാളത്തിൽ ചാഞ്ഞ് തുടങ്ങിയ സിന്ദൂരപ്പൊട്ടിലേക്ക്  കണ്ണ് നട്ട് അവർ പറഞ്ഞ് നിർത്തി..,
പിന്നെ ഏതാനും നിമിഷം നിശ്ശബ്ദയായി അവർ വിതുമ്പി., മൌനം ഞങ്ങൾക്കിടയിൽ വളർന്ന് പന്തലിക്കുന്നതിനു മുമ്പേ ഞാൻ പറഞ്ഞു.,
എന്നാൽ നമുക്ക് മടങ്ങാം..
അസ്തമന സൂര്യൻ കടലിൽ‌പ്പോയി ഒളിക്കാനുള്ള തയ്യാറെടുപ്പിലാണു..,
ഞങ്ങൾ തിരികെ നടന്നു.., കുറച്ചപ്പുറത്തുള്ള ബസ് സ്റ്റോപ്പിലേക്ക്.
.
മാഹിയിലേക്കുള്ള ബസ്സ് കാത്ത് ഞങ്ങൾ  നിന്നു..,വില്ല്യമിന്റെ കല്ലറയിൽ അർപ്പിക്കണം എന്ന് പറഞ്ഞ്  ഞാൻ ഒരു ബൊക്ക ചുമന്ന റോസാപ്പൂ അവർക്ക് നൽകി..,നിറഞ്ഞ കണ്ണുകളോടെ എന്നെ അണച്ച് പിടിച്ച് എന്റെ നെറ്റിയിൽ ഒരു മുത്തം തന്നു., ..
ബസ്സ് എത്തിച്ചേർന്നു., നിറകണ്ണുകൾ തുടച്ച് അവർ ബസ്സിലേക്ക് കയറി.., തിരിഞ്ഞ് നിന്ന് ,അവർകൈ വീശി ..,തിരികെ ഞാനും... ബസ്സ് അകന്നു പോയി..,തിരക്കിലെവിടെയോ അതലിഞ്ഞ് പോകുന്നത് വരെ ഞാൻ ഇമവെട്ടാതെ നോക്കി നിന്നു.., ., തിരിച്ച് നടക്കുമ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു.., ഇവർ എനിക്ക് ആരാണു..,ഞങ്ങൾക്കിടയിൽ ഒരു സൌഹ്രദം ഉടലെടുക്കാൻ എന്താണു നിമിത്തം
ഇവർ ആരാണു
.,എനിക്കെപ്പോഴും താങ്ങും തണലുമായി നിന്ന് എന്നെ ജീവനു തുല്യം സ്നേഹിച്ച എന്റെ അമ്മയായിരുന്നോ.? എന്റെ മാത്രം സ്വന്തമെന്ന് ഞാനും അവളും പറയുന്ന എന്റെ ഭാര്യയായിരുന്നോ..? അതോ ഇണങ്ങാനും പിണങ്ങാനും കുസ്രതിത്തരങ്ങൾ ഒപ്പിക്കാനും എല്ലാഴ്പ്പോഴും എനിക്കുണ്ടായിരുന്ന എന്റെ സഹോദരിയായിരുന്നോ,,?  അതോ പൊട്ടിച്ചിരിക്കുന്ന പാദസരങ്ങൾ കിലുക്കി ചെറുപ്പകാലം തൊട്ടേ എന്റെ സ്വപനങ്ങളിൽ രാജകുമാരിയായി വിലസിയ  ബാല്യകാല കളിക്കൂട്ടുകാരിയായിരുന്നോ..?ഉത്തരം കിട്ടാതെ ഒത്തിരിയൊത്തിരി  ചോദ്യങ്ങൾ അന്തരംഗത്തിൽ കിടന്ന് പിടയ്ക്കുന്നു..
എന്തൊക്കെയായാലും ജീവിതയാത്രയുടെ കുത്തൊഴുക്കിൽ എല്ലാവരാലും ഒറ്റപ്പെട്ട് പോയി വ്യത്യസ്തങ്ങളായ തുരുത്തുകളിൽ ഉരുകിത്തീരുന്ന ജീവിതങ്ങൾക്കൊന്നിനെങ്കിലും പ്രചോദനവും പ്രത്യാശയും പിന്തുണയും കാഴ്ചവെക്കാൻ ഇന്നത്തെ ദിവസം ഈ ചെറിയ ജന്മം കൊണ്ട് സാധ്യമായല്ലോ എന്ന സംത്രപ്തിയോടേ ഞാൻ നടന്നു..,
പക്ഷേ പെട്ടെന്നാണ് ഞാനതോർത്തത്,.
ഞങ്ങൾ തമ്മിൽ ഇത്ര നേരം സംസാരിച്ചിരുന്നിട്ടും പരസ്പരം ബന്ധപ്പെടാനുള്ള ഒരു ഫോണനമ്പറോ വിലാസമോ കൈമാറിയിരുന്നില്ല,
എനിക്ക് വല്ലാത്ത ഒരു നഷ്ടബോധം തോന്നി..,
അപ്രതീക്ഷിതമായി വീണു കിട്ടിയ  ഒരു സൌഹ്രദം പൊടുന്നനെ നഷ്ടമായല്ലോ എന്നാ‍ലോചിച്ചപ്പോൾ മനസ്സിനകത്തൊരു വിങ്ങൽ..
 എല്ലാ നേട്ടങ്ങളൂം എല്ലാക്കാലവും നിലനിൽക്കണമെന്ന മനുഷ്യന്റെ ആശകൾ എത്രമാത്രം ബുദ്ധിശൂന്യമാണ്.. ദൈവം ചിലത് നിശ്ചയിക്കുന്നു, അതിനനുസ്രതമായി ജീവിതം ആടിത്തീർക്കുന്ന കേവലം കളിപ്പാവകളാണു നമ്മൾ..
വെറും കളിപ്പാവകൾ..

രക്തസാക്ഷി

പുതിയ വീടിന്റെ സ്വീകരണ മുറിക്ക് പഴയ ഗ്രാമ്ഫോണ് ഒരു അല്ങ്കാരമാവുമല്ലോ എന്നു കരുതിയാണു തറവാട്ടിലെ ഉപ്പൂപ്പാന്റെ മുറി തുറന്നത്
ഏറെ കാലം അടച്ചിട്ടതിനാല് പൊടിയും മാറാലയും എമ്പാടും ഉണ്ട് 
മുറിയാകെ ഉപ്പൂപ്പാന്റെയും വല്ല്യുമ്മയുടെയും ഗന്ധം നിറഞ്ഞു നില്ക്കുന്നു ... ഓര്മകളും . 
വര്ഷങ്ങളായി സ്വരമുയര്താതെ വിശ്രമിക്കുന്ന ഗ്രാമഫോണ്‍ മൂലയില് പൊടിയും പിടിച്ചു കിടക്കുന്നു 
ഇതില് നിന്നും എത്രയോ ഗാനങ്ങളാണ് ഇന്നലെകളില്‍ പിറന്നു വീണത്!!! 
കോളേജ് അവധിക്കു ബോംബയില് നിന്നും വരുമ്പോള് മുകളിലത്തെ മുറിയിലാണ് കിടക്കാര്
രാത്രി ഏറെ വൈകിയാലും ഉപ്പൂപ്പാന്റെ മുറിയില് നിന്നും സൈഗാളിന്റെ സോജാ രാജകുമാരിയും ജബ് ദില് ഹെ ടൂട്ട് ഗയ .. എന്നിവയൊക്കെ നേര്ത്ത ശബ്ദത്തില് ഇളം കാറ്റില് എന്റെ മുറിക്കുള്ളില് ഒഴുകി എത്താറ്ണ്ടായിരുന്നു..ഞാന് അതൊക്കെ നന്നായി ആസ്വദിക്കുകയും ചെയ്തിരുന്നു 
ഉപ്പൂപ്പ ഒരു പ്രത്യേക സ്വഭാവക്കാരനായിരുന്നു.കലയേയും സാഹിത്യത്തേയും ഇഷ്ടപ്പെടിരുന്ന ആള്കുറെ നാടുകള് കണ്ടിട്ടുണ്ട്.. ഏറെ സംസ്കാരങ്ങളും
വേനല്ക്കാലത്ത് പൂര്ണ്ണ ചന്ദ്രനുള്ള ദിവസം പുഴയുടെ നടുക്കുള്ള പാറയില് ആകാശം നോക്കിക്കിടന്നു പ്രകൃതിയെ അടുത്ത് അനുഭവിച്ചരിഞ്ഞിരുന്നു. .. 
മനസ്സില് തോന്നുന്നത് കുത്തിക്കുറിക്കുന്നത് ഉപ്പൂപ്പാന്റെ ഒരു ശീലമായിരുന്നുപക്ഷെ ആരെയും അത് കാണിക്കില്ലായിരുന്നു 
ഉപ്പൂപ്പാന്റെ മുറിയിലെ ഓരോ സാധനങ്ങളും അടുക്കിപ്പെറുക്കി വയ്കുംബോഴാണ് മരപ്പെട്ടി തുറന്നു കിടക്കുന്നത് ശ്രദ്ധയില് പെട്ടത്
സൂക്ഷിച്ചു അതിലെ ഓരോ സാധനങ്ങളും എടുത്തു നോക്കി 
പണ്ടെന്നോ ഹൃദയം നിലച്ചുപോയ ഗാന്ധിവാച്ച്. ... പിന്നിക്കീറിയ കുറച്ചു വെള്ള തുണികള്... നരച്ചു നിറം പോയ തസ്ബീഹ് മാല. ... ഏറവും അടിയില് ഒരു നോട്പുസ്തകം
ഉപ്പൂപ്പാന്റെ കണക്കു പുസ്തകമായിരിക്കും.... മറിച്ചുനോക്കി
താളുകള് മറിക്കുമ്പോള് വാര്ധക്യം കാരണം പൊടിഞ്ഞു പോകുന്നു. ... 
എന്നാലും അക്ഷരങ്ങള് വ്യക്തമാണ്
ഊതി പൊടികളഞ്ഞു… ജനലിന്നടുത്തുകൊണ്ടുവന്നു വായിക്കാന് ശ്രമിച്ചു... കണക്കു പുസ്തകമല്ല ...ഉപ്പൂപ്പാന്റെ ഡയറി ! 
മറ്റൊരാളുടെ ഡയറി വായിക്കുന്നത് നല്ല ശീലമല്ലഎന്നാലും ഞാന് വായിക്കാന് തുടങ്ങി... 
ഇന്നത്തെ ദിവസം മറക്കാന് പറ്റൂല
നാലുപാടും വെടിയുടെ ഒച്ച കേള്ക്നുണ്ട്
ഉമ്മ ഇക്കാക്കനെ വാസനസോപ്പിട്ട്ട് കുളിപ്പിച്ചു പാത്തുവച്ച കുപ്പായവും തുണീം തകരപ്പെട്ടീന്നു എടുത്തു ഉടുപ്പിച്ചു
പുള്ളിയുള്ള ചീനപ്പാത്രത്തില് ചോറ് വെളമ്പിഇക്കാക്കാക് പിരിശപ്പെട്ട ചേനചാറും കൂട്ടി ഞങ്ങള്ക്ക് രണ്ടാള്ക്കും ഉമ്മ തന്നെ വാരിതന്നു
കൈ കയ്കികയ്ഞ്ഞപ്പോ ഉമ്മാന്റെ തലേലെ തട്ടം മൊകം തൊടക്കാന് തന്നു
എന്നിട്ട് ഇക്കാക്ക് ഉമ്മ കെട്ടിപ്പിടിച്ചു മുത്തം കൊടുത്തുഇന്നോടും ഇക്കാക്കാക് മുത്തം കൊടുക്കാന് പറഞ്ഞു 
ഞാനും അങ്ങനെ ചെയ്തു
ഞമ്മളെ നാട് പിടിച്ചെടുക്കാന് ബന്ന വെള്ളക്കരോട് പോയി പടവെട്ട്... വിധിണ്ടങ്ങില് നാളെ മഹ്സഹ്രയില് അന്റെ ഉപ്പാന്റെ ഒപ്പം കാണാം
സലാം പറഞ്ഞു ഇക്കാക്ക വേലിപ്പടിയും കയിഞ്ഞു പോണവരെ ഞാനും ഉമ്മേം ഉമ്മരപ്പടിമ്മല് തന്നെ നോക്കി നിന്നു
കൊറച്ചു കഴിഞ്ഞപ്പോള്‍ ഇക്കാക്കനെ താങ്ങിയെടുത്ത് അഞ്ചാര്‍ ആളുകള്‍ ഉമ്മറത്ത് കൊണ്ടുവന്നു കെടത്തി. ....മേനിയാകെ വെടികൊണ്ട് ....കുപ്പായോം തുണീം ഒക്കെ ചോരയില് മുങ്ങി ..... 
ഉമ്മ നെലോളിച്ചില്ല 
അല്ഹമ്ദുലില്ലഹ് ...ഇന്റെ കുട്ടി ശഹീദായല്ലോ.." മാത്രം പറഞ്ഞു
ഉമ്മ ഇക്കാക്കാന്റെ നെറ്റിയില് മുത്തം വച്ചുഞാനും.. 
ചോരേം വെശര്പ്പും കൂടിയ എന്തോ ഒന്ന് മുത്തം കൊടുത്തപ്പോള് എന്റെ ചുണ്ടില് തട്ടിഅതിനു ഒരു പ്രത്യേക ചൊവ!!! 
മുറ്റത്തുതന്നെ ഖബര് കുത്തിഇക്കാക്കാന്റെ മയ്യത്തടക്കി
അന്ന് ഉമ്മാന്റെ കോന്തലയില് തൂങ്ങി നടക്കണ പ്രായത്തില് ശഹീദിന്റെ അറ്തോം ആയോം അറിഞ്ഞിരുന്നില്ലല്ലോ 
........................... 
.......................... 
.......................... 
ബാക്കി ഭാഗം വായിക്കാന് കഴിഞ്ഞില്ലഉപ്പൂപ്പാന്റെ കണ്ണീര് വീണ് മഷി പടര്ന്നിരിക്കുന്നു....... 
എനിക്ക് വല്ലാതെ ശ്വാസം മുട്ടുന്ന പോലെ... ഡയറി ഞാന്‍ നെഞ്ചോടു ചേര്ത്ത് പിടിച്ചു.  
പണ്ട് വല്ല്യുമ്മ പറയുമായിരുന്നു എന്റെ പേര് ശഹീദായ വല്ല്യുപ്പാന്റെ ഇക്കാക്കാന്റെതാനെന്നു...
 
പ്രിയപ്പെട്ട വായനക്കാരെ
1921-ല്‍ രാജ്യത്തിന് വേണ്ടി ജീവന് ബലി നല്കിയ എന്റെ ഉപ്പൂപ്പാന്റെ ഇക്കാക്കാന്റെ പേര് എനിക്ക് കിട്ടിയതില് ഞാന് സന്തോഷിക്കുന്നു.... അഭിമാനിക്കുന്നു.